വീട്ടിൽ സ്റ്റെയർ എവിടെ വേണം? പടികളുടെ എണ്ണം തെറ്റിയാൽ...
Mail This Article
പടികൾ ഇടുന്നത് എങ്ങോട്ടായിരിക്കണം?
തെക്കോട്ടും വടക്കോട്ടും മുഖമായ വീടുകളാണെങ്കിൽ വീട്ടിലേക്കു കയറേണ്ടത് കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ വേണം. തെക്കോട്ടു കയറുന്നതും തെക്കോട്ടിറങ്ങുന്നതും ശരിയല്ല എന്നാണ് ശാസ്ത്രം. തെക്കുവശത്തോ വടക്കുവശത്തോ പടികൾ വച്ചാൽ ഇതിലേതെങ്കിലും ഒന്ന് വേണ്ടി വരും. അതുകൊണ്ട് പൊതുവേ പടികൾ കിഴക്കോട്ടോ പടിഞ്ഞാട്ടോ വയ്ക്കുന്നതാണ് നല്ലത്. തെക്കോട്ട് വാതിൽ വയ്ക്കുന്നതു കൊണ്ടു വിരോധമില്ല. സിറ്റൗട്ടിലുള്ള പടി കയറുന്നത് കിഴക്കുനിന്നോ പടിഞ്ഞാറു നിന്നോ ആകുന്നതാണ് അഭികാമ്യം.
പടിഞ്ഞാട്ട് ദർശനമുള്ള വീടിന്റെ സിറ്റൗട്ടിൽ നിന്നും തെക്കോട്ട് പടികൾ ഇടാമോ? എത്ര പടികൾ ഇടണം?
തെക്കോട്ട് പടികൾ ഇടുന്നതിന് വിരോധമില്ലെങ്കിലും, കിഴക്കോട്ടോ പടിഞ്ഞാട്ടോ കൂടി പടികൾ ഇടേണ്ടതാണ്. ഗൃഹപ്രവേശം മുതലായ പ്രധാന കാര്യങ്ങൾക്ക് കിഴക്കോട്ടോ, പടിഞ്ഞാട്ടോ ഉള്ള പടികൾ ഉപയോഗിക്കുകയും വേണം. പടികളുടെ എണ്ണം 2,4,6,8 എന്നിങ്ങനെയാണു വേണ്ടത്.
സ്റ്റെയറിന്റെ പടി ഏതു വശത്തായിട്ടാണു വയ്ക്കേണ്ടത്?
പടികൾ കയറുന്നത് പ്രദക്ഷിണമായിട്ടു വേണം. തെക്കോട്ടു കയറിത്തുടങ്ങുന്നത് സാധ്യമെങ്കിൽ ഒഴിവാക്കാവുന്നതുമാണ്.
ഇരുനില വീട് പണിയുമ്പോൾ ഗോവണി എവിടെ വേണം?
മധ്യത്തിലല്ലാതെയും പ്രദക്ഷിണമായി കയറാവുന്ന വിധത്തിൽ ആദ്യത്തെ സ്റ്റെപ്പ് വയ്ക്കുന്നത് തെക്കോട്ട് അല്ലാതെയും വേണം.
ഗോവണിയിലെ പടികളുടെ എണ്ണത്തിന് നിബന്ധനയുണ്ടോ?
തത്ത്വത്തിൽ പറഞ്ഞാൽ ഇരട്ടപ്പടികൾ വേണമെന്നാണു പറയുക. കാരണം മറ്റൊന്നുമല്ല മധ്യത്തിൽ വരരുതെന്നുള്ളതാണ് തത്ത്വം. ഒട്ടാകെയുള്ള ഉയരത്തിനെ ഭാഗിച്ചു കഴിഞ്ഞാൽ ഇരട്ടപ്പടികളായി വച്ചാൽ കയറ്റം ഒറ്റയാകും. അപ്പോൾ ഈ പടി ആകെയുള്ള ഉയരത്തിന്റെ മധ്യത്തിൽ വരികയില്ല. മധ്യം ഒഴിഞ്ഞാണു വരിക. പടി ഇരട്ടയായാൽ ഉയരമായി സങ്കല്പിക്കപ്പെടുന്നതിന്റെ മധ്യവും ഒഴിയും.
English Summary- Position and Number of Stairs, Vasthu Tips Malayalam