ക്ഷീരഗ്രാമം പദ്ധതി കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കും: മന്ത്രി; സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ന് തുടക്കമായി
Mail This Article
ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. തൃശൂർ മണ്ണുത്തിയിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് മാടക്കത്തറ പഞ്ചായത്തിൽ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം 20 പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ വീതം 10 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. പശുക്കളെ വാങ്ങുക, തൊഴുത്ത് നിർമാണം, ക്ഷീരമേഖല യന്ത്രവൽകരണം, തീറ്റപ്പുൽക്കൃഷി തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ഗുണഭോക്താക്കളിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് അടുത്ത വർഷം മുതൽ കൂടുതൽ ഇടങ്ങളിലേക്കു പദ്ധതി വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ 84 കറവപ്പശുക്കളെ വാങ്ങുന്നതിനുള്ള അനുമതിപത്രം മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ എന്നിവർ കർഷകർക്ക് കൈമാറി.
സംസ്ഥാനത്തിനകത്തു തന്നെ കൂടുതൽ തനത് പശുക്കളേയും സങ്കരയിനം പശുക്കളേയും ഉൽപ്പാദിപ്പിക്കാനുള്ള പ്രത്യുൽപ്പാദന നടപടികൾ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് വഴി സ്വീകരിച്ചു വരികയാണെന്നും ഇതിലൂടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പശുക്കളുടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ക്ഷീരസംഗമം ചെയർമാൻ കൂടിയായ റവന്യൂമന്ത്രി അഡ്വ. കെ.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.വിനയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ.സുരേഷ് ബാബു, കെ.പി.പ്രശാന്ത്, പുഷ്പ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ രാവിലെ മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് ക്യാംപസിൽ നടന്ന ചെടങ്ങിൽ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമത്തിന് പതാകയുയർന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ പതാക ഉയർത്തി. ചടങ്ങിൽ തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ, തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ രേഷ്മ ഹെമേജ്, മിൽമ ചെയർമാൻ കെ.എസ്.മണി, കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, കേരള വെറ്റിനറി ആനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ എം.ആർ ശശീന്ദ്രനാഥ്, എറണാകുളം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ചെയർമാൻ എം.ടി.ജയൻ എന്നിവർ പങ്കെടുത്തു.
പടവ് 2023നോടനുബന്ധിച്ച് മാധ്യമ ശിൽപശാലയും വെറ്ററിനറി കോളജ് ക്യംപസിൽ നടന്നു. ‘എ1, എ2 പാൽ– ചില ധാരണകൾ’ എന്ന വിഷയത്തിൽ ഡോ. കെ.അനിൽകുമാർ, ‘പേവിഷബാധയും മറ്റു ജന്തുജന്യ രോഗങ്ങളും’ എന്ന വിഷയത്തിൽ ഡോ. വൃന്ദ മേനോൻ, ‘പാൽ, പാലുൽപന്നങ്ങൾ : ഉപയോഗം, അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ കെ.ബി.ദിവ്യ, ‘ഇറച്ചിക്കോഴി, മുട്ട, ഉപോൽപന്നങ്ങൾ–മിഥ്യാ ധാരണകളും പ്രചാരണങ്ങളും’ എന്ന വിഷയത്തിൽ ഡോ. എസ്.ഹരികൃഷ്ണൻ, ‘കാർഷിക റിപ്പോർട്ടിങ്– ആധുനിക പ്രവണതകൾ’ എന്ന വിഷയത്തിൽ കർഷകശ്രീ ഓൺലൈൻ സബ് എഡിറ്റർ ഐബിൻ കാണ്ടാവനം, കുഫോസ് ഡയറക്ടർ ഓഫ് കമ്യൂണിക്കേഷൻ രാജു റാഫേൽ എന്നിവർ ക്ലാസുകൾ നയിച്ചു.