മില്ലുടമകള്‍ നെല്ല് സംഭരിക്കാന്‍ വൈകിയാല്‍ സര്‍ക്കാര്‍ കണ്ടെത്തുന്ന ഗോഡൗണുകളില്‍ സംഭരിക്കും
Mail This Article
കുട്ടനാട് മേഖലയിലെ നെല്ല് വിളവെടുപ്പും സംഭരണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാനും എത്രയും വേഗം കൊയ്ത്ത് പൂര്‍ത്തിയാക്കാനും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. മില്ലുടമകള്‍ നെല്ല് സംഭരിക്കാന്‍ വൈകിയാല്‍ സര്‍ക്കാര്‍ കണ്ടെത്തുന്ന ഗോഡൗണുകളില്‍ സംഭരിക്കും.
കര്‍ഷകന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചു. ജില്ലയില്‍ ഇപ്പോഴുള്ള മുന്നൂറോളം യന്ത്രങ്ങള്‍ കൊയ്ത്തിന് പൂര്‍ണമായി സഹകരിക്കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയതായി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
കൊയ്ത്തും സംഭരണവും അവശ്യസേവനമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തീരമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ജി. സുധാകരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍ എന്നിവര്‍ പങ്കെടുത്തു. നിലവില്‍ കൊയ്ത്തു കഴിഞ്ഞ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും 1200 ലോഡ് നെല്ല് 10 ദിവസത്തിനുള്ളില്‍ സംഭരിച്ച നീക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ഏപ്രിലില്‍ 80 ശതമാനം നെല്ലും സംഭരിക്കും. മേയ് 15നു മുമ്പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലോറിയും ഡ്രൈവര്‍മാരെയും കിട്ടുന്നില്ലെങ്കില്‍ മില്ലുകള്‍ കലക്ടറെ അറിയിക്കണമെന്നും കലക്ടര്‍ പരിഹാരം കണ്ടെത്തണമെന്നും നിര്‍ദേശം നല്‍കി.
ജില്ലയിലെ പ്രശ്‌നങ്ങളുള്ള പാടശേഖരങ്ങളിലെ സംഭരണം പൂര്‍ത്തിയായെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. യോഗത്തിലെ തീരുമാനങ്ങള്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കു ബാധകമായിരിക്കും.