പൂവിട്ട് മക്കച്ചോളം: കേരള ഫീഡ്സിന്റെ പത്തേക്കർ ചോളക്കൃഷി മുതലമടയിൽ
Mail This Article
പൂവിട്ട് കേരള ഫീഡ്സിന്റെ മക്കച്ചോളക്കൃഷിയിടം. കേരള സർക്കാർ 2022-23 ബഡ്ജറ്റിൽ കേരള ഫീഡ്‌സിന് അനുവദിച്ച വിഹിതത്തിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചോളക്കൃഷിയാണ് മികച്ച രീതിയിൽ മുന്നേറുന്നത്. മുതലമട ക്ഷീരസംഘത്തിന്റെ പത്തേക്കർ സ്ഥലത്താണ് ചോളക്കൃഷി.
സാന്ദ്രീകൃത കാലിത്തീറ്റ നിർമാണത്തിന്റെ പ്രധാന അസംസ്കൃതഘടകങ്ങളിലൊന്നായ മക്കച്ചോളം സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ ഇതരസംസ്ഥാനങ്ങളെയാണ് ചോളത്തിനായി ആശ്രയിക്കുന്നത്. ചോളോൽപാദക സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഉൽപന്നത്തിന്റെ വില ഉയരുകയും ചെയ്തു. കാലിത്തീറ്റയിൽ ഊർജസ്രോതസായിട്ടാണ് ചോളത്തിന്റെ പൊടി ഉപയോഗിക്കുന്നത്. മറ്റു ജീവികളുടെ തീറ്റയിലും ഇതേ ആവശ്യത്തിനായി ചോളം ചേർക്കുന്നുണ്ട്.
ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള മക്കച്ചോളവിത്ത് ഉപയോഗിച്ച് ICARന്റെ കീഴിലുള്ള IIMRലെ സാങ്കേതികവിദഗ്ധരായ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലാണ് ക്യഷി. കേരള ഫീഡ്‌സിന്റെ കാലിത്തീറ്റകൾ നിർമാണത്തിന് ആവശ്യമായ ചോളം ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി വിജയമായാൽ കാലിത്തീറ്റയുടെ വിലക്കയറ്റം പിടിച്ചു നിർത്താനും ഗുണമേന്മയുള്ള കാലിത്തീറ്റ ക്ഷീരകർഷകർക്ക് ലഭ്യമാക്കാനും സാധിക്കും.