മൃഗചികിത്സയ്ക്ക് ക്ലിനിക്ക് വീട്ടിലെത്തും, ഉദ്ഘാടനം ഇന്ന്; വാഹനത്തിന് 16 ലക്ഷം, നിസാരമല്ല ഈ വെറ്ററിനറി യൂണിറ്റ്
Mail This Article
കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ഇന്ന് നാടിനു സമർപ്പിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള്‍’ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിലാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുള്ളത്. മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ ഫ്ലാഗ് ഓഫ് കർമവും കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാന ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽവച്ച് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രുപാലയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേർന്ന് നിർവഹിക്കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധക്ഷത വഹിക്കും.
4.64 കോടി രൂപയുടെ പദ്ധതി
‘ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ’ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ മൊബൈൽ വെറ്റിനറി യൂണിറ്റ് എന്ന ഘടകത്തിനു കീഴിലാണ് കേരള സംസ്ഥാനത്തിന് 29 മൊബൈൽ യൂണിറ്റുകൾ അനുവദിച്ചത്. ഇതിനായി കേന്ദ്രസർക്കാർ 4.64 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വാഹനത്തിന്റെ ചെലവ് 16 ലക്ഷം രൂപ. ഇതിൽ വാഹനം വാങ്ങുന്ന ചെലവും, വാഹനത്തിന്റെ അകത്ത് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതും ഉൾപ്പെടും.
സംസ്ഥാനത്തെ 29 ബ്ലോക്കുകളിലേക്കാണ് ഈ വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിൽ 3 ബ്ലോക്കുകളിലും മറ്റു ജില്ലകളിൽ 2 ബ്ലോക്കുകൾ വീതവുമാണ് ഈ വാഹനങ്ങൾ നൽകുന്നത്. ഈ വാഹനങ്ങളുടെ തുടർ നടത്തിപ്പു ചെലവ് (ജീവനക്കാരുടെ വേതനം, മരുന്നുകൾ, ഇന്ധനച്ചെലവ്) 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരും വഹിക്കും. കരാറടിസ്ഥാനത്തിൽ ഓരോ വാഹനത്തിലും ഒരു വെറ്റിനറി ഡോക്ടർ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റന്ഡന്റ് എന്നിങ്ങനെ മൂന്നു പേര് സേവനത്തിനായി ഉണ്ടാകും.
പ്രാരംഭഘട്ടത്തിൽ 29 ബ്ലോക്കുകളിലും ഉച്ചയ്ക്കു ശേഷം 1 മുതൽ 8 വരെയാണ് ഈ വാതിൽപ്പടി സേവനം ലഭ്യമാക്കുക.
വെറും വെറ്ററിനറി യൂണിറ്റല്ല
വെളിച്ചമില്ലാത്ത സന്ദർഭങ്ങളിൽ വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റർ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ടോൾഫ്രീ നമ്പറിൽ നിന്നുള്ള കർഷകരുടെ കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടാബ്‌ലെറ്റ്, പശുക്കളിൽ ബീജാധാനത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം യൂണിറ്റിലുണ്ടാകും.
ഈ മൊബൈൽ യൂണിറ്റുകൾ എല്ലാം തന്നെ ഒരു കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെ നിയന്ത്രിക്കും. കർഷകർക്കും, പൊതുജനങ്ങൾക്കും ‘1962’ എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ ഈ കാൾ സെന്ററുമായി ബന്ധപ്പെടാം. അവരുടെ ആവശ്യങ്ങളും സംശയങ്ങളും പ്രസ്തുത കാൾ സെന്ററിൽ അറിയിക്കണം. മൊബൈൽ യൂണിറ്റുകൾ കർഷകരുടെ വീട്ടുപടിക്കൽ എത്തേണ്ടതുണ്ടെങ്കിൽ കാൾസെന്റർ ഈ യൂണിറ്റുകളെ കർഷകരുമായി ബന്ധിപ്പിക്കും.
സംസ്ഥാനമൊട്ടാകെ സേവനം നൽകാൻ സാധിക്കുന്ന ഈ കാൾ സെന്റർ സംവിധാനം തിരുവനന്തപുരത്താണ്. ഒരു വെറ്റിനറി ഡോക്ടർ, 3 കാൾ എക്സിക്യൂട്ടീവുകൾ എന്നിവർ മുഖേനയാണ് ആദ്യഘട്ടത്തിൽ ഇതു പ്രവർത്തിച്ച തുടങ്ങുക. ഘട്ടംഘട്ടമായി ഇതിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി മുഴുവൻ സമയവും പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം.
മൊബൈൽ വെറ്റിനറി യൂണിറ്റ് ശമ്പള വിവരം (മാസം)
വെറ്റിനറി ഡോക്ടർ - 50,000 രൂപ
പാരാവെറ്റ് - 20,000 രൂപ
ഡ്രൈവർ കം അറ്റൻഡ് - 18,000 രൂപ
കോൾ സെന്റർ സംവിധാനം ശമ്പള വിവരം (മാസം)
വെറ്റിനറി ഡോക്ടർ - 50,000 രൂപ
കോൾ സെന്റ് എക്സിക്യൂട്ടീവ് - 15,000 രൂപ
മൊബൈൽ വെറ്റിനറി യൂണിറ്റുകളുടെ സേവനം കർഷകർക്ക് നൽകുന്നതിന് ഫീസ് നിരക്ക് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
സേവന നിരക്ക്
- കന്നുകാലികൾ, പൗൾട്രി: 450 രൂപ; കൃത്രിമ ബീജാധാനം നൽകുന്നുണ്ടെങ്കിൽ 50 രൂപ കൂടി അധികമായി ചാർജ് ചെയ്യും.
- അരുമമൃഗങ്ങൾ: 950 രൂപ
- ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 രൂപ.
വെറ്ററിനറി ആംബുലൻസ് സേവനം ലഭ്യമാകുന്ന ജില്ല, ബ്ലോക്ക്, സ്ഥാപനത്തിന്റെ പേര്
1. തിരുവനന്തപുരം
നെടുമങ്ങാട് (VPC നെടുമങ്ങാട്)
പാറശ്ശാല (VPC പാറശ്ശാല)
2. കൊല്ലം
ചടയമംഗലം (VH കടയ്ക്കൽ)
അഞ്ചൽ (VH അഞ്ചൽ)
3. പത്തനംതിട്ട
പറക്കോട് (VPC അടൂർ)
മല്ലപ്പള്ളി (VH മല്ലപ്പള്ളി)
4. ആലപ്പുഴ
കഞ്ഞിക്കുഴി (VH കണിച്ചുകുളങ്ങര), മുതുകുളം(VH മുതുകുളം)
5. ഇടുക്കി
കട്ടപ്പന (VPC കട്ടപ്പന), ദേവികുളം (VPC മൂന്നാർ), അഴുത (VD വണ്ടിപെരിയാർ)
6. കോട്ടയം
കാഞ്ഞിരപ്പള്ളി (VPC കാഞ്ഞിരപ്പള്ളി), വൈക്കം (VH വൈക്കം)
7. എറണാകുളം
കോതമംഗലം (VH ഊന്നുകൽ), മുളന്തുരുത്തി (VPC മുളന്തുരുത്തി)
8. തൃശ്ശൂർ
മതിലകം (VH മതിലകം), പഴയന്നൂർ (VH പഴയന്നൂർ)
9. പാലക്കാട്
പട്ടാമ്പി (VH പട്ടാമ്പി), അട്ടപ്പാടി (VH അഗളി)
10. മലപ്പുറം
തിരൂർ (VPC തിരൂർ), നിലമ്പൂർ (VH നിലമ്പൂർ)
11. കോഴിക്കോട്
കൊടുവള്ളി (VD താമരശ്ശേരി), തൂണേരി (VH തൂണേരി)
12. വയനാട്
മാനന്തവാടി (VPC മാനന്തവാടി), സുൽത്താൻ ബത്തേരി (VHസുൽത്താൻബത്തേരി)
13. കണ്ണൂർ
പയ്യന്നൂർ (VPC പയ്യന്നൂർ), ഇരിട്ടി (VPC ഇരിട്ടി)
14. കാസർകോട്
കാഞ്ഞങ്ങാട് (VH കാഞ്ഞങ്ങാട്), കാസർകോട് (DVC കാസർകോട്)