ADVERTISEMENT

കാർഷികമേഖലയിൽ നൂറ് ശതമാനം ജൈവരീതികൾ ഉറപ്പുവരുത്തി കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ '100% ഓർഗാനിക്' പദവി നേടി ലക്ഷദ്വീപ്.  ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്.  ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് സിക്കിമാണ്. 2016 ജനുവരിയിലാണ് സിക്കിം ഇന്ത്യയിലെ ആദ്യത്തെ ‘100 ശതമാനം ഓർഗാനിക്’ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്.

രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ നടത്തുന്ന കാർഷിക പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദരീതികളുമാണ് ഈ നേട്ടം കൈവരിക്കാൻ ദ്വീപിനെ സഹായിച്ചത്. ദ്വീപ് ഭരണകൂടം നൽകിയ തെളിവുകളും സർട്ടിഫിക്കറ്റുകളും പരിശോധിച്ചതിനും പ്രവൃത്തികൾ വിലയിരുത്തിയതിനും ശേഷമാണ് ലക്ഷദ്വീപ്പിന്റെ മുഴുവൻ പ്രദേശവും ജൈവമേഖലയായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശത്തിന് കാർഷിക മന്ത്രാലയം അംഗീകാരം നൽകിയതെന്ന് അധികൃതർ അറിയിച്ചു.

ഔദ്യോഗികമായി 100 ശതമാനം ജൈവികമെന്ന അംഗീകാരം നേടിയത് ലക്ഷദ്വീപിലെ കാർഷിക-വിപണന മേഖലയ്ക്ക് പുതിയ ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘ഉണക്കിയ തേങ്ങ, തേങ്ങാപ്പാൽ അടക്കമുള്ള കാർഷികോൽപന്നങ്ങൾക്ക് ഇതു വളരെ ഉപകാരപ്രദമാണ്. മാത്രവുമല്ല  ഓർഗാനിക് ടാഗിലൂടെ കർഷകർക്ക് അവരുടെ കാർഷികോൽപ്പന്നങ്ങളെ പ്രീമിയം വിഭാഗത്തിൽ വിപണിയിലെത്തിക്കാനും അതുവഴി കൂടുതൽ വരുമാനമുണ്ടാക്കാനുമാവും’ - ലക്ഷദ്വീപ് അഗ്രികൾച്ചർ സെക്രട്ടറി ഒ.പി. മിശ്ര പറഞ്ഞു.

തെങ്ങാണ് ദ്വീപുകളിലെ പ്രധാന വിള. വിവിധ ദ്വീപുകളിലായി ഒരു വർഷം 11 കോടി തേങ്ങ ഉൽപാദിപ്പിക്കുന്ന എട്ടു ലക്ഷം തെങ്ങുകളുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനു പുറമെ ഹോർട്ടികൾച്ചർ വിളകളായ വഴുതന, ചീര, വാഴ, മുരിങ്ങ, മത്തങ്ങ, മുളക്, കുക്കുമ്പർ, ബീൻസ്, വെണ്ട, ചുരയ്ക്ക, പടവലം, പപ്പായ, തണ്ണിമത്തൻ എന്നിവയും ചെറിയ അളവിൽ കൃഷി ചെയ്തുവരുന്നു. കണക്കുകളനുസരിച്ച് 1500-2000 ടൺ പച്ചക്കറിയാണ് പ്രകൃതിദത്ത പരിസ്ഥിതി സൗഹൃദരീതികളിലൂടെ വളർത്തുന്നത്. 

32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപസമൂഹമാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. കണക്കുകളനുസരിച്ച് ജനവാസമുള്ള പത്ത് ദ്വീപുകളിലായി 12,450 കർഷകരാണുള്ളത്.

English summary: Lakshadweep first UT to become 100% organic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com