കടന്നൽ കുത്തേറ്റു മരണം സംഭവിച്ചാൽ രണ്ടു ലക്ഷം: 10 ലക്ഷമെന്നത് വെട്ടിക്കുറച്ചു, ഇരട്ടത്താപ്പെന്ന് കിഫ
Mail This Article
വനത്തിനു പുറത്ത് തേനീച്ച, കടന്നൽ തുടങ്ങിയവയുടെ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം രണ്ടു ലക്ഷമാക്കിയതിനെതിരേ സ്വതന്ത്ര കർഷക സംഘടനയായ കിഫ രംഗത്ത്. പത്തു ലക്ഷം രൂപയായി നിശ്ചിയിച്ചിരുന്ന തുകയാണ് ജനുവരി 18ലെ മന്ത്രിസഭാ തീരുമാനം രണ്ടു ലക്ഷമായി വെട്ടിക്കുറച്ചത്.
ഇന്നലത്തെ മന്ത്രി സഭാ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മനോരമ ഓൺലൈൻ കർഷകശ്രീയോടു പ്രതികരിച്ചു. വനത്തിനകത്തുവച്ച് കടന്നൽ, തേനീച്ച കുത്തേറ്റു മരണപ്പെടുന്നവരുടെ ആശ്രിതർക്ക് മാത്രം പത്തു ലക്ഷം രൂപയും വനത്തിനു പുറത്തുവച്ച് മരണപ്പെടുന്നവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയും ആയി ഉത്തരവ് ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം. ഫലത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രം പ്രയോജനം ചെയ്യുന്നതാണീ തീരുമാനം. സാധാരണക്കാർ വനത്തിനകത്ത് അറിയാതെ കയറിയാൽ പോലും അതിക്രമിച്ചു കടന്നു എന്നു പറഞ്ഞു കേസെടുക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുള്ള നാടാണിത്. മാത്രമല്ല മന്ത്രിസഭാ തീരുമാനത്തിന് ഉത്തരവിറക്കിയ 25/10/2022 മുതൽ മുൻകാല പ്രാബല്യം നൽകിയതുവഴി ഇതിനകം ഏതെങ്കിലും പാവങ്ങൾക്ക് രണ്ടു ലക്ഷത്തിൽ കൂടിയ തുക നഷ്ട പരിഹാരമായി ലഭിച്ചിട്ടുണ്ടെങ്കിൽ അതികമായി ലഭിച്ച തുക തിരിച്ചടയ്ക്കേണ്ടതായും വരും.
വിവിധ സംസ്ഥാനങ്ങൾ വന്യജീവി അക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുമ്പോഴാണ് കേരളത്തിൽ തുക വെട്ടിക്കുറയ്ക്കുന്നതെന്നും അലക്സ് പറഞ്ഞു. മഹാരാഷ്ട്രയിൽ 25 ലക്ഷം രൂപയും കർണാടകയിൽ 15 ലക്ഷം രൂപയും മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകുന്നുണ്ട്. പാമ്പ് കടിയേറ്റു മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനമാണ് കേരളം. വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന കേന്ദ്ര ഉത്തരവ് നിലനിൽക്കുമ്പോഴാണ് കേരളത്തിൽ പാമ്പ് കടിയേറ്റു മരണപ്പെടുന്നവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ മാത്രം നൽകുന്നത്. ഈ നഷ്ട പരിഹാരം അടിയന്തിരമായി കേന്ദ്ര ഉത്തരവിൽ പറയുന്നത് പ്രകാരം വർധിപ്പിക്കണമെന്ന് ഒരു വർഷം മുൻപേ (09/12/2022) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല.
കടന്നൽ, തേനീച്ച ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ട പരിഹാരം വെട്ടിക്കുറയ്ക്കാനുള്ള സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനത്തിൽ കിഫ ശക്തമായി പ്രതിഷേധിക്കുന്നു. കൂടാതെ പാമ്പ് കടിയുൾപ്പെടെയുള്ള വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട പരിഹാരവും അടിയന്തിരമായി വർധിപ്പിക്കണമെന്നും കിഫ ആവശ്യപ്പെടുന്നു. 2018ലാണ് സംസ്ഥാനത്ത് നഷ്ട പരിഹാരം വർധിപ്പിച്ച് ഏറ്റവും അവസാനം ഉത്തരവിറക്കിയത്. സർക്കാർ ഉദ്യോഗസ്ഥരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും കൃത്യമായ ഇടവേളകളിൽ വർധിപ്പിക്കുന്ന സർക്കാർ വന്യ ജീവി അക്രമണത്തിനിരയാകുന്ന പാവങ്ങളുടെ കണ്ണീർ കാണാത്തത് ദൗർഭാഗ്യകരമാണെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രതികരിച്ചു
2022 ഒക്ടോബർ 25നാണ് വന്യ ജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകുന്ന പത്തു ലക്ഷം രൂപ നഷ്ട പരിഹാരത്തിന് തേനീച്ച, കടന്നൽ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതരെ കൂടി ഉൾപ്പെടുത്തി സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയത് (സ. ഉ ( കൈ) നം. 50/2022/F&WLD). കടന്നൽ, തേനീച്ച എന്നിവയെ വന്യമൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു പകരം 1980ലെ കേരള റൂൾസ് ഫോർ പേമെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് അനിമൽസ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ)യിൽ വന്യമൃഗം എന്ന നിർവചനപ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് (വനത്തിനകത്തോ പുറത്തോ) നൽകിവരുന്ന നഷ്ടപരിഹാരത്തുക കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ കുത്തോ കാരണം ജീവഹാനി സംഭവിച്ചാലും നൽകാവുന്നതാണ് എന്നായിരുന്നു സർക്കാർ ഉത്തരവ്.