പ്രധാന വാതിൽ ഏത് ദിശയിൽ വേണം? വാതിലുകൾ നേർക്കുനേരെ വന്നാൽ ദോഷമോ?
Mail This Article
വീടിന്റെ പ്രധാന വാതിൽ തെക്കോട്ടാണ്. കിഴക്കോട്ട് വേറെ വാതിൽ വേണമെന്നുണ്ടോ?
തെക്കുവശത്ത് വഴിയും മുഖവുമുള്ള ഗൃഹമാണെങ്കിലും ആ ഗൃഹം ശാസ്ത്രപ്രകാരം വടക്കോട്ട് ദർശനമുള്ള വീടായാണ് കണക്കാക്കുക. അതുകൊണ്ട് കിഴക്കോട്ട് വേറെ വാതിൽ വേണമെന്ന് നിർബന്ധമില്ല. വടക്കോട്ടെങ്കിലും വേണംതാനും. പക്ഷേ, വരാന്തയിലേക്ക് കയറാനുള്ള പടികൾ (നട) പടിഞ്ഞാറു നിന്നോ കിഴക്കു നിന്നോ ഉണ്ടാവുകയാണ് അഭികാമ്യം.
ഒരു വീടിന്റെ നാലു വാതിലുകളുള്ളത് നേർക്കുനേരെ ആകുന്നതു കൊണ്ട് ദോഷമുണ്ടോ?
വാതിലുകൾ കാഴ്ചയ്ക്ക് നേരേ വരുന്നതുകൊണ്ട് ദോഷം പറയാൻ പറ്റില്ല. പക്ഷേ വാതിലുകളുടെ മധ്യങ്ങൾ തമ്മിൽ കുറച്ചെങ്കിലും ഗമനം വേണമെന്നാണ് ശാസ്ത്രം. അതായത് മധ്യങ്ങൾ ഒരേ രേഖയിൽ വരുന്ന വേധദോഷമായി കണക്കാക്കും.
വീടിന്റെ മുൻവശത്തെ വാതിൽ പല തടികൾകൊണ്ടുണ്ടാക്കിയാൽ ദോഷമുണ്ടോ?
ഒരു കട്ടിളയുടെ തടി ഒരേ മരം കൊണ്ടുണ്ടാക്കിയിരിക്കണം എന്നാണ് ശാസ്ത്രം.
കാർപോർച്ചിൽ നിന്നും സിറ്റൗട്ടിലേക്കു കയറുന്നതാണോ, അതോ പുറത്തു നിന്നും കാർപോർച്ചിലേക്കു കയറുന്നതാണോ ‘പ്രവേശനം’ കണക്കാക്കുമ്പോൾ പരിഗണിക്കുക?
സിറ്റൗട്ടിലേക്കു കയറുന്നത് തന്നെയാണ് ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതായി കണക്കാക്കുന്നത്.
തെക്കുവശത്തും പടിഞ്ഞാറും റോഡുള്ള പുരയിടത്തിൽ വാതിൽ എങ്ങോട്ടു വയ്ക്കാം?
തെക്കിനിയോ പടിഞ്ഞാറ്റിയോ ആകുമ്പോൾ പ്രധാന വാതിൽ വടക്കോട്ടോ കിഴക്കോട്ടോ വേണം.
കിഴക്കോട്ട് റോഡിനഭിമുഖമായുള്ള വീടിന്റെ പ്രധാന വാതിൽ തെക്കോട്ടാകുന്നതു കൊണ്ട് കുഴപ്പമുണ്ടോ?
അത് ഉത്തമമല്ല. കിഴക്കോട്ടു തന്നെയാണു വേണ്ടത്.