വീണ്ടും കൂപ്പുകുത്തി ബ്രോയിലര്‍ കോഴിക്കുഞ്ഞിന്റെ വില, ഇന്നത്തെ വില 10 രൂപ
Mail This Article
തീറ്റവിലക്കയറ്റവും കോവിഡ്-19 ഭീതിയും മൂലം ബ്രോയിലര്‍ മേഖല തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന പ്രവണത തുടരുന്നു. ഇന്നലെ വൈകുന്നേരം 13 രൂപയിലേക്കു താഴ്ന്ന കുഞ്ഞുങ്ങളുടെ വില ഇന്ന് രാവിലെ 11ന് 10 രൂപയിലേക്കു കൂപ്പുകുത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുള്ള പല്ലടത്തുനിന്ന് കേരളത്തിലേക്ക് കൂടുതലും ഒരു ദിവസം പ്രായമായ ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളെത്തുന്നത്. കര്‍ഷകര്‍ എടുക്കാന്‍ മടിക്കുന്നതിനെത്തുടര്‍ന്ന് നഷ്ടം സഹിച്ചും കുഞ്ഞുങ്ങളുടെ വില കുറയ്ക്കാന്‍ ഹാച്ചറി ഉടമകള്‍ നിര്‍ബന്ധിതരാവുകയാണ്. കുഞ്ഞുങ്ങളെ എങ്ങനെയെങ്കിലും വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലാണ് ഹാച്ചറികള്‍.
ഹാച്ചറി ഉടമകളുടെ സംഘടനയുടെ തീരുമാനം അനുസരിച്ച് ഇന്നത്തെ വില പല്ലടത്ത് 10 രൂപയും കേരളത്തില്‍ 12 രൂപയുമാണ്. ഹാച്ചറികളില്‍നിന്ന് കുഞ്ഞുങ്ങളെ എടുത്ത് കര്‍ഷകരിലേക്ക് എത്തിക്കുന്ന ഒട്ടേറെ ഏജന്റുമാര്‍ കേരളത്തിലുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വില കുറഞ്ഞ സാഹചര്യത്തില്‍ വിട്ടിലേക്കുള്ള ആവശ്യത്തിന് വളര്‍ത്തിയെടുക്കാന്‍ കേരളത്തില്‍ ഒട്ടേറെ പേര്‍ കുഞ്ഞുങ്ങളെ അന്വേഷിക്കുന്നുണ്ട്.
ഈ ആഴ്ച ബ്രോയിലര്‍ കോഴികള്‍ക്കുള്ള സ്റ്റാര്‍ട്ടര്‍, പ്രീ സ്റ്റാര്‍ട്ടര്‍ തീറ്റകള്‍ക്ക് 100 രൂപയും ഫിനിഷര്‍ തീറ്റയ്ക്ക് 75 രൂപയും ഉയര്‍ന്നിട്ടുണ്ട്. തീറ്റയിലെ ചേരുവകള്‍ക്ക് ഇനിയും വില വര്‍ധിച്ചാല്‍ തീറ്റ വില ഇനിയും ഉയരും. അതും കര്‍ഷകര്‍ക്കും ഹാച്ചറികള്‍ക്കും വെല്ലുവിളിയാകും. അതേസമയം, കുഞ്ഞുങ്ങളെയും തീറ്റയും വില്‍പനയുമെല്ലാം മാംസസംസ്‌കരണവുമെല്ലാം സ്വയം നടത്തുന്ന വന്‍കിട ഫാമുകള്‍ക്ക് ഏറെക്കുറെ പിടിച്ചുനില്‍ക്കാനാകും.
കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാന്‍ ചുവടെയുള്ള നമ്പരുകള്‍ പ്രയോജനപ്പെടുത്താം.
9846113640, 8075873437 (Abdul Khadher)
8281256625
8590922132 (Manu)