തരിശുഭൂമികളിൽ പൊന്നു വിളയിക്കുന്നു ഈ സഹോദരങ്ങൾ
Mail This Article
ആരും ഇറങ്ങിച്ചെല്ലാൻ ധൈര്യപ്പെടാത്ത തരിശുഭൂമികളിൽ പൊന്നു വിളയിക്കുന്നതു വിനോദമാക്കിയവർ. ഭൂമാഫിയയെ തുരത്തി ഇവർ നേടിയ വിജയങ്ങൾക്കു തിളക്കമേറെയുണ്ട്. കുട്ടനെല്ലൂർ ചിലങ്കപ്പാടം, പുത്തുർ കായൽ, പുഴമ്പള്ളം എന്നിവിടങ്ങളിലെ മാറ്റം മാത്രം കണ്ടാൽ മതി ഇവരുടെ ചങ്കൂറ്റം അറിയാൻ.
വാഴയിൽ തുടങ്ങി
തൃശൂർ പാറളം പള്ളിച്ചാടത്തു വീട്ടിൽ ചന്ദ്രന്റെ മക്കളായ സന്തോഷും സനോജും ചേർന്നാണു കൃഷിഭൂമികളിൽ പുതിയ കഥകൾ രചിക്കുന്നത്. 104 ഏക്കറിൽ നെൽക്കൃഷി, മുപ്പതിനായിരം വാഴ, 75 പശുക്കൾ എന്നിവയാണ് ഈ സഹോദരങ്ങളുടെ ഇപ്പോഴത്തെ കൃഷി ‘സ്റ്റാറ്റസ്’. കുട്ടികളായിരിക്കെ അച്ഛനെ നഷ്ടപ്പെട്ട ഇവർ അമ്മയുടെ തണലിലാണു വളർന്നത്.
അനുജൻ സനോജ് പത്താം ക്ലാസ് പഠനം കഴിഞ്ഞയുടനെ സന്തോഷ് അവനെ കൈപിടിച്ചു കൊണ്ടുപോയതു കൃഷിയിടത്തിലേക്കായിരുന്നു. വർഷങ്ങൾക്കു ശേഷവും ആ കൂട്ടുകെട്ടിൽ ഒരു വിള്ളലും ഉണ്ടാകാത്തതാണ് ഇവരുടെ വിജയരഹസ്യവും. അച്ചാച്ചന്റെ സഹായത്തോടെ പാട്ടത്തിനെടുത്ത ഭൂമിയിലെ വാഴക്കൃഷിയിലൂടെയാണു തുടക്കം. ഇപ്പോൾ ഏക്കർ കണക്കിനു ഭൂമിയിൽ വിവിധ തരം കൃഷികൾ ചെയ്തുവരുന്നു.
തരിശുഭൂമി ‘വീക്‌നെസ്’
വർഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന, ആരും ഇറങ്ങിച്ചെല്ലാൻ മടിക്കുന്ന സ്ഥലങ്ങൾ കൃഷിഭൂമികളാക്കുന്നതാണ് ഇവരുടെ വിനോദം. നെൽക്കൃഷിയായാലും വാഴക്കൃഷിയായാലും പശു ഫാമുകളായാലും ഇതു തന്നെ സ്ഥിതി. കാടുപിടിച്ച കുന്നു വെട്ടിത്തെളിച്ച് മുകളിൽ പശുക്കളെ വളർത്തി താഴെ വാഴക്കൃഷി നടത്തുന്നതാണ് ഇവരുടെ ഒരു രീതി. ചാണകമാണ് വാഴയ്ക്കു വളം. തരിശുഭൂമികൾ കൃഷിഭൂമിയാക്കി നെൽക്കൃഷി ചെയ്യുന്നതിലും ഇവർ സന്തോഷം കണ്ടെത്തുന്നു.
ആദ്യവിളവു ഗംഭീരമായിരിക്കും എന്നതാണ് ഈ തീരുമാനത്തിനു പിന്നിൽ. ഇടതൂർന്നു നിൽക്കുന്ന നെൽമണികളെ താങ്ങാനാകാതെ നെൽക്കതിരുകൾ വീണുകിടക്കുന്ന ഇവരുടെ കൃഷിയിടങ്ങളിലെ കാഴ്ച തന്നെ ഇതിന് ഉത്തരം നൽകും. മിക്ക സമയത്തും വെള്ളം കെട്ടി നിൽക്കുന്ന പുഴമ്പള്ളത്തും പുത്തൂർ കായലിലും കൃഷി ചെയ്യാൻ മറ്റ് കർഷകർ ഭയന്നിടത്തും ഈ സഹോദരർ കൃഷിയിറക്കി.
തരിശു കൃഷിയുദ്ധം
ദേശീയപാതയോരത്തു ശുചിമുറി മാലിന്യം തള്ളുന്നത് തടയാൻ പുത്തൂർ പഞ്ചായത്ത് അധികൃതർ കണ്ടെത്തിയ മാർഗം പാടശേഖരം കൃഷിഭൂമിയാക്കുക എന്നതായിരുന്നു. 30 വർഷമായി തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കാൻ ആരെ കിട്ടുമെന്ന ചോദ്യത്തിന് ഉത്തരം ഈ സഹോദരൻമാരുടെ പേരായിരുന്നു. ഇവർ സ്ഥലം കാണാൻ എത്തിയ ഉടനെ ഭൂമാഫിയയുടെ വിളിയെത്തി. തരിശു ഭൂമിയല്ല, കോൾപ്പാടങ്ങൾ വരെ കൃഷിക്കായി നൽകാം, ചിലങ്കപ്പാടം ഉപേക്ഷിക്കണം എന്നായിരുന്നു വാഗ്ദാനം.
അപേക്ഷ പിന്നീട് ഭീഷണി ആയി മാറിയപ്പോൾ കൃഷിക്ക് ചിലങ്കപ്പാടം തന്നെ എന്ന് ഈ സഹോദരങ്ങളും ഉറപ്പിച്ചു. പാടത്തെ കാടു വെട്ടി തെളിച്ചപ്പോൾ നേരിടാൻ തയാറായി അട്ടകൾ രംഗത്ത്. വലിയ കാലുറകൾ അണിഞ്ഞ് പാടത്തേക്കിറങ്ങിയപ്പോൾ അതിനെ കീറിമുറിച്ച് കുപ്പിച്ചില്ലുകൾ. എല്ലാം തരണം ചെയ്ത് ഞാറ് നട്ടപ്പോൾ പ്രകൃതിയുടെ ഭീഷണി. ശക്തമായ മഴയിൽ പാടത്തേക്ക് ഒഴുകിയെത്തിയത് ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യം. പണമേറെ ചെലവഴിച്ച് ഇവ മാറ്റിയതിനു പിന്നാലെ ശുചിമുറി മാലിന്യം തള്ളുന്നവരുടെ വിളയാട്ടം.
രാത്രിയുടെ മറവിൽ ഇവർ പാടത്തേക്ക് ഒഴുക്കിവിട്ട ശുചിമുറി മാലിന്യം നശിപ്പിച്ചത് രണ്ട് ഏക്കറിലെ നെൽക്കൃഷി. ഇവ മാറ്റി വീണ്ടും ഞാറ് നട്ട് സഹോദരന്മാർ വീറ് കാട്ടിയതോടെ ഈ മാഫിയയും പിൻവാങ്ങി. പഞ്ചായത്ത് അധികൃതർ മാലിന്യം പാടത്തേക്ക് എത്താത്ത രീതിയിൽ തോട് നിർമിച്ച് ഇവരെ ഒപ്പം ചേർത്തു. എല്ലാം കഴിഞ്ഞപ്പോൾ ഒരു ഏക്കറിനു ഒരു ലക്ഷം രൂപയോളം ചെലവ് വന്നെന്ന് ഇവർ പറയുന്നു. പ്രതിസന്ധികൾ തരണം ചെയ്ത് ഇറക്കിയ കൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇവരിപ്പോൾ. ശനിയാഴ്ച ചിലങ്കപ്പാടത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്യും.
അവാർഡ്, സംതൃപ്തി
മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും രണ്ട് ജില്ലാ അവാർഡുകൾ സന്തോഷിനു ലഭിച്ചിരുന്നു. സർക്കാർ ഓഫിസുകൾ കയറിയിറങ്ങി സമയം കളയാൻ ഇല്ലാത്തതിനാൽ സബ്സിഡികൾ സ്വീകരിക്കാതെയാണ് ഒട്ടുമിക്ക കൃഷികളും. തേടി വന്നാൽ മാത്രം സർക്കാർ സഹായം സ്വീകരിക്കുന്നതാണ് ഇവരുടെ രീതി. എന്നാൽ ചിലങ്കപ്പാടത്ത് മന്ത്രി വി.എസ്. സുനിൽകുമാർ അടക്കം എല്ലാ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉറച്ച പിന്തുണ നൽകിയതായും ഇവർ പറയുന്നു.
ചിലങ്കപ്പാടത്തെ ഇവരുടെ വരവിനു ശേഷം പുത്തൂർ പഞ്ചായത്തിൽ മാത്രം 6 ഇടങ്ങളിൽ കർഷകർ നെൽക്കൃഷിക്കു തുടക്കം കുറിച്ചത് ഏറെ സന്തോഷം നൽകുന്നതാണെന്നും വിഷമില്ലാത്ത അരിയും പച്ചക്കറിയും തേടി തങ്ങളെ സമീപിക്കുന്നവരാണു തങ്ങളുടെ വിജയത്തിനു പിന്നിലെന്നും ഈ സഹോദരർ പറയുന്നു.
ഫോൺ: 9447954000.