കുട്ടിക്ഷീരകർഷകന്റെ വീടകം ക്ലാസ്മുറി; വീട്ടിലെത്തി പശുവളർത്തൽ പരിശീലനം നൽകി മൃഗസംരക്ഷണവകുപ്പ്
Mail This Article
'പശുക്കൾക്ക് നൽകാൻ യോജിച്ച നല്ല രീതിയിൽ ഊർജമടങ്ങിയ ചെലവ് കുറഞ്ഞ തീറ്റകളിൽ ഒന്നാണ് കപ്പയും കപ്പയുടെ അവശിഷ്ടങ്ങളുമൊക്കെ, പക്ഷേ തീറ്റയായി നൽകുമ്പോൾ ശ്രദ്ധിക്കാൻ പ്രത്യേകം ചില കാര്യങ്ങളുണ്ട്'- പരീശീലന ക്ലാസിൽ ഇത് പറയുമ്പോൾ കേൾക്കാൻ സദസ്സിന്റെ മുൻനിരയിൽ മാത്യു ബെന്നിയും ഒപ്പം വെള്ളിയാമറ്റം ഗ്രാമത്തിലെ ക്ഷീരകർഷകർ മിക്കവരുമുണ്ടായിരുന്നു. തീറ്റവിഷബാധയെ തുടർന്ന് പശുക്കൾ കൂട്ടമായി നഷ്ടപ്പെട്ട വേദനയിൽ വീണുപോവാതെ കേരളം ചേർത്തുപിടിച്ച തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്ഷീരകർഷകൻ മാത്യു ബെന്നിക്ക് പശുപരിപാലനത്തിൽ ശാസ്ത്രീയ പരിശീലനം നൽകാൻ എത്തിയതായിരുന്നു മൃഗസംരക്ഷണവകുപ്പ്. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചത്.
മൃഗസംരക്ഷണവകുപ്പ് കർഷക പരിശീലന പരിപാടികൾ സാധാരണ സംഘടിപ്പിക്കുന്നത് പരിശീലന കേന്ദ്രങ്ങളിലോ മറ്റ് ഓഡിറ്റോറിയങ്ങളിലോ വച്ചാണ്. എന്നാൽ, ഇത്തവണ മാത്യു ബെന്നിയുടെ വീട്ടിൽ തന്നെ പരിപാടി സംഘടിപ്പിക്കാനായിരുന്നു മന്ത്രിയുടെ നിർദേശം. മനോരമ കർഷകശ്രീയും ശാസ്ത്രീയ പശുപരിപാലനത്തെ പറ്റി മാത്യുവിന് പരിശീലനം നൽകണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു.
വാഗമൺ മൃഗസംരക്ഷണ പരീശീലനകേന്ദ്രമാണ് പരിപാടി ഒരുക്കിയത്. വീട്ടിനകത്ത് തന്നെയായിരുന്നു പരിശീലനമുറി. മാത്യു ബെന്നിയും സഹോദരൻ ജോർജ് ബെന്നിയും സഹോദരി ആൻമേരിയും അമ്മയും ഒപ്പം വെള്ളിയാമറ്റത്തെ കുറെയേറെ ക്ഷീരകർഷകരും രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട പരിശീലനപരിപാടിയിൽ പങ്കെടുത്തു.
തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസർ ഡോ. ഷീല സാലി ടി. ജോർജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വാഗമൺ മൃഗസംരക്ഷ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. എൻ.ആശാകുമാരി, വെറ്ററിനറി സർജന്മാരായ ഡോ. ഷീലു എലിസബത്ത് സൈമൺ, ഡോ. പാർവതി, ഡോ. എം.മുഹമ്മദ് ആസിഫ്, ഫീൽഡ് ഓഫീസർ സിബു എന്നിവർ പങ്കെടുത്തു.
കിടാപരിപാലനം മുതൽ ശുദ്ധമായ പാലുൽപാദനം വരെയുള്ള പശുപരിപാലനത്തിന്റെ വിവിധ വശങ്ങൾ ഒരു പകൽ നീണ്ട പരിശീലന പരിപാടിയിൽ ചർച്ചയായി.
സന്തോഷത്തിന്റെ പുതുപ്പിറവി
മാത്യു ബെന്നിയുടെ തൊഴുത്തിപ്പോൾ മേന്മയുള്ള പശുക്കളാൽ സമൃദ്ധമാണ്. തൊടുപുഴ എംഎൽഎ പി.ജെ.ജോസഫ് സമ്മാനിച്ച കരീന എന്നു പേരുള്ള കിടാരിയും, കെഎൽഡി ബോർഡ് സമ്മാനിച്ച അഞ്ചു സങ്കരയിനം ഹോൾസ്റ്റീൻ ഫ്രീഷ്യൻ പശുക്കളും, സിപിഐ(എം) സമ്മാനിച്ച രണ്ട് പശുക്കളും കർഷക കോൺഗ്രസ് നൽകിയ പശുക്കളും, ഒപ്പം ദുരന്തത്തെ അതിജീവിച്ച പശുക്കളുമൊക്കെയായി തൊഴുത്തിൽ ഇപ്പോൾ നിറയുന്നത് പ്രതീക്ഷയുടെ പുതിയ പാൽ വെളിച്ചം. തങ്ങൾക്ക് സമ്മാനമായി കിട്ടിയ പൈക്കളെ ഓരോന്നോരോന്നായി ഇനവും തരവും ഒക്കെ പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ മാത്യുവിന്റെയും ജോർജിന്റെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ പാൽതിളക്കം.
പൈക്കൾക്ക് ഓരോന്നിനും കഴിക്കാൻ സൈലേജ് ഉൾപ്പെടെ വേണ്ടുവോളം തീറ്റയും ഇപ്പോഴുണ്ട്. ഒപ്പം തീറ്റപ്പുല്ല്, പൈനാപ്പിൾ പോള തുടങ്ങിയ തീറ്റകൾ വേറെയുമുണ്ട്. നല്ല ഉയരമുള്ള ഇരട്ട മേൽക്കൂര തൊഴുത്താണെങ്കിലും ചൂടിൽ നിന്ന് പശുക്കളെ കരുതാൻ ഗ്രീൻ നെറ്റ് കൊണ്ട് അടിക്കൂരയും ഓട്ടോമാറ്റിക് വാട്ടർ ഡ്രിങ്കിങ് സംവിധാനവും തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്. നല്ലയിനം പശുക്കളുടെ എണ്ണം കൂടിയതോടെ മാത്യുവിനും സഹോദരങ്ങൾക്കും മാത്രമായി ഇവയെല്ലാം പരിപാലിക്കുക പ്രയാസകരമാവും, മാത്രമല്ല മാത്യു ബെന്നിക്ക് ഇപ്പോൾ പത്താം ക്ലാസ് പരീക്ഷയുടെ തിരക്കുമുണ്ട്. ഇതിനൊരു പരിഹാരമായി ഫാമിലെ ജോലികൾ ചെയ്യാൻ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ സഹായികളായി ഇപ്പോഴുണ്ട്. തൊഴുത്തിലെ കാര്യങ്ങൾ അപ്പപ്പോൾ അറിയാൻ സിസിടിവിയും സജ്ജമാക്കിയിട്ടുണ്ട്.
ഫാമിൽ കഴിഞ്ഞദിവസം പിറന്ന പശുക്കിടാവിനെ കാണിച്ചുതരുമ്പോൾ മാത്യു ബെന്നിക്കും സഹോദരനും വലിയ സന്തോഷം. സിപിഐ (എം) മാത്യുവിന് സമ്മാനിച്ച പശുവാണ് പ്രസവിച്ചത്. കന്നുകുട്ടിക്ക് മണിക്കുട്ടിയെന്നാണ് പേരിട്ടിരിക്കുന്നത്. വിഷത്തീറ്റദുരന്തത്തിനു ശേഷം തൊഴുത്തിൽ പിറന്ന ആദ്യത്തെ കിടാവാണ് മണിക്കുട്ടി. തീർച്ച, എല്ലാ വേദനകൾക്കപ്പുറവും സന്തോഷത്തിന്റെ പുതുപിറവിയുണ്ട്.