ADVERTISEMENT

വീട്ടുമുറ്റത്തെ മത്സ്യക്കുളത്തിൽ വളർന്ന തിലാപ്പിയ മത്സ്യത്തിന് തൂക്കം 3.2 കിലോഗ്രാം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള പനയ്ക്കപ്പാലം ചള്ളാവയലിൽ ജെല്ലു സേവ്യറിന്റെ കുളത്തിൽ വളർന്ന തിലാപ്പിയ മത്സ്യമാണ് ഈ തൂക്കത്തിലേക്ക് എത്തിയത്. മൂന്നു വർഷം മുൻപ് വല്ലാർപാടം ആർജിസിഎയിൽനിന്ന് കൊണ്ടുവന്ന ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) മത്സ്യക്കുഞ്ഞുങ്ങളിൽ ഇപ്പോൾ അവശേഷിക്കുന്ന ഒരെണ്ണമാണ് ഈ തൂക്കത്തിലേക്ക് എത്തിയത്. 

അക്വാപോണിക്സ് രീതിയിലായിരുന്നു ജെല്ലു ഗിഫ്റ്റ് മത്സ്യങ്ങളെ വളർത്തിയിരുന്നത്. 2019ൽ മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ ജെല്ലുവിന്റെ കുളത്തിലും വെള്ളം കയറി. ഭൂരിഭാഗം മത്സ്യക്കുഞ്ഞുങ്ങളും പ്രളയത്തിൽ നഷ്ടപ്പെട്ടെങ്കിലും കുറച്ചു മത്സ്യങ്ങളെ നഷ്ടപ്പെടാതെ രക്ഷിച്ചെടുക്കാനും കഴിഞ്ഞു. വീട്ടുമുറ്റത്തെ പടുതക്കുളത്തിൽ ഏതാനും ജയന്റ് ഗൗരാമികളെക്കൂടി ജെല്ലു വളർത്തുന്നുണ്ട്. ആ കുളത്തിലേക്കും ഏതാനും ഗിഫ്റ്റ് മത്സ്യങ്ങൾ എത്തിപ്പെട്ടു. പിന്നീട് അവ അവിടെ കിടന്നു വളരുകയായിരുന്നു.

ഏതാനും മാസങ്ങൾക്കു മുൻപ് ജയന്റ് ഗൗരാമികളുടെ കൂടെയുണ്ടായിരുന്ന ഗിഫ്റ്റ് മത്സ്യങ്ങളെ മറ്റൊരു ടാങ്കിലേക്ക് മാറ്റിയിരുന്നു. അവയെല്ലാംതന്നെ 1 കിലോയ്ക്കു മുകളിൽ തൂക്കത്തിലേക്കും എത്തിയിരുന്നു. അവയിൽ ഏറ്റവും വലുതിനെ നലനിർത്തി അവശേഷിക്കുന്നവയെ ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്തു. ജയന്റ് ഗൗരാമികൾക്കു നൽകിയിരുന്ന ചേമ്പിലയായിരുന്നു ഇവരുടെയും ഭക്ഷണം. മാത്രമല്ല, ഗൗരാമികളുടെ പ്രജനനം നടന്നപ്പോൾ അവയുടെ മുട്ടകളും ഗിഫ്റ്റ് മത്സ്യങ്ങൾ ആഹാരമാക്കിയിരുന്നിരിക്കണം. കാരണം, ഗൗരാമികൾ മുട്ടയിടുന്നുണ്ടായിരുന്നെങ്കിലും കുഞ്ഞുങ്ങളെ ലഭിക്കുന്നുണ്ടായിരുന്നില്ല. അതായിരിക്കാം 100 ചതുരശ്ര അടി പോലും വലുപ്പമില്ലാത്ത ചെറിയ കുളത്തിൽ തിലാപ്പിയ മത്സ്യങ്ങൾക്ക് ഇത്ര വലുപ്പം വയ്ക്കാനുള്ള കാരണം. 

തിലാപ്പിയ മത്സ്യങ്ങളിൽ ഏറ്റവും വളർച്ച ലഭിക്കുന്ന സ്ട്രെയിൻ ആണ് ഗിഫ്റ്റ് എന്ന് എംപിഇഡിഎ–ആർജിസിഎ ഡപ്യൂട്ടി ഡയറക്ടറും വല്ലാർപാടം മൾട്ടിസ്പീഷിസ് അക്വാകൾച്ചർ സെന്റർ പ്രോജക്ട് മാനേജരുമായ ഡോ. ടി.ജി. മനോജ് കുമാർ പറഞ്ഞു. ഗിഫ്റ്റിന്റെ ഓരോ തലമുറകളിലും എട്ടു ശതമാനം അധിക വളർച്ചാനിരക്ക് ലഭിക്കുന്നുണ്ട്. 5 മാസംകൊണ്ട് 500 ഗ്രാം തൂക്കമാണ് ആർജിസിഎ ഉറപ്പുനൽകുന്നത്. 11 മാസംകൊണ്ട് രണ്ടു കിലോ തൂക്കം എത്തിയ കർഷകരും കേരളത്തിലുണ്ടെന്ന് അദ്ദേഹം കർഷകശ്രീയോടു പറഞ്ഞു. എന്നാൽ, ചെറിയ കുളത്തിൽ 3 കിലോയിലേക്ക് എത്തിയത് അപൂർവ സംഭവമാണ്. തിലാപ്പിയ എട്ടു മാസത്തിനുള്ളിൽ വിളവെടുത്തു പൂർത്തിയാക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നും ഡോ. മനോജ് കുമാർ പറ​ഞ്ഞു.

ലോകത്തെമ്പാടും ഏറെ ജനപ്രീതിയുള്ള വളർത്തുമത്സ്യമാണ് തിലാപ്പിയ. 140 രാജ്യങ്ങളിൽ ഇവയെ വളർത്തിവരുന്നുണ്ട്. 

English summary: Genetically Improved Farmed Tilapia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com