കാര്‍ഷിക കേരളത്തിന്റെ മാമാങ്കത്തിന് പാലക്കാട് ഒരുങ്ങുന്നു
Mail This Article
കര്‍ഷകശ്രീ കാര്‍ഷികമേള 22 മുതല്‍ 26 വരെ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ
പാലക്കാട്: മലയാള മണ്ണിന്റെ കാർഷിക മഹോത്സവത്തെ വരവേൽക്കാൻ പാലക്കാട് ഒരുങ്ങുന്നു. മലയാള മനോരമയുടെ കര്‍ഷകശ്രീ 2020 അവാര്‍ഡ് സമര്‍പ്പണത്തോട് അനുബന്ധിച്ചുള്ള കാര്‍ഷികമേള ജനുവരി 22 മുതൽ 26 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ അരങ്ങേറും.
രണ്ടു വര്‍ഷത്തിലൊരിക്കലുള്ള കേരളത്തിന്റെ കാർഷിക മാമാങ്കത്തിന് ഇക്കുറി വേദിയാവുമ്പോൾ പാലക്കാട്ടെ കർഷകരെയും കൃഷിയെ സ്നേഹിക്കുന്നവരെയും കാത്തിരിക്കുന്നത് ഇരട്ടി മധുരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന കൃഷിയുൽസവത്തില്‍ പങ്കുകൊള്ളുന്നതിന്റെ ആഹ്ളാദ മധുരം. ഒപ്പം കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരം സ്വന്തം നാട്ടുകാരനു സമര്‍പ്പിക്കപ്പെടുന്നതിന്റെ അഭിമാന മധുരവും. മേളനഗരിയില്‍ ഈ മാസം 23ന് വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്നു പാലക്കാട് കന്നിമാരി കമ്പാലത്തറ താഴത്ത് വീട്ടിൽ കെ. കൃഷ്ണനുണ്ണി കര്‍ഷകശ്രീ പുരസ്കാരം ഏറ്റുവാങ്ങും.
കേന്ദ്ര വിദേശകാര്യ, പാര്‍ലമന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന കാര്‍ഷിക വികസന, കര്‍ഷകക്ഷേമ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ആശംസകള്‍ അര്‍പ്പിക്കും. കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. പി. ഇന്ദിരാദേവി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.
കൃഷി, മൃഗസംരക്ഷണ, മത്സ്യമേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്നതാകും അഞ്ചു ദിവസം നീളുന്ന കാര്‍ഷികമേള. ഈ മേഖലകളിലെ ഏറ്റവും പുതിയ അറിവുകളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന സെമിനാറുകളും പ്രദര്‍ശനവും മേളയുടെ ആകര്‍ഷണമാണ്. എല്ലാ ദിവസവും വൈകിട്ട് ജനപ്രിയ കലാപരിപാടികളും അരങ്ങേറും.
കേരള കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍, കൃഷി, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍, സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖലാസ്ഥാപനങ്ങള്‍, കര്‍ഷക, സംരംഭക കൂട്ടായ്മകള്‍ എന്നിവയുടേതടക്കം നൂറില്‍പരം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ടാകും. കര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ആവശ്യമുള്ളതെന്തും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന മെഗാ ഷോപ്പിങ് മേളയാണ് പാലക്കാട് മുനിസിപ്പല്‍ മൈതാനിയില്‍ ഒരുങ്ങുന്നത്.
തങ്ങളുടെ ഉല്‍പന്നങ്ങളും സംരംഭങ്ങളും സേവനങ്ങളും യഥാര്‍ഥ ഉപഭോക്താക്കളിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ സ്റ്റാള്‍ ബുക്ക് ചെയ്യാം.
ഫോണ്‍: 9895399491, 0481 2587628, 0491 2537731
e- mail: karsha2020@manorama.co.in