‘ഇറച്ചിക്കോഴിക്ക് കൊള്ളവില... കർഷകരും വ്യാപാരികളും വൻ ലാഭമുണ്ടാക്കുന്നു...’ എന്താണ് സത്യം?
Mail This Article
നോമ്പുകാലത്ത് പൊതുവെ ഇറച്ചിവിപണി സമ്മർദ്ധാവസ്ഥയിൽ ആണെങ്കിലും കേരളത്തിൽ ഇറച്ചിക്കോഴിവില കുതിക്കുകയാണ്. 100–110 രൂപയിൽനിന്ന് കോഴിവില 150നു മുകളിൽ എത്തിയിരിക്കുന്നു. കോഴിവില ഉയർന്നതിനൊപ്പം വ്യാപാരികളും കർഷകരും കൊള്ളവില ഇടാക്കുകയാണെന്ന് വില ഇടിക്കാൻ ശ്രമമുണ്ടാകണം എന്ന പേരിൽ സോഷ്യൽ മിഡിയ കാമ്പയിനും ചിലർ ആരംഭിച്ചിട്ടുണ്ട്. വില ഉയരുന്നതിനാൽ കോഴി വാങ്ങാതെ വില ഇടിക്കണമെന്നാണ് ഇക്കൂട്ടരുടെ ആഹ്വാനം.
വിലക്കയറ്റത്തിനു പിന്നിൽ?
കേരളത്തിലും കേരളത്തിലേക്ക് കോഴി കയറ്റിവിടുന്ന തമിഴ്നാട്ടിലും കോഴിക്ക് ക്ഷാമമാണെന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ലഭ്യത കുറയുമ്പോൾ ഉൽപന്നത്തിന് വില ഉയരുന്നതാണല്ലോ വിപണിരീതി. അതുതന്നെയാണ് ഇപ്പോൾ കോഴിയിലും പ്രതിഫലിക്കുന്നത്. അതോടൊപ്പം കോഴീത്തീറ്റയുടെ വിലവർധനയും തീറ്റവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. അടിക്കടിയുള്ള വിലവർധനയ്ക്കുശേഷം ഏതാനും ദിവസങ്ങൾക്കു മുമ്പ് കോഴിത്തീറ്റ വില ചാക്കൊന്നിന് 50–70 രൂപ വരെ വീണ്ടും വർധിച്ചിട്ടുണ്ട്.
ഇപ്പോൾ വിപണിയിലേക്കെത്തുന്ന കോഴികളിൽ ശരാശരി 90 രൂപയാണ് ഫാം റേറ്റ് ആയി കർഷകന് ലഭിക്കുന്നത്. 40 രൂപയുടെ കുഞ്ഞിനെ വാങ്ങി 43 രൂപയോളം ഒരു കിലോ തീറ്റയ്ക്കും ചെലവാക്കിയാണ് ഓരോ കർഷകനും കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ ഇടുന്നത്. ഒരു കിലോ ശരീരഭാരം കൈവരിക്കാൻ 1.5–1.6 കിലോ തീറ്റയെങ്കിലും ഒരു കോഴി കഴിക്കും. അതുകൊണ്ടുതന്നെ ഉൽപാദനച്ചെലവിന് ആനുപാതികമായൊരു വില കർഷകർക്ക് ലഭിക്കുന്നില്ല. ഇനിയും കോഴിവില കൂടും എന്നതാണ് കർഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന സൂചന.
തീറ്റ വില ഉയർന്നതുമൂലം ഒട്ടേറെ കർഷകർ മേഖലയിൽനിന്ന് വിട്ടുനിന്നിരുന്നു. തീറ്റവില താഴാതെ മേഖലയിലേക്ക് ഇറങ്ങാൻ മടിക്കുകയാണ് പലരും.
സംസ്ഥാനത്ത് കേരള ചിക്കന്റെ വ്യാപനത്തോടെ സാധാരണ ഇറച്ചിക്കോഴിക്കടകൾ പൂട്ടേണ്ട സ്ഥിതിയിൽ എത്തിയിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. സർക്കാർ സഹായം ലഭിക്കുന്നതാണ് ഇതിന്റെ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.