ADVERTISEMENT

2013 മുതൽ 2020 വരെ നീണ്ട എട്ടു വർഷക്കാലം പന്തളം വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജനായുള്ള എന്റെ ഔദ്യോഗിക സേവന കാലം. കന്നുകാലി വളർത്തൽ കൊണ്ട് ഉപജീവനം നടത്തിപ്പോരുന്ന നൂറു കണക്കിന് പാവപ്പെട്ട ക്ഷീരകർഷകർ ഉണ്ടവിടെ. തങ്ങളുടെ മൃഗങ്ങളെ തങ്ങൾക്കു ആദായമുണ്ടാക്കാനുള്ള ഒരു വെറും 'കറവപ്പശു'വായി മാത്രം കാണാതെ, അവയെ തങ്ങളുടെ കുടുംബാംഗങ്ങളായി കരുതി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്ന കർഷകർ.

സർക്കാർ ഉദോഗസ്ഥർ എന്ന നിലയിൽ നാം ചെയ്യുന്ന സേവനങ്ങളെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്ന ആ ജനങ്ങളോടൊപ്പം പ്രവർത്തിക്കുമ്പോൾ, സ്ഥാപന മേധാവിയായ എന്റെ ഒപ്പം തികഞ്ഞ കൃത്യനിഷ്ഠയോടെ ആത്മാർഥത‌യോടെ, ജനസേവനം നടത്താൻ സദാ സന്നദ്ധരായ എന്റെ സഹപ്രവർത്തകരോടുമൊപ്പം പ്രവർത്തിക്കുമ്പോൾ, ആ നീണ്ട എട്ടു വർഷക്കാലം  എന്റെ ഔദ്യോഗിക ജീവിതത്തിലെ മരിച്ചാലും മായാത്ത ഓർമകളായി എന്റെ ഓർമ ചെപ്പിൽ നിറയുന്നു.

എന്റെ സർവീസ് കാലയളവിൽ എന്നോടൊപ്പം പ്രവർത്തിച്ച ജീവനക്കാരിൽ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സഹപ്രവർത്തക എന്നോടൊപ്പം പന്തളം മൃഗാശുപത്രിയിൽ ജീവനക്കാരിയായുണ്ടായിരുന്നു. പേര് സാബീദാമ്മ. എന്നും കൃത്യ സമയത്ത് ജോലിക്കെത്തും സബീദാമ്മ. മൃഗാശുപത്രി തുറക്കുന്നതും അടയ്ക്കുന്നതും സാബീദാമ്മയാണ്. ഭർത്താവ് ഷെരീഫിനോടൊപ്പംഒരു പഴയ സ്കൂട്ടറിലാണ് വരവും പോക്കും. നാട്ടുകാരെല്ലാം ഷെരീഫ് അണ്ണൻ എന്ന് വിളിച്ചിരുന്ന സാബീദാമ്മയുടെ ഭർത്താവിനെ "മച്ചാൻ" എന്നാണ് സാബീദാമ്മ വിളിച്ചിരുന്നത്. ഞാൻ അടക്കമുള്ള മൃഗാശുപത്രി ജീവനക്കാർക്കും "മച്ചാൻ" ആയിരുന്നു ഷെരീഫ് അണ്ണൻ. മൃഗാശുപത്രി ജോലിയുടെ ഭാഗമായി പഞ്ചായത്തിലും ട്രഷറിയിലും മറ്റു സ്ഥലങ്ങളിലുമൊക്കെ പോകാൻ സാബീദാമ്മയുടെ സഹായി ആയി "മച്ചാനും" ഉണ്ടാകും മിക്ക ദിവസങ്ങളിലും.

മൃഗാശുപത്രിയിൽ തൂത്തു വാരാനും വെള്ളം കോരാനും മൃഗങ്ങളെ നിയന്ത്രിക്കാനും ഒക്കെ പാർട്ട്‌ ടൈം സ്വീപ്പർ ഇല്ലാത്ത ദിവസങ്ങളിൽ ഞങ്ങളാരും പറയാതെ തന്നെ മച്ചാൻ അതൊക്കെ സ്വന്തം ജോലി എന്ന മട്ടിൽ ചെയ്തു പോന്നിരുന്നു. ഒരു പ്രതിഫലവും ചോദിക്കുകയുമില്ല. കൊടുത്താലൊട്ട് വാങ്ങുകയുമില്ല. എല്ലാ ബലി പെരുന്നാൾ ദിവസങ്ങളിലും മൃഗാശുപത്രിയിലെ എല്ലാ ജീവനക്കാർക്കും, ഞാൻ ആശുപത്രിയിൽ സംരക്ഷിച്ചിരുന്ന രണ്ടു തെരുവ് നായ്ക്കൾക്കും വരെ വീട്ടിൽ നിന്നും തയാറാക്കിയ ബിരിയാണിയുമായി എത്തിയിരുന്നു ഞങ്ങളുടെയെല്ലാം മച്ചാൻ.

എല്ലാം കൊണ്ടും പന്തളം മൃഗാശുപത്രിയിലെ ഞാൻ അടക്കമുള്ള മുഴുവൻ ജീവനക്കാരുടെയും പ്രിയപ്പെട്ടവരായിരുന്നു സാബീദാമ്മയും ഞങ്ങളുടെ "മച്ചാനും". ആ സാബീദാമ്മയ്ക്ക് ഒരു സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഒരു അബദ്ധമാണ് ഈ  ഓർമ്മക്കുറിപ്പിന് ആധാരം.

2015  ഓഗസ്റ്റ്  14.

ഓഫീസ് അടയ്ക്കാറായ സമയത്താണ് എനിക്ക് ഓർമ വന്നത്. സാബീദാമ്മയോട് ഞാൻ നാളെ ദേശീയ പതാക ഉയർത്തുന്നതിനു രാവിലെ 7 മണിക്കു തന്നെ ഓഫീസിൽ എത്തിച്ചേരണം എന്നു പറഞ്ഞില്ലല്ലോ എന്ന കാര്യം. സബീദാമ്മയും മച്ചാനും ചേർന്ന് ഓഫീസ് അടയ്ക്കാൻ തയാറെടുക്കുകയാണ്. ഞാൻ സബീദാമ്മ യെയും ഒപ്പം ഉണ്ടായിരുന്ന മച്ചാനെയും വിളിച്ചു.

‘‘സാബീദാമ്മേ, നാളെ നമ്മുടെ സ്വാതന്ത്ര്യദിനം ആണ്. രാവിലെ 7നു തന്നെ എത്തണം ഓഫീസിൽ. ഞാനും എത്താം അപ്പോഴേക്കും. പതാക ഉയർത്തൽ കഴിഞ്ഞു നിങ്ങൾ വീട്ടിലേക്കു തിരിച്ചു പോയി കാപ്പികുടി ഒക്കെ കഴിഞ്ഞ് പിന്നീട് വന്നാൽ മതി ഡ്യൂട്ടിക്ക്.’’

സബീദാമ്മയും  മച്ചാനും സമ്മതം എന്ന മട്ടിൽ തല കുലുക്കി കൊണ്ട് ചിരിച്ചു.

"സാർ പറയും പോലെ ഞങ്ങൾ അതിരാവിലെ എത്തി കൊള്ളാം സാർ..."

അല്ലെങ്കിലും ഓഫീസർ ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും രണ്ടാൾക്കും എപ്പോഴും സമ്മതമാണ് അത് ചെയ്യുന്നതിന്. ഞങ്ങൾ ആശുപത്രി പൂട്ടി വീട്ടിലേക്കു പോകാൻ തുടങ്ങുമ്പോഴാണ് എനിക്ക് ഒരു തോന്നൽ ഉണ്ടായത്. കഴിഞ്ഞ റിപ്പബ്ലിക് ഡേ–ക്ക് ഉയർത്തിയ  ഓഫീസിന്റെ ദേശീയ പതാക സൂക്ഷിച്ചുവച്ചേക്കാൻ ഏൽപ്പിച്ചിരുന്നത് സാബീദാമ്മയെ ആയിരുന്നു.

ഇന്നു തന്നെ ആ പതാകയും അത് ഉയർത്തുന്നതിനുള്ള നീളമുള്ള ദണ്ഡും എല്ലാം എടുത്ത് തയാറാക്കിവച്ചിട്ട് പോയാൽ മതി വീട്ടിൽ. നാളെ രാവിലെ ഫയലുകൾക്കിടയിൽ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന പതാക തിരക്കി കണ്ടു പിടിക്കുന്നതിനു സമയം കളയേണ്ട. ഇന്നു തന്നെ എല്ലാം തയാറാക്കിവച്ചിട്ട് പോകാം.

ഈ കാര്യം ഞാൻ സാബീദാമ്മയോട് പറഞ്ഞു.

സബീദാമ്മ വീണ്ടും എനിക്കു നേരെ തലയാട്ടി സമ്മതം അറിയിച്ചു. അതനുസരിച്ചു ഞങ്ങൾ തിരിച്ചു പൂട്ട് തുറന്ന് ഓഫീസിൽ കയറി. ഞാൻ എന്റെ റൂമിൽ ഇരുന്നു. സബീദാമ്മയും മച്ചാനും ഓഫീസിലെ ദേശീയ പതാക എടുത്ത് കൊണ്ട് വരുന്നതിനായി അകത്തെ റൂമിലേക്കു പോയി.

നേരം കുറെ ആയിട്ടും അകത്തെ മുറിയിലേക്കു പോയ സാബീദാമ്മയെയും മച്ചാനെയും കാണുന്നില്ല. അവർ  പതാക തിരയുക ആവും. കഴിഞ്ഞ റിപ്പബ്ലിക് ഡേയ്ക്ക് ഉയർത്തിയ ശേഷം,സബീദാമ്മ തന്നെ ആണ് അത് തിരിച്ച് അഴിച്ച് പ്ലാസ്റ്റിക് കവറിനുള്ളിലാക്കി അലമാരയിൽ സൂക്ഷിച്ചിരിക്കുന്നത്. പതാക കണ്ടു  കിട്ടി കാണില്ല. വലിയ ഫയലുകൾക്കിടയിൽ പെട്ട് കാണും. അതാവും അവർ തിരിച്ചു വരാൻ താമസിക്കുന്നത്. ഞാൻ കാത്തിരുന്നു.

വീണ്ടും കുറെ നേരം കഴിഞ്ഞപ്പോഴും അവർ രണ്ടാളുടെയും അനക്കവും ഇല്ല, ആളും ഇല്ല എന്നെനിക്ക് തോന്നിയപ്പോൾ ഞാൻ സാബീദാമ്മയെ വിളിച്ചു...

‘സബീദാമ്മേ, എന്താ ദേശീയ പതാക ഇനിയും കണ്ടു കിട്ടിയില്ലേ..? എന്താ താമസിക്കുന്നെ.? പോകുന്ന വഴിക്ക് എനിക്ക് രണ്ടു കേസും അറ്റൻഡ് ചെയ്യാനുണ്ട്.. ഇനിയും വൈകണ്ട. നിങ്ങളെ അല്ലെ  ഞാൻ നമ്മുടെ പതാക സൂക്ഷിച്ചുവയ്ക്കാൻ ഏൽപ്പിച്ചിരുന്നത്. നിങ്ങൾ രണ്ടാളും ഇങ്ങ് എന്റെ റൂമിലേക്ക്‌ വാ...’

എന്റെ വാക്കുകൾക്ക് കാത്തിരുന്ന മട്ടിൽ സാബീദാമ്മയും മച്ചാനും പെട്ടെന്ന് എന്റെ മുന്നിൽ ഹാജരായി. അവർ രണ്ടാളുടെയും മുഖം വിളറി വെളുത്തിരുന്നു. രണ്ടാളുടെയും മുഖം അവർ എന്തോ വലിയ കുറ്റം ചെയ്തു എന്ന മട്ടിൽ കുനിഞ്ഞിരുന്നു.

‘എന്താ സാബീദാമ്മേ, പതാക ഇനിയും കണ്ടു കിട്ടിയില്ലേ? മറന്നു പോയോ നിങ്ങൾ അത് ഏത് അലമാരിയിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന കാര്യം?’

എന്റെ ചോദ്യത്തിന് മറുപടി ആയി സാബീദാമ്മ തന്റെ കൈകളിൽ ചുരുട്ടിപ്പിടിച്ചിരുന്ന ദേശീയ പതാക എനിക്കു നേരെ നീട്ടിക്കാണിച്ചു. ഞാൻ അവരുടെ കയ്യിൽ നിന്നും ആ പതാക ഏറ്റു വാങ്ങി. പതാക ഞാൻ നിവർത്തി. ഞാൻ ഞെട്ടിപ്പോയി.

ആ ദേശീയ പതാക ഈർപ്പം  നിറഞ്ഞ അലമാരയിൽ വെച്ചിരുന്നത് കൊണ്ടാകാം കരി പിടിച്ച നിലയിൽ പൂപ്പൽ ബാധിച്ചു നശിച്ച നിലയിലായിരുന്നു. ഈ പതാക നാളെ ഉയർത്താൻ ആകില്ല. ത്രിവർണ്ണ പതാകയിലെ മൂന്ന് നിറങ്ങളും തിരിച്ചറിയാനാവാത്ത വിധം അത് നശിച്ചിരുന്നു.

ഞാൻഅവരെ രണ്ടാളെയും നോക്കി. അവരുടെ  മുഖമെനിക്ക് കാണാൻ കഴിഞ്ഞില്ല. അപ്പോഴും അവർ രണ്ടാളുടെയും തല കുമ്പിട്ട നിലയിൽ തന്നെ ആയിരുന്നു.

​ഞാൻ അവരെ സമാധാനിപ്പിച്ചു.

ഈ പതാക കേടായിപ്പോയ കാര്യം ഇന്നു തന്നെ കണ്ടു പിടിച്ചത് നന്നായി. നാളെ ആയിരുന്നെങ്കിൽ ആകെ പ്രശ്നമായേനെ.."

പുതിയ പതാക വാങ്ങാൻ പണം സാബീദാമ്മയെ ഏൽപ്പിച്ച ശേഷം ഞങ്ങൾ ആശുപത്രി പൂട്ടി വീട്ടിലേക്കു തിരിച്ചു.

രാത്രിയിൽ മച്ചാൻ വിളിച്ചു പറഞ്ഞു; ‘സാർ, ദേശീയ പതാക ഞങ്ങൾ പത്തനംതിട്ടയിൽ പോയി വാങ്ങി. രാവിലെ 7നു തന്നെ ഞങ്ങൾ രണ്ടാളും ആശുപത്രിയിൽ എത്തിക്കൊള്ളാം"

2015 ഓഗസ്റ്റ് 15.

ലോകമെങ്ങുമെങ്ങുള്ള ഭാരതീയർ മൂവർണ്ണ ദേശീയ പതാക ഉയർത്തി തങ്ങളുടെ സ്വാതന്ത്ര്യമാഘോഷിക്കുന്ന അഭിമാന ദിനം.

രാവിലെ ഓഫീസിൽ എത്തിയപ്പോൾ സബീദാമ്മ സന്തോഷത്തോടെയും അഭിമാനത്തോടെയും തങ്ങൾ വാങ്ങി കൊണ്ട് വന്ന പുതിയ ദേശീയ പതാക എനിക്കു നേരെ നീട്ടി.

ഞങ്ങൾ സ്ഥാപനത്തിൽ ദേശീയ പതാക ഉയർത്തി.

അതിനു ശേഷം ഞാൻ അവർ രണ്ടാളോടും പറഞ്ഞു.

"സാബീദാമ്മ യും മച്ചാനും ഓർക്കുന്നുണ്ടോ എന്നറിയില്ല. കഴിഞ്ഞ റിപ്പബ്ലിക് ഡേ ക്ക് നമ്മുടെ പഞ്ചായത്തിലെ ചില ഓഫീസുകളിൽ കൃത്യ സമയത്ത് ദേശീയ പതാക ഉയർത്തിയില്ല എന്ന കാരണത്താൽ ചില സംഘടനക്കാർ ടൗണിൽ പ്രകടനം നടത്തുകയും ആ ഓഫീസുകളിൽ അടുത്ത ദിവസം ചെന്ന് ബഹളം ഉണ്ടാക്കുകയും പോലീസിൽ കേസ് കൊടുക്കുകയും,

ദേശീയ ദിനത്തിൽ സ്ഥാപനത്തിൽ പതാക ഉയർത്താതിരുന്നതിനു പോലീസുകാർ ആ ഓഫീസുകളിലെ മേലധികാരികൾക്കെതിരെ ദേശദ്രോഹക്കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്യുകയും ഉണ്ടായി എന്ന് പഞ്ചായത്തിൽ നിന്നും ഞാൻ അറിഞ്ഞിരുന്നു. നിങ്ങൾ അത് അറിഞ്ഞിരുന്നോ എന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് എല്ലാ റിപ്പബ്ലിക് ഡേ ക്കും സ്വാതന്ത്ര്യ ദിനത്തിനും ഓഫീസിൽ കൃത്യമായി പതാക ഉയർത്തണം എന്ന ഓർമ്മ ഉണ്ടായിരിക്കണം എല്ലാ ജീവനക്കാർക്കും. ഈ പ്രാവശ്യം പോലീസും, ചില സംഘടനക്കാരും ഒക്കെ ഓഫീസുകളിൽ പതാക ഉയർത്തിയിട്ടുണ്ടോ എന്ന് നോക്കാൻ വരാനിടയുണ്ട്. അതുകൊണ്ട് ഈ കാര്യം ഒരിക്കലും മറന്നു പോകരുത്. നമ്മുടെ ഓഫീസ് റോഡ് സൈഡിൽ ആയോണ്ട് പതാക ഉയർത്തിയോ ഇല്ലയോ എന്ന് അവർക്കൊക്കെ പെട്ടെന്ന് അറിയാനും കഴിയും. അതുമാത്രമല്ല, രാജ്യത്തെ ഉത്തരവാദിത്തമുള്ള പൗരന്മാർ എന്ന നിലയിൽ അത് നമ്മുടെ കർത്തവ്യവുമാണ്. "

എന്റെ വാക്കുകൾക്ക് അവർ രണ്ടാളും തലയാട്ടി സമ്മതം മൂളി.

മൃഗാശുപത്രിയിൽ എന്നെത്തെയും പോലെ തിരക്ക് തുടങ്ങി. പത്തര ആയപ്പോൾ ആശുപത്രിയിൽ നിന്നും കുറെ ദൂരെ ആയി ഒരു വീട്ടിൽ ഒരു പശു പ്രസവത്തോടെ വീണു കിടക്കുന്നു എന്നറിയിച്ച് ഫോൺ വന്നതു കാരണം ഞാൻ ആ കേസ് നോക്കാനായി പോയി. മറ്റു രണ്ടു ജീവനക്കാർ അസുഖം മൂലം അവധിയിൽ ആയതിനാൽ സബീദാമ്മ മാത്രമേ ഓഫീസിൽ  ഡ്യൂട്ടിയിൽ ഉള്ളൂ.

ഞാൻ ആ വീണു കിടക്കുന്ന പശുവിനു മരുന്ന് നൽകി തിരികെ ആശുപത്രിയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ സബീദാമ്മയുടെ കോൾ വന്നു.

എന്നെ ഇങ്ങോട്ട് മൊബൈലിൽ വിളിച്ചിട്ടു സാബീദാമ്മ ഒന്നും പറയുന്നില്ല. അതുകൊണ്ട് ഞാൻ അങ്ങോട്ട് ചോദിച്ചു,

"എന്താ സാബീദാമ്മേ, ആരെങ്കിലും ആശുപത്രിയിൽ മരുന്നിന് വന്നോ.? ഞാൻ ഇവിടുന്ന് പുറപ്പെട്ട് കഴിഞ്ഞു. അഞ്ചു മിനിറ്റ് നുള്ളിൽ ഓഫീസിൽ തിരിച്ചെത്തും." 

ഇത് കേട്ട സാബീദാമ്മ പരിഭ്രമിച്ചു കൊണ്ട് പറഞ്ഞു. 

"സാർ, ഓഫീസിൽ ഒരു പൊലീസ് ജീപ്പിൽ മൂന്നാലു പൊലീസുകാർ വന്നു നിൽക്കുന്നു. യൂണിഫോം ഇട്ടവരാണ്. സാർ എന്തിയെ... എവിടെ പോയി എന്ന് എന്നോട് ചോദിക്കുന്നു. എനിക്ക് പേടിയാവുന്നു സാറേ. അവർ വല്ല കേസും എടുക്കുമോ...? "

ഞാൻ ഉടൻ അവിടെ എത്തിക്കോളാം. അവരോട് അവിടെ വെയിറ്റ് ചെയ്യാൻ മാത്രം പറയാൻ പറഞ്ഞിട്ട് ഞാൻ ഓഫീസിലേക്കു തിരിച്ചു.

ഓഫീസിൽ തിരിച്ചെത്തിയ ഞാൻ പുറത്ത് പോലീസ് ജീപ്പോ, ഓഫീസിനുള്ളിൽ പോലീസുകാരെയോ കണ്ടില്ല.

എന്നെ കണ്ട ഉടൻ ചിരിച്ചു കൊണ്ട് സാബീദാമ്മ ഓടി വന്നു.

‘‘സാറെ, അത് മറ്റു പ്രശ്നം ഒന്നും ഇല്ലായിരുന്നു.  പന്തളം ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള ആ വലിയ മരങ്ങളിൽ കൂട് കെട്ടി താമസിക്കുന്ന കഴുത്ത് നീണ്ട ആ വലുപ്പമുള്ള ദേശാടന പക്ഷികളെ സാറ് കണ്ടിട്ടില്ലേ....? ആ കൂട്ടത്തിൽ നിന്നും രണ്ടെണ്ണം ഇന്ന് രാവിലെ എങ്ങനെയോ കൂട്ടിൽ നിന്നും താഴെ വീണു. അവയുടെ ശരീരത്തിൽ ഏതോ ബൈക്ക് കാരന്റെ ബൈക്ക് തട്ടി മുറിവ് പറ്റി. പോലീസ്‌കാരെ ആരോ വിളിച്ചു പറഞ്ഞതനുസരിച്ചു അവർ ആ മുറിവ് പറ്റിയ  രണ്ട് ദേശാടന പക്ഷികളെ ഒരു ചാക്കിൽ ഇട്ടു ചികിത്സയ്ക്കായി ഇവിടെ കൊണ്ട് വന്നിട്ട് സാറിനെ അന്വേഷിച്ചതാണ്, സാർ എവിടെ പോയെന്നും, എപ്പോൾ മടങ്ങി വരും എന്നുമൊക്കെ.....! ഞാൻ അങ്ങ് പേടിച്ചു പോയി സാറെ. യൂണിഫോം ഒക്കെ ഇട്ട ആ പൊലീസുകാർ  പൊലീസ് ജീപ്പിൽ പെട്ടെന്ന് വന്ന് സാറിനെ തിരക്കിയപ്പോൾ.....!’’

അപ്പോഴും അവർ ചിരി അടക്കാൻ വല്ലാതെ പാടുപെടുന്നതായി എനിക്ക് തോന്നിയിരുന്നു.

പൊലീസ് ഏൽപിച്ച ആ പക്ഷികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ആ പൊലീസുകാർ ജീപ്പിൽ വീണ്ടും എത്തി.  സാബീദാമ്മയെ നോക്കി ആ പൊലീസുകാരും, അവരെ  നോക്കി സാബീദാമ്മയും വല്ലാതെ ചിരിച്ചുകൊണ്ടിരിക്കുന്നതായി എനിക്കു തോന്നി. ചികിത്സ കഴിഞ്ഞ് പക്ഷികളെയും കൊണ്ട് അവർ തിരിച്ചു പോയി.

അതിന് ശേഷം ഞാൻ സബീദാമ്മയോടു ചോദിച്ചു " എന്തിനാ ആ പൊലീസുകാരെ നോക്കി നിങ്ങളും നിങ്ങളെ നോക്കി അവരും വല്ലാത്ത അർഥത്തിൽ ചിരിച്ചു കൊണ്ടിരുന്നത്?എന്താ പറ്റിയത്?’’

"സാറേ, അത് പറയാനാ ഞാനിപ്പം ഇങ്ങോട്ട് വന്നത്. സാറിത് ആരോടും പറയരുത്. എനിക്കൊരു അബദ്ധം പറ്റി. ഞാൻ മച്ചാന്റെ അസുഖത്തെക്കുറിച്ചും, ഇന്നലെ പുതിയ പതാക വാങ്ങാൻ പോയതിനെക്കുറിച്ചും ഒക്കെ ഓർത്തുകൊണ്ട് ഇവിടെ ഈ വരാന്തയിൽ ഇരിക്കുകയായിരുന്നു. അങ്ങനെ പുറത്തോട്ടു നോക്കി ഇരിക്കുമ്പോഴാണ് ആ പൊലീസ് ജീപ്പ് വന്നത്. ഞാൻ കരുതി  അവർ  ഇവിടെ വന്നത് കഴിഞ്ഞ പ്രാവശ്യം പന്തളത്തെ ചില ഓഫീസുകളിൽ ദേശീയ പതാക ഉയർത്താത്തതിനെതിരെ കേസ് എടുത്തത് പോലെ നമുക്കെതിരെ കേസ് എടുക്കാൻ ആയിരിക്കുമെന്ന്. അവർ നമ്മുടെ ഓഫീസിനു മുകളിൽ കെട്ടിയിരുന്ന ദേശീയ പതാക കണ്ടു കാണില്ല എന്നും കരുതി. അതുകൊണ്ടു തന്നെ ആശുപത്രിക്കുള്ളിലേക്ക് കയറി വന്ന ആ പൊലീസുകാരെ എല്ലാം വിളിച്ചു പുറത്തിയിറക്കി നമ്മുടെ ദേശീയ പതാക ഉയർത്തിയിരിക്കുന്നത് കാണിച്ച് ഇങ്ങനെ പറഞ്ഞു പോയി സാറെ അറിയാതെ, ‘സാറമ്മാരേ നിങ്ങള് ഈ ആശുപത്രിയുടെ മുകളിലോട്ട് ഒന്ന് നോക്കിയേ. എന്നിട്ടു മതി ഞങ്ങളുടെ സാറിനെതിരെ  ദേശീയ പതാക ഉയർത്താത്തതിന് കേസ് എടുക്കുന്നത്".

തനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ച് എന്നോട് പറയുമ്പോൾ സാബീദാമ്മ എന്ന എന്റെ നിഷ്‌ക്കളങ്കയായ ആ അറ്റെൻഡർ പൊട്ടിപൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com