സൗരോർജ നനയ്ക്ക് സർക്കാർ സഹായം
Mail This Article
കൂടിയ മുതൽമുടക്കാണ് സോളർ പമ്പുകളില്‍നിന്നു കൃഷിക്കാരെ അകറ്റുന്നത്. വിശേഷിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമായ കേരളത്തിൽ സൗരോർജത്തിനായി വൻതുക മാറ്റിവയ്ക്കാൻ ആരും തയാറാകില്ല. എന്നാൽ നിലവിൽ കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്‌ഷൻ ഉപയോഗിക്കുന്നവർക്കും വൈദ്യുതി വിതരണം എത്തിച്ചേരാത്ത ഒറ്റപ്പെട്ട കൃഷിയിടങ്ങളിലും സൗരോർജ പമ്പുകൾ സ്വീകരിക്കാം. ഈ വിഭാഗങ്ങളിൽപെട്ടവർ ക്കായി 2 സബ്സിഡി പദ്ധതികൾ ഇപ്പോൾ ലഭ്യമാണ്. പിഎം കുസും കമ്പോണന്റ് സി എന്ന ആദ്യ പദ്ധതി നിലവിൽ കാർഷിക വൈദ്യുതി കണക്‌ഷൻ എടുത്തിട്ടുള്ളവർക്കു വേണ്ടിയാണ്. നിലവിലുള്ള നാമമാത്ര വൈദ്യുതിച്ചെലവു കൂടി ഒഴിവാക്കാൻ ഇതുപകരിക്കും, കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകൾ ചേർന്ന് 60 ശതമാനം സബ്സിഡിയാണ് ഈ വിഭാഗത്തിനു നൽകുന്നത്. താൽപര്യമുള്ളവർ www.buymysun.com വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അനർട്ട് ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടാം.
വൈദ്യുതി ഇതര മാർഗങ്ങളായ ഡീസൽ–മണ്ണെണ്ണ എൻജിനുകള്‍ ഉപയോഗിച്ചു നനയ്ക്കുന്നവർക്കായി പിഎം കുസും കമ്പോണന്റ് ബി എന്ന പദ്ധതിയുമുണ്ട്. കൃഷിയിടത്തിൽ വൈദ്യുതിവിതരണശൃംഖല എത്തിച്ചേർന്നിട്ടില്ലാത്തവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ അനർട്ട് ജില്ലാ ഓഫിസുമായി ബന്ധപ്പെടണം. ഒരു എച്ച്പി ശേഷിയുള്ള സോളർ പമ്പുകൾക്ക് ഒരു ലക്ഷം രൂപയോളം വില വരുമെങ്കിലും സബ്സിഡി കുറച്ചശേഷം 42,000 രൂപ മുടക്കിയാൽ മതി. സർക്കാർ അംഗീകൃത കമ്പനികളുടെ പമ്പുകൾ മാത്രമേ പദ്ധതിപ്രകാരം വാങ്ങാനാകൂ.
English summary: Solar irrigation can transform Indian agriculture