വാഴ തിന്ന് പുഴു; തീ തിന്ന് കർഷകർ
Mail This Article
വാഴത്തോട്ടങ്ങളിൽ വില്ലനായി ഇലതീനി പുഴുക്കൾ. വാഴ കർഷകർ ദുരിതത്തിൽ. കറുകച്ചാൽ മേഖലയിലെ പല വാഴത്തോട്ടങ്ങളും ഇലതീനിപ്പുഴുക്കൾ കീഴടക്കി കഴിഞ്ഞു. വാഴയില മുഴുവനായും തിന്നുതീർത്താണ് ഇവ പെരുകിക്കൊണ്ടിരിക്കുന്നത്. ഞാലിപ്പൂവൻ വാഴകളിലാണ് കൂടുതൽ ആക്രണം. ഇല പൂർണമായും തിന്നുതീർത്ത വാഴകളിലെ കുലകൾ മൂപ്പെത്താതെ നശിക്കുകയാണ്.
വാഴയുടെ തളിരിലയാണ് ഇവയ്ക്ക് ഏറെയിഷ്ടം. ശാസ്ത്രീയമായ പരിചരണമില്ലാത്ത തോട്ടങ്ങളിലാണ് പുഴുശല്യം കൂടുതൽ. പുഴു ആക്രമണമുള്ള വാഴയുടെ തളിരില പൂർണമായി പുറത്തെത്തുമ്പോഴേക്കും അതിലെ ജൈവാംശം മുഴുവൻ തിന്നുതീർത്തിരിക്കും. പ്യൂപ്പ ദശയിലേക്ക് കടക്കുമ്പോഴാണ് ഇവ സംരക്ഷണം തേടി ശക്തമായ മഴയേൽക്കാത്ത സ്ഥലങ്ങളിലേക്കെത്തുന്നത്.
പൊതുവേ പുളിരസം കൂടിയ മണ്ണിലെ ചെടികളിലാണ് പുഴു വ്യാപകമായത്. കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും പുളിരസവുമുള്ള മണ്ണിലെ ചെടികൾ ഇത്തരം പുഴുവിന്റെ വളർച്ചയ്ക്ക് അനുകൂല ഘടകമാണ്.
അനുകൂല കാലാവസ്ഥാ ഘടകം കാരണമുള്ള അതിജീവനമാണ് പുഴു വ്യാപകമായി പെരുകാൻ ഇടയാക്കിയത്. ഇത്തവണ വെയിലും മഴയും മാറി മാറിയുണ്ടായ സവിശേഷമായ കാലാവസ്ഥയാണ് പുഴു വ്യാപകമാകാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. തോരാമഴയുണ്ടായിരുന്നെങ്കിൽ വലിയൊരു വിഭാഗം പുഴുക്കളും പൂർണ വളർച്ചയെത്തും മുന്‍പേ ചത്തൊടുങ്ങുമായിരുന്നു.
പുഴുക്കളെ എങ്ങനെ തുരത്താം
15-20 മില്ലിലീറ്റർ വേപ്പധിഷ്ഠിത കീടനാശിനിയെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലർത്തുക. അതിലേക്ക് ഒരു മില്ലിലീറ്റർ സോപ്പ് ലായനി ചേർത്ത് വിളകളിൽ തളിക്കുക. പുഴുവുള്ള വാഴയിലകൾ മുറിച്ചെടുത്ത് കത്തിച്ച് കളഞ്ഞാലും ഇവയെ തുരത്താം.