മൂലൂർ സ്മാരക സ്കൂളിൽ വിരിയുന്നത് കൃഷിയുടെ സരസകവിത
Mail This Article
ഒരുമയും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ജൈവ പച്ചക്കറികളും നെല്ലും മീനുമെല്ലാം സ്കൂൾ മുറ്റത്തും വിളയും. പാഠപുസ്തകത്തിലെ അറിവു മാത്രമല്ല, കൃഷിയുടെ നല്ലപാഠം കൂടിയാണ് പത്തനംതിട്ട ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂർ സ്മാരക ഗവ. യുപി സ്കൂൾ കാട്ടിത്തരുന്നത്. സ്കൂൾ മുറ്റവും വരാന്തയും തൊടിയുമെല്ലാം ജൈവ കൃഷികൊണ്ട് സമൃദ്ധം. മണ്ണിൽ കനകം വിളയിച്ച്, പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടുക കൂടിയാണ് ഈ സ്കൂൾ.
സ്കൂൾ മുറ്റത്തും പറമ്പിലും 500ലധികം ഗ്രോ ബാഗുകളിലുമായിട്ടാണ് കൃഷി. കാബേജ് 75, കോളിഫ്ലവർ 130, വെണ്ട 40, വഴുതന 200, തക്കാളി 15, പയർ 15, ചുവന്ന ചീര 70, പച്ചമുളക് 125, മുരിങ്ങ, കറിവേപ്പ് എന്നിങ്ങനെ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറികളുടെ എണ്ണം നീളുന്നു. പാകമാകുന്നവ അവശ്യാനുസരണം അതത് ദിവസത്തെ ഉച്ചയൂണിനുള്ള വിഭവങ്ങൾ തയാറാക്കാനായി എടുക്കാറുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഓരോ ദിവസവും വിളവ് എടുക്കുന്ന തൂക്കം കൃത്യമായി റജിസ്റ്ററിൽ രേഖപ്പെടുത്തുന്നു. ഉച്ചയൂണിന് വേണ്ട എല്ലാ പച്ചക്കറികളും ഇവിടെ നിന്ന് കിട്ടും. മുറ്റത്ത് വയൽ സൃഷ്ടിച്ച് അവർ നെൽവിത്ത് പാകി. ഞാറ് വളർന്ന് കുടം വരുന്ന അവസ്ഥയിലാണ്. ഒപ്പം മീൻ വളർത്തലിനായി കുളവും നിർമിച്ചു. കൃഷിക്ക് വെള്ളം എത്തിക്കുന്നതിന് ശാസ്ത്രീയമായ ക്രമീകരണമുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ജൈവവളമാക്കുന്നതിന് പൈപ്പ് കംപോസ്റ്റ് ഉപയോഗിക്കുന്നു. കൃഷിക്ക് വളമായി കംപോസ്റ്റും ചാണകവും കീടങ്ങളെ അകറ്റാൻ പുകയില കഷായവും വെളുത്തുള്ളി കഷായവും. മെഴുവേലി കൃഷിഭവന്റെ മേൽനോട്ടവും സഹായവും ഉണ്ട്.
എൽകെജി മുതൽ 7 വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. അധ്യയന സമയം നഷ്ടപ്പെടുത്താതെ ഓരോ ദിവസവും ഓരോ ക്ലാസുകാരാണ് കൃഷിയുടെ പരിപാലനം നിർവഹിക്കുന്നത്. പ്രധാനാധ്യാപിക സിന്ധു ഭാസ്കർ, പിടിഎ പ്രസിഡന്റ് വിനോദ്, സ്കൂൾ ഓഫിസ് ജീവനക്കാരൻ എസ്. ഷൈജു, വി.കെ. ശോഭനകുമാരി, സ്കൂൾ ലീഡർ എസ്.ശിവ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാതൃകാ കൃഷിയുടെ വിജയത്തിനു പിന്നിൽ.