കുറഞ്ഞ സ്ഥലത്ത് സ്ഥാപിക്കാം വെർട്ടിക്കൽ ഗാർഡൻ: 10,525 രൂപ സബ്സിഡി
Mail This Article
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐസിഎആര്‍) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് - സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു. ഒരു ച. മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കാന്‍ കഴിയുന്ന 4 അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികള്‍, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീല്‍ മാധ്യമം (ചകിരിച്ചോര്‍), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ സംരക്ഷണ പദാർഥങ്ങള്‍, 25 ലീറ്റര്‍ സംഭരണശേഷിയുള്ള തുളളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം. 22,100 രൂപ ആകെ ചെലവ് വരുന്ന ഒരു യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 10,525 രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. https://serviceonline.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗുണഭോക്തൃവിഹിതമായ 11575 രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂര്‍ അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള പി.ഒ., പാളയം, തിരുവനന്തപുരം
ഫോൺ: 0471 2330857, 9188954089
English summary: Vertical Farming Scheme from Government