മൂന്നു താലൂക്കുകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണം; ഹര്ജിക്കാരന് ഇടതുപക്ഷ സ്ഥാനാര്‍ഥി
Mail This Article
മലയോര മേഖലയില്‍ തിരഞ്ഞെടുപ്പു ചൂടിനൊപ്പം പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടുള്ള കര്‍ഷകപ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ മലയോര മേഖലയെ ഭീതിയിലാഴ്ത്തുംവിധമൊരു ഹര്‍ജി പുറത്ത്. 2017ല്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനു മുന്‍പാകെ പി. പ്രസാദ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയാണ് മലയോരമേഖലയിലെ പ്രത്യേകിച്ച് ഇടുക്കിയിലെ കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി. പ്രസാദാണ് ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് 2017ല്‍ ഹര്‍ജി നല്‍കിയത്. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളുടെ ജൈവവൈവിധ്യങ്ങള്‍ എടുത്തു പറഞ്ഞിരിക്കുന്ന ഹര്‍ജിയില്‍ മൂന്നാര്‍ മേഖലയില്‍ വനവ്യാപ്തി കുറവാണെന്നും പൊതുജനങ്ങള്‍ക്ക് പരിസ്ഥിത സംരക്ഷണത്തെക്കുറിച്ച് അറിവ് കുറവാണെന്നും പറയുന്നു. അതുകൊണ്ടുതന്നെ മൂന്നാറിന്‌റെ ഹരിതവൈവിധ്യം നഷ്ടപ്പെടുമെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന പരിസ്ഥിതി അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഹര്‍ജിയിലുണ്ട്.
ഹര്‍ജിയിലെ ചുരുക്കം
കണ്ണന്‍ ദേവന്‍ ഹില്‍സ് എന്ന് അറിയപ്പെടുന്ന ഇടുക്കി ജില്ലയിലെ മൂന്നാര്‍ ജൈവവൈവിധ്യം ഏറെയുള്ള പ്രദേശമാണ്. എന്നാല്‍ മനുഷ്യ ഇടപെടല്‍ കൂടുന്നതിനാല്‍ ജൈവവൈവിധ്യത്തിന് കോട്ടം സംഭവിക്കുന്നു, പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കപ്പെടുന്നു.
കണ്ണന്‍ ദേവന്‍ മലനിരകളില്‍ വനനശീകരണം, മണ്ണൊലിച്ചില്‍ എന്നിവ മൂലം വരള്‍ച്ച, പെട്ടെന്നുള്ള പ്രളയം, ഭക്ഷ്യ-നാണ്യവിളകളുടെ ഉല്‍പാദനം കുറയുന്നു, വനവിഭവങ്ങളുടെ കുറവ് എന്നിവയുണ്ടാകുന്നു. വാണിജ്യാവശ്യത്തിനുള്ള മരംമുറിയിലൂടെ വനവ്യാപ്തി കുറയുന്നു, മണ്ണ് നഷ്ടപ്പെടുന്നു.
നിയമവിരുദ്ധ നിര്‍മാണങ്ങള്‍, ഖനനം, ക്വാറി തുടങ്ങിയവയിലൂടെ പൊതുസ്ഥലം വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുന്നു. ടൂറിസത്തിന്‌റെ പേരില്‍ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ നിര്‍മിക്കുന്നു. മൂന്നാറിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ രാഷ്ട്രീയ പ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ഇതിന് ഒത്താശ ചെയ്യുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകും.
പ്രദേശത്ത് പ്രധാനമായും കൃഷി ചെയ്യുന്ന നാണ്യവിള തേയിലയാണ്. മൂന്നാറിന് വനത്തിന്‌റെ വ്യാപ്തി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ ജൈവവൈവിധ്യം ഉയര്‍ത്താന്‍ കഴിയും.
മേല്‍ പറഞ്ഞവ കൂടാതെ ഓരോ പ്രദേശത്തിന്‌റെയും വിശദമായ വിവരങ്ങളും ഹര്‍ജിയിലുണ്ട്.
കൂടാതെ, കയ്യേറ്റവുമായി ബന്ധപ്പെട്ട് കേരള റെവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. നിവേദിത പി ഹരണിന്‌റെ റിപ്പോര്‍ട്ട് കൂടി ഊന്നിയാണ് പി. പ്രസാദ് ഹരിത ട്രൈബ്യൂണലിന് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡോ. നിവേദിത മുന്നോട്ടു വയ്ക്കുന്ന ചില നിര്‍ദേശങ്ങളാണ് ഇടുക്കി ജനതയെ ഭയപ്പെടുത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ഹ്രസ്വകാലം, ദീര്‍ഘകാലം എന്നിങ്ങനെ തിരിച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ ദീര്‍ഘകാല നിര്‍ദേശത്തില്‍ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലുക്കുകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് പറയുന്നു. കൂടാതെ ഈ മൂന്നു താലൂക്കുകളിലെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അംഗീകാരം നല്‍കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും വേണം. റെവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം, ടൂറിസം, പൊലീസ്, പരിസ്ഥിതിപ്രവര്‍ത്തകര്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കണം.
സോണല്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. കൂടാതെ ഓരോ പരിസ്ഥിതി ലോല പഞ്ചായത്തുകളിലും (ചിന്നക്കനാല്‍, പള്ളിവാസല്‍, ബൈസണ്‍വാലി, വാഗമണ്‍) സബ് പ്ലാനുകളും വേണം.
വീടു നിര്‍മാണം സബ് കളക്ടര്‍/ആര്‍ഡിഒ, റെവന്യൂ വകുപ്പ് എന്നിവരുടെ എന്‍ഒസി വാങ്ങിയ ശേഷം മാത്രം പഞ്ചായത്തില്‍നിന്ന് നിര്‍മാണാനുമതി.
വാണിജ്യ നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി ആഘാത പഠനം.
നിലവിലുള്ള ഹോട്ടല്‍, റിസോട്ടുകള്‍, ഹോളിഡേ ഹോമുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവയെല്ലാം പരിശോധിച്ച് മുറികള്‍, ജലം-വൈദ്യുതി ആവശ്യം, ഖരമാലിന്യങ്ങള്‍, മലിനീകരണ വസ്തുക്കളുടെ പുറംതള്ളല്‍ എന്നിവ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം.
കേരളത്തിന്‌റെ ചോലവനങ്ങളുടെ പ്രധാന മേഖലയാണ് മൂന്നാര്‍. ചോല വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേണം.
പി. പ്രസാദിന്‌റെ ഹര്‍ജിയില്‍ 2020 ജൂണ്‍ 12ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹിയറിങ് നടത്തിയിരുന്നു.
കര്‍ഷകര്‍ ഭയപ്പെടാന്‍ കാരണമുണ്ട്
കൃഷിയിടങ്ങളിലെ വന്യമൃഗശല്യത്തിനെതിരേ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള നടപടി സ്വീകരിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളത്തിലേത്. മാത്രമല്ല വനംവകുപ്പ്-കര്‍ഷക സംഘര്‍ഷങ്ങളും കുടിയിറക്കലുകളും വ്യാപകമായി മലയോര മേഖലകളില്‍ നടക്കുന്നു. അതുകൊണ്ടുതന്നെ തുടര്‍ഭരണം ഉണ്ടായാല്‍ തങ്ങള്‍ കുടിയൊഴിക്കപ്പെടുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു. പ്രത്യേകിച്ച് സിപിഐ കൈവശം വച്ചേക്കാവുന്ന വകുപ്പുകളാണ് വനവും റെവന്യൂവും. അതുകൊണ്ടുതന്നെയാണ് കര്‍ഷകര്‍ക്ക് ഭീതിയേറുന്നത്.