കൊച്ചി മെട്രോയെ പച്ചപ്പണിയിച്ച് ചെമ്പരത്തിയും പൈനാപ്പിളും, ചെടികൾ പാലായിൽനിന്ന്; 'പക്ഷേ...'
Mail This Article
കൊച്ചി മെട്രോ റെയിൽപാതയുടെ അടിയിലൂടെ സഞ്ചരിക്കുമ്പോൾ ആരുടെയും കണ്ണിലുടക്കുക ഭംഗിയായി വെട്ടിയൊരുക്കി വളർത്തിയ ചെമ്പരത്തിച്ചെടികളായിരിക്കും. ചെമ്പരത്തി മാത്രമല്ല പൈനാപ്പിളും മറ്റ് അലങ്കാര ഇലച്ചെടികളും കൊച്ചി മെട്രോയുടെ സൌന്ദര്യവൽകരണത്തിന്റെ ഭാഗമായി മീഡിയനുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ട്രീസ്കേപ്സ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്കാണ് ചെടികൾ നട്ടു പരിപാലിക്കുന്ന ചുമതല. കൊച്ചി മെട്രോയുടെ നാനൂറോളം മീഡിയനുകളിൽ ഇപ്പോൾ ചെടികൾ നട്ടു പരിപാലിക്കുന്നുണ്ടെന്ന് ട്രീസ്കേപ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ കെ.സി.അലക്സ്. ഇതിൽ പ്രധാനമായും ചെമ്പരത്തിച്ചെടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാടൻ ചെടിയിനം എന്നതിലുപരി ഭംഗിയായി വെട്ടിയൊരുക്കി നിർത്താം എന്ന നേട്ടവുമുണ്ടെന്ന് അദ്ദേഹം പറയുന്നു.
സ്പോൺസർമാരെ കണ്ടെത്തിയാണ് ഓരോ മീഡിയനുകളും ചെടികൾ നട്ടു വളർത്തിയെടുക്കുന്നത്. സ്പോൺസർമാരുടെ ബ്രാൻഡിങ്ങും നിശ്ചിത അളവിൽ മീഡിയനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ചെടികൾ മൂന്നടിക്കു മുകളിൽ ഉയരം വയ്ക്കാൻ പാടില്ലെന്ന നിബന്ധനയുമുണ്ട്. അതുകൊണ്ടുതന്നെ വെട്ടിയൊരുക്കുന്നു. പൂക്കൾക്ക് പ്രാധാന്യം നൽകുന്നില്ല. മാസം ഒരു തവണയെങ്കിലും ഇത്തരത്തിൽ ചെടികൾ പ്രൂൺ ചെയ്യുന്നുണ്ട്. മാത്രമല്ല വളപ്രയോഗവുമുണ്ട്. ടാങ്കറിൽ വെള്ളമെത്തിച്ചാണ് നന.
ചെടികൾ ഭംഗിയായി വയ്ക്കുന്നതിനുള്ള അധ്വാനത്തിനും സമയത്തിനും പുറമേ മെട്രോയുടെ മീഡിയനുകൾ ഭംഗിയായി സൂക്ഷിക്കാൻ തങ്ങൾ വെല്ലുവിളി നിരിടുന്നുണ്ടെന്നും അലക്സ് കർഷകശ്രീയോടു പറഞ്ഞു. ചെടികൾക്കിടയിൽ ആളുകൾ മാലിന്യം ഉപേക്ഷിക്കുന്നതാണ് അതിലൊന്ന്. ചെടികളുടെ മോഷമാണ് മറ്റൊരു വെല്ലുവിളി. വളർന്നുനിൽക്കുന്ന ചെടികൾ മോഷ്ടിക്കുമ്പോൾ അതിനൊപ്പം വളർന്ന തൈകൾ വയ്ക്കാൻ കഴിയില്ല. ഇത് അംഭംഗിയായി മാറാറുണ്ട്. ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നാണ് അലക്സിന്റെ അഭ്യർഥന.
പാലാ സ്വദേശിനിയായ ആൻസി മാത്യുവാണ് മീഡിയനുകളിൽ വളർത്താനുള്ള ചെമ്പരത്തിത്തൈകൾ ഉൽപാദിപ്പിക്കുന്നത്. അടുത്തിടെ അയ്യായിരത്തോളം ചെമ്പരത്തിത്തൈകൾ പാലായിൽനിന്ന് കൊച്ചിയിലെത്തിച്ചിരുന്നു. ഇടുക്കിയിൽ വേലിക്കായി ചെമ്പരത്തി ഉപയോഗിക്കുന്നതുകൊണ്ടുതന്നെ തൈകൾ ഉൽപാദിപ്പിക്കുന്നതിനുള്ള തണ്ടുകൾ കുമളി, അണക്കര പോലുള്ള സ്ഥലങ്ങളിൽനിന്നായിരുന്നു എത്തിച്ചത്. ചാണകപ്പൊടിയും മണ്ണും ചേർന്ന നടീൽ മിശ്രിതം കൂടയ്ക്കുള്ളിൽ നിറച്ചാണ് തണ്ടുകൾ നട്ടത്.
ഫോൺ 8590044441