കാബേജിന് 12 രൂപ, കാരറ്റിന് 20 രൂപ: ഇടനിലക്കാർ വിലയിടിക്കുന്നു; വട്ടവടയിൽ വിളവെടുക്കാൻ മടിച്ച് കർഷകർ
Mail This Article
സർക്കാർ സംഭരണം നാമമാത്രമാവുകയും വിലയിടിയുകയും ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് വട്ടവടയിലെ പച്ചക്കറി കർഷകർ. കോവിഡ് പ്രതിസന്ധിക്കൊപ്പം തിരഞ്ഞെടുപ്പും തമിഴ്നാട്ടിലേക്കുള്ള കയറ്റുമതി കുറഞ്ഞതുമാണ് ശീതകാല പച്ചക്കറികളുടെ വിലയിടിയാൻ കാരണമായത്. കർഷകരിൽ നിന്ന് ന്യായവില നൽകി ഹോർടികോർപ് പച്ചക്കറികൾ സംഭരിച്ചിരുന്നത് ഇപ്പോൾ മന്ദഗതിയിലായിരിക്കുകയാണ്.
ആഴ്ചയിൽ ശരാശരി 5 ടൺ മാത്രമാണ് അവർ ഇപ്പോൾ നേരിട്ട് വാങ്ങുന്നത്. ഇതുമൂലം ഇടനിലക്കാർ സജീവമായി രംഗത്ത് വന്നതോടെ കുറഞ്ഞ വില നൽകി ഇവർ കർഷകരെ ചൂഷണം ചെയ്യുന്ന രീതി തിരിച്ചു വരികയാണ്. മുടക്കു മുതൽ പോലും ലഭിക്കില്ലെന്നായതോടെ വിളവെടുക്കാതെ കിടക്കുന്ന പല കൃഷിയിടങ്ങളും ഇപ്പോൾ വട്ടവടയിൽ കാണാനാവും. കാബേജ്, കാരറ്റ് കൃഷികൾക്കാണ് കനത്ത തിരിച്ചടി.
കാബേജിന് കർഷകർക്ക് ലഭിക്കുന്നത് കിലോയ്ക്ക് 12 രൂപ മാത്രം. മുൻപ് 20 രൂപ വരെ വില ലഭിച്ചിരുന്നു. സമയത്ത് വിളവെടുത്തില്ലെങ്കിൽ കാബേജ് ചീഞ്ഞ് നശിക്കാനും കർഷകർക്ക് കൂടുതൽ നഷ്ടത്തിനും കാരണമാവും. ഓണക്കാലത്ത് കിലോയ്ക്ക് 60 രൂപ വരെ വില ലഭിച്ച കാരറ്റിന് ഇപ്പോഴത്തെ വില 20 രൂപയാണ്. ഹോർട്ടികോർപ് 30 രൂപയ്ക്കാണ് എടുക്കുന്നതെങ്കിലും ഉൽപാദിപ്പിക്കുന്നതിന്റെ 10 ശതമാനം പോലും അവർ വാങ്ങാൻ തയാറാവാത്തത് മൂലം ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് കിട്ടുന്നില്ല.
ഉരുളക്കിഴങ്ങ് കർഷകർക്ക് ഇക്കുറി മെച്ചപ്പെട്ട സീസൺ ആണ്. കിലോയ്ക്ക് 40 രൂപ വരെ ഇപ്പോൾ ലഭിക്കുന്നു. ഈ മാസം പകുതി കഴിഞ്ഞാൽ മൂന്നാം കൃഷിയുടെ വിളവെടുപ്പ് പൂർണ തോതിൽ ആരംഭിക്കും. ഇത്തവണ കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ മെച്ചപ്പെട്ട വിളവ് പ്രതീക്ഷിക്കുന്നു.