വീട്ടിൽ പോസിറ്റീവ് എനർജി വേണോ? ഇവ പ്രധാന വാതിലിനുസമീപം ഒഴിവാക്കുക
Mail This Article
ഒരു വീടിന്റെ പ്രവേശന കവാടം ആ വീടിന്റെ മുഖമാണെന്ന് പറയാം. അതിനാൽ വാസ്തുശാസ്ത്രപ്രകാരം ഓരോ വീടിന്റെയും പ്രധാന വാതിലിന്റെ ദിശയും ആകൃതിയും രൂപകൽപനയുമൊക്കെ കുടുംബത്തിന്റെ ആകെയുള്ള സന്തോഷത്തെ സ്വാധീനിക്കും. നെഗറ്റീവ് എനർജിയെ അകറ്റി നിർത്താനും പോസിറ്റീവ് എനർജിയെ അകത്തേയ്ക്ക് സ്വീകരിക്കാനും കഴിയുന്ന തരത്തിലാവണം പ്രധാന വാതിൽ ഒരുക്കേണ്ടത്.
ഭംഗി കൂട്ടാനായി നടത്തുന്ന മിനുക്കുപണികൾ ചിലപ്പോൾ പ്രതികൂലഫലമാവും നൽകുന്നത്. അത്തരത്തിൽ പ്രധാന വാതിലിന് സമീപം ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വെള്ളക്കെട്ട്
മണ്ണോ ചെളിയോ കലർന്ന വെള്ളം ഗേറ്റിനും പ്രധാന വാതിലിനും മുൻപിലായി കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വൃത്തിയില്ലായ്മ പ്രതികൂല ഊർജത്തെ ആകർഷിക്കുമെന്നതിനാൽ ഇത്തരം വെള്ളക്കെട്ടുകൾ അശുഭ സൂചകങ്ങളായാണ് വാസ്തു ശാസ്ത്രത്തിൽ കാണുന്നത്.
മുൾച്ചെടികൾ
വീടിനകത്തും പുറത്തും വ്യത്യസ്ത ഇനങ്ങളിൽപെട്ട ചെടികൾ വളർത്തുന്നത് ട്രെൻഡാണെങ്കിലും പ്രവേശന കവാടത്തിന് സമീപത്തായി മുൾച്ചെടികൾ സ്ഥാപിക്കാതിരിക്കുന്നതാണ് ഉചിതം. അത്ര സുഖകരമല്ലാത്ത ഗന്ധം പരത്തുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളും ഒഴിവാക്കണം.
വേസ്റ്റ് ബിൻ
സൗകര്യം നോക്കി വീടിന് മുൻഭാഗത്ത് പലരും വേസ്റ്റ് ബിൻ സ്ഥാപിക്കാറുണ്ട്. എന്നാൽ ഈ രീതി ഒഴിവാക്കണം എന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.
ചെരുപ്പുകൾ
പതിവായി ഉപയോഗിക്കുന്ന ചെരുപ്പുകൾ പ്രധാന വാതിലിന് മുൻപിൽ അലങ്കോലമായി ഇടരുത്. വാതിലിൽ നിന്നും അല്പം അകലെയായി അവ അടുക്കിവയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കുക.
ഒടിഞ്ഞ ഫർണിച്ചറുകൾ
വീടിനു മുൻഭാഗത്ത് ഉപയോഗിക്കുന്ന ഫർണിച്ചറുകൾ എപ്പോഴും കേടുപാടുകൾ ഇല്ലാത്തവയാണെന്ന് ഉറപ്പാക്കുക. അവയ്ക്ക് ഒടിവുകളോ പൊട്ടലുകളോ ഉണ്ടായാൽ എത്രയും വേഗം പരിഹരിക്കാനും ശ്രമിക്കുക.
കണ്ണാടികൾ
പ്രധാന വാതിലിന് അഭിമുഖമായി കണ്ണാടികൾ സ്ഥാപിക്കരുത്. പ്രതികൂല ഊർജത്തെ അവ പ്രതിഫലിപ്പിച്ച് വീടിനകത്തേക്ക് കയറ്റിവിടുമെന്നതിനാലാണ് ഇത്.