സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ഫെബ്രുവരി 10 മുതൽ 15 വരെ മണ്ണുത്തിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Mail This Article
സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേത്യത്വത്തിൽ ആറു ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമം ഈ മാസം 10 മുതൽ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും. ഫെബ്രുവരി 10 വെള്ളിയാഴ്ച്ച രാവിലെ പത്തിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ പതാക ഉയർത്തുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരസംഗമത്തിന് തുടക്കമാകും. തുടർന്ന് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. കേരള ഡെയറി എക്സ്പോ, മാധ്യമ ശിൽപശാല, ക്ഷീര കർഷക അദാലത്ത്, കർഷക സെമിനാർ, സഹകാരികൾക്കും ക്ഷീരസംഘം ജീവനക്കാർക്കുമുള്ള ശിൽപശാല, വനിതാ സംരംഭകത്വ ശിൽപശാല, ദേശീയ ഡെയറി സെമിനാർ, ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനം, ക്ഷീര സഹകാരി അവാർഡ് ദാനം, നാടൻ പശുക്കളുടെ പ്രദർശനം, കലാസന്ധ്യകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, എന്നീ വൈവിധ്യമാർന്ന പരിപാടികൾ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടക്കും. മൃഗസംരക്ഷണ വകുപ്പ്, മിൽമ, കേരള ഫീഡ്സ്, കെഎൽഡി ബോർഡ്, വെറ്ററിനറി സർവകലാശാല, ക്ഷീരസംഗങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്ഷീരസംഗമം നടക്കുന്നത് .
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അഡ്വ. കെ.രാജൻ, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, ജി.ആർ.അനിൽ, വി.എൻ.വാസവൻ, പി.രാജീവ്, എം.ബി.രാജേഷ്, പി.പ്രസാദ്, ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ചിറ്റയം ഗോപകുമാർ, മേയർ എം.കെ.വർഗീസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാർ, എംഎൽഎമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി സാമൂഹിക സാംസ്കാരിക, ഔദ്യോഗിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.