ചതിച്ചില്ലേ ഞങ്ങളെ... ഞങ്ങളോടിതു വേണ്ടായിരുന്നു...
Mail This Article
ഒരു തുള്ളി വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങിപ്പോയത് ഒരുപിടി കർഷകരുടെ സ്വപ്നങ്ങളാണ്. കാർഷിക സമൃദ്ധി വീണ്ടെടുക്കും എന്ന് ആവർത്തിച്ചു പറയുന്ന അധികൃതർ പക്ഷേ, ഈ കർഷകരോടു കാട്ടിയതു പൊറുക്കാനാവാത്ത ക്രൂരതയാണ്. കല്ലട ജലസേചന പദ്ധതി എന്ന വെള്ളാനയുടെ പുതിയ പരാക്രമത്തിന്റെ കഥ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വെട്ടിക്കാട്ട് ഏലായിൽ കാണാം.
സ്വപ്നങ്ങളൊക്കെയും പതിരായിപ്പോയതിന്റെ നൊമ്പരക്കഥ പറയാനുണ്ട് വെട്ടിക്കാട്ട് ഏലായ്ക്ക്. നൂറേക്കറോളം വരുന്ന പാടശേഖരത്തിലെ നെൽക്കൃഷി മുഴുവൻ കരിഞ്ഞുണങ്ങിപ്പോയി. ഏതാണ്ട് അരക്കോടിയോളം രൂപയുടെ നഷ്ടം. സ്വപ്നങ്ങൾ വിതച്ചു കാത്തിരുന്ന കർഷകന്റെ നെഞ്ചിലെ തീ ആരു കാണുന്നു? മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണു വെട്ടിക്കാട്ട്. കാൽ നൂറ്റാണ്ടിലേറെയായി തരിശു കിടന്ന പാടശേഖരം തരിശുരഹിത മൈനാഗപ്പള്ളി എന്ന പദ്ധതിയിലൂടെ ജീവൻ വച്ചെങ്കിലും കതിരിട്ടപ്പോൾ എല്ലാം കരിഞ്ഞുപോയി.
കല്ലട പദ്ധതിയുടെ കനാലുകളിലൂടെ യഥാസമയം വെള്ളം എത്തിക്കാൻ അധികൃതർ അമാന്തം കാട്ടിയതോടെ ജില്ല കണ്ട വലിയ കാർഷിക ദുരന്തത്തിനു മൈനാഗപ്പള്ളി വേദിയായി. മൈനാഗപ്പള്ളി പഞ്ചായത്തിൽ ഇക്കുറി രണ്ടാംവിളയായി 300 ഏക്കറോളം പാടത്തു നെൽകൃഷി നടക്കുന്നുവെന്നാണു കണക്ക്. 8 പാടശേഖരങ്ങളിൽ മുണ്ടകൻപാടം ഒഴികെ വടക്കൻ മൈനാഗപ്പള്ളി, വെട്ടിക്കാട്ട്, വെട്ടിക്കാട്ട് കിഴക്ക്, ആദിക്കാട്ട്, കാരിക്കാട്ട്, ചിറയ്ക്കു താഴെ, ചിറയ്ക്കു മേലെ എന്നീ പാടങ്ങളിൽ കൃഷിയുണ്ട്.
അതിൽ വെട്ടിക്കാട്ട് ഏലായെ കല്ലട ജലസേചന പദ്ധതി ചതിച്ചു. നിലമുടമകളിൽനിന്നു പാട്ടക്കരാർ വാങ്ങി ആലപ്പുഴ കരുമാടി കേന്ദ്രമായ കാരുണ്യ നെൽകർഷക സഹായ സംഘത്തിനു കൃഷിക്കു നൽകിയ പാടമാണു വെള്ളമില്ലാതെ കരിഞ്ഞുണങ്ങിപ്പോയത്. വിത്തിറക്കാൻ അൽപം വൈകിയെങ്കിലും വേഗത്തിൽ വിളവെടുക്കാൻ ഇക്കുറി രണ്ടര മാസം മുൻപ് ജ്യോതി വിത്തു വിതച്ചു.
കതിരിട്ടപ്പോൾ വെള്ളം എത്തിയില്ല. ജനുവരി ആദ്യത്തെ ആഴ്ച കനാലിലൂടെ വെള്ളമെത്തിക്കുമെന്നു കെഐപി അധികൃതർ ഉറപ്പു നൽകിയിരുന്നതാണെന്നു കർഷകർ പറയുന്നു. പക്ഷേ, വെള്ളം വന്നത് ഏതാനും ദിവസം മുൻപ്. കനാലിൽ ചോർച്ചയുണ്ടായി സമീപത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ ജലവിതരണം നിർത്തുകയും ചെയ്തു. ഇനി എത്ര വെള്ളം എത്തിച്ചാലും ഒരു മണി നെല്ലു പോലും ഈ പാടത്തു നിന്നു കൊയ്തെടുക്കാൻ കഴിയില്ല.
നഷ്ടക്കഥ ഇങ്ങനെ
നടീലിന് 7 ലക്ഷം, ട്രാക്ടർ ഇറക്കി നിലമൊരുക്കിയതിന് 6 ലക്ഷം ഉൾപ്പെടെ ഇതുവരെ ആകെ ചെലവായത് 25 ലക്ഷത്തോളം രൂപ
ഒരേക്കറിൽ നിന്ന് ഏറ്റവും കുറഞ്ഞത് 20 ക്വിന്റൽ നെല്ലു കിട്ടിയാൽ പോലും 2000 ക്വിന്റൽ നെല്ലു കിട്ടുമായിരുന്നു. ക്വിന്റലിന് 2600 രൂപ നിരക്കിൽ കൂട്ടിയാലും 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.
ചതിച്ചതു കെഐപി
മഴക്കാലത്തു വെള്ളപ്പൊക്കമുണ്ടാകുകയും വേനലിൽ കടുത്ത വരൾച്ചയിലേക്കു നീളുകയും ചെയ്യുന്ന വെട്ടിക്കാട് ഏലായിൽ കൃഷി അത്രയേറെ സാഹസം നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ, ഇക്കുറി കൃഷി ഇറക്കിയപ്പോൾ ജലവിഭവ വകുപ്പിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ജനുവരി ആദ്യ ആഴ്ചയോടെ കനാലിലൂടെ വെള്ളം എത്തിയില്ലെങ്കിൽ സംഗതി കുഴയുമെന്ന് അവർക്കും അറിയാമായിരുന്നു. എന്നാൽ, കനാലുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താൻ പോലും അവർ തയാറായില്ല. തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ടു ചാലുകൾ വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കാൻ ബ്ലോക്ക് പഞ്ചായത്തും വൈകി.
കടമ്പനാട്, സിനിമാപ്പറമ്പ്, മൈനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ചാലുകൾ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയെങ്കിലും കോവൂർ വരെ മാത്രമേ വെള്ളം എത്തിയുള്ളൂ, വെട്ടിക്കാട്ട് ഏലായിലേക്കു വന്നില്ല. കൃത്യസമയത്തു വെള്ളം എത്തിക്കണമെന്ന് സ്ഥലം എംഎൽഎയും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല. കോവൂരിൽ നിന്ന് ഏലായിലേക്കു ചാലുകൾ വഴിയാണു വെള്ളം കൊണ്ടുവരേണ്ടത്. വെള്ളം ഒഴുക്കിയപ്പോൾ കനാലിൽ ചോർച്ച ! അങ്ങനെ അതു നിലച്ചു.
പതിരായപ്പോൾ ‘പണി’ തുടങ്ങി
വെട്ടിക്കാട്ട് ഏലായിലെ കൃഷി അപ്പാടെ നശിച്ചപ്പോഴും ചാമവിള ഭാഗത്ത് കനാലിന്റെ അറ്റകുറ്റപണി നടക്കുന്നതേയുള്ളൂ. ഈ ഭാഗത്തു കനാലിന്റെ കോൺക്രീറ്റ് പാളികൾ പൊള്ളിയടർന്ന പോലെ ജീർണിച്ചു ഇളകിപ്പോയിരിക്കുന്നു. ഇവിടെ 2 കിണറുകളുണ്ട്. രണ്ടിലും വെള്ളം ശേഖരിക്കാൻ കഴിഞ്ഞില്ല. കനാലിന്റെ അറ്റകുറ്റപണിയുടെ കരാർ എടുക്കാൻ ആളില്ലെന്നാണു വിശദീകരണമെങ്കിലും ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു കളഞ്ഞതിന് അതു ന്യായീകരണമല്ല. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായതേയില്ല.
വടക്കൻ മൈനാഗപ്പള്ളിയിൽ കൊയ്ത്തുത്സവം
വെട്ടിക്കാട്ട് ഏലായിൽ കാർഷിക ദുരന്തം ഉണ്ടായെങ്കിലും തൊട്ടടുത്തു വടക്കൻ മൈനാഗപ്പള്ളി ഏലായിൽ കൊയ്ത്തിന്റെ തിരക്കാണ്. ഇവിടെ 90 ഏക്കറോളം പാടത്താണു കൃഷി. മുപ്പത്തഞ്ചോളം കർഷകരുടെ വിയർപ്പിന്റെ ഫലമാണു കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി കൊയ്തെടുക്കുന്നത്. മണിക്കൂറിന് 2400 രൂപ നിരക്കിൽ സ്വകാര്യ കൊയ്ത്തുയന്ത്രം വരുത്തിയാണു കൊയ്ത്ത്.
ജില്ലാ പഞ്ചായത്തിനു കൊയ്ത്തു യന്ത്രം ഉണ്ടെങ്കിലും അതു വേറെ പാടശേഖരക്കാർ കൊണ്ടുപോയി. വടക്കൻ മൈനാഗപ്പള്ളി പാടശേഖരങ്ങളിലെമ്പാടും കൂന കൂട്ടിയിട്ടിരിക്കുന്ന നെൽമണികൾ തിരിച്ചുവരുന്ന കാർഷിക സമൃദ്ധിക്കു തെളിവാണ്. പാടശേഖര സമിതി ഭാരവാഹികളും കർഷകരും ഒരേ മനസ്സോടെ ഇവിടെ പാടത്തു വിയർപ്പൊഴുക്കുന്നു. ഏക്കറിന് 3000 കിലോ നെല്ലു വീതം കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.