ADVERTISEMENT

പശുക്കളെയും കേരളത്തിലെ ക്ഷീരകർഷകരെയും സ്നേഹിച്ചിരുന്ന ഒരു വെറ്ററിനേറിയനായിരുന്നു ഡോ. അനി എസ്. ദാസ്. മൃഗസംരക്ഷണ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനു ചുക്കാൻ പിടിച്ച വ്യക്തി. ഇന്ന് ദൂരദർശൻ കാർഷിക പരിപാടിയായ കൃഷിദർശന്റെ സ്റ്റുഡിയോയിൽവച്ച് ഈ ലോകത്തോട് വിടപറയുന്നതിന് തൊട്ടു മുൻപു പറഞ്ഞതും കർഷകർക്ക് 2024 നല്ലൊരു വർഷമാവട്ടെ എന്നായിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ അസി. ഡയറക്ടറായിരുന്ന ഡോ. ഷാഹുൽ ഹമീദിനൊപ്പം 2024ലെ കാർഷിക മേഖലയുടെ പ്രതീക്ഷകളക്കുറിച്ചു സംസാരിച്ചുതുടങ്ങവെയായിരുന്നു ഡോ. അനി എസ്. ദാസ് കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മരണം സംഭവിച്ചു. 

കേരളത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പൊതു മേഖലാ സ്ഥാപനങ്ങളുടെയെല്ലാം അമരത്തിരുന്ന ദീർഘദർശിയായ വെറ്ററിനേറിയനായിരുന്നു ഡോ. അനി എസ്. ദാസ്. കെഎൽഡി ബോർഡ്, കെഎസ്പിഡിസി, എംപിഐ, കേരള ഫീഡ്സ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു. കേരള ഫീഡ്സിന്റെ എംഡിയായിരുന്ന കാലത്തായിരുന്നു കാലിത്തീറ്റയുടെ ഉൽപാദനവും വിൽപനയും പുതിയ ഉയരങ്ങൾ കീഴടക്കിയത്. അതായത് പ്രതിദിനം ആയിരം മെട്രിക് ടൺ ഉൽപാദനം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഇടുക്കിയിലും കോഴിക്കോട്ടും പുതിയ കാലിത്തീറ്റ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഒപ്പം കേരള ഫീഡ്സ് ലിമിറ്റഡിനെ ലാഭത്തിലേക്ക് എത്തിക്കാനായതും ഡോ. അനി എസ് ദാസിന്റെ മാനേജ്മെന്റ് വൈഭവംകൊണ്ടുതന്നെ. 

കേരള കാർഷിക സർവകലാശാലയിൽനിന്ന് വെറ്ററിനറി സയൻസസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അനി എംജി സർവകലാശാലയിൽനിന്ന് എംബിഎയും ബെർലിൻ ഫ്രേ യൂണിവേഴ്സിറ്റിയിൽനിന്ന് ഫോറിൻ ട്രേഡിൽ ഡിപ്ലോമയും യുകെ സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എച്ച്എസിസിപി സർട്ടിഫിക്കേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 

കേരള കാർഷിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് നാഷനൽ ഡെയറി ഡെവലപ്മെന്റ് ബോർഡിൽ എക്സിക്യൂട്ടീസ് സർവീസിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ നൂതന മാനേജ്മെന്റ് രീതികൾ മുൻനിർത്തി കേരള സർക്കാർ മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യയുടെ എംഡിയായി നിയമിച്ചു. എംപിഐയുടെ പ്രവർത്തനങ്ങൾ ലാഭത്തിലാക്കിയശേഷം അദ്ദേഹത്തിന്റെ കർമണ്ഡലം കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ് ആയിരുന്നു. കെഎൽഡി ബോർഡ് എംഡിയായിരുന്ന കാലത്താണ് കുളത്തൂപ്പുഴയിലും മാട്ടുപ്പെട്ടിയിലും കോലാഹലമേട്ടിലും ഹൈടെക് ലൈവ്സ്റ്റോക് ഫാമുകൾ ആരംഭിച്ചത്. മാട്ടുപ്പെട്ടി, ധോണി സെമൻ സ്റ്റേഷനുകളെ എ ഗ്രേഡ് സെമൻ സ്റ്റേഷനുകളായി അപ്ഗ്രേഡ് ചെയ്തു. കെഎൽഡിബിയെ ലാഭകരമാക്കുക മാത്രമല്ല ചെയ്തത്. സർക്കാരിന് ലാഭവിഹിതം നൽകാനും ഡോ. അനി എസ് ദാസിനു കഴിഞ്ഞു. ഭാരത സർക്കാരിന്റെ സെമൻ റെഗുലേറ്ററി അതോറിറ്റി, ബൊവൈൻ ബ്രീഡിങ് ആക്ട് എന്നിവയിൽ എക്സ്പേർട്ട് അംഗവുമായിരുന്നു. 2006ൽ പാരീസിൽ നടന്ന മൃഗാരോഗ്യ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. മൃഗസംരക്ഷണ മേഖലയിൽ ഇൻഡോ-ജർമൻ, ഇൻഡോ-ഫ്രാൻസ് സഹകരണമുണ്ടാകാനും അദ്ദേഹം കാരണമായി. ഏറ്റവുമൊടുവിൽ കേരള കാർഷിക സർവകലാശാലയുടെ പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയായിരുന്നു വിയോഗം.

എറണാകുളം സഹകരണ മെഡിക്കൽ കോളജിലെ മെഡിസിൻ ഫാക്കൽറ്റിയായ ഡോ. വിജിയാണ് ഭാര്യ. മകൾ നിഖിത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com