കർഷകശ്രീ കാർഷിക മേളയ്ക്കു തിരിതെളിഞ്ഞു: ഇനി അഞ്ചു നാൾ കൃഷിയുത്സവം
Mail This Article
മാമാങ്കത്തിന്റെ നാട്ടിൽ കാർഷിക മാമാങ്കമൊരുക്കി കർഷകശ്രീ കാർഷിക മേളയ്ക്കു തിരിതെളിഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച കർഷകനുള്ള മലയാള മനോരമ കർഷകശ്രീ പുരസ്കാര സമർപ്പണത്തോടനുബന്ധിച്ചു നടക്കുന്ന കാർഷികമേളയ്ക്കാണ് തുടക്കമായത്. മലപ്പുറം എംഎസ്‌പി മൈതാനത്തു നടക്കുന്ന കാർഷിക മേള ജില്ലാ കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. ഉൽപാദനത്തിൽ മാത്രമല്ല സംസ്കരണത്തിലും കൃഷിക്കാർ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ വി.ആർ.വിനോദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാർഷിക ശക്തിയാണ് ഇന്ത്യ. പട്ടിണിക്കെതിരേ പോരാടാനുള്ള ലോകത്തിലെ സൂപ്പർ പവറാണ് നമ്മൾ ഇപ്പോൾ. അതുകൊണ്ടുതന്നെ കാർഷികവികസനത്തിന് കേരളത്തിലും വളരെ സാധ്യതയുണ്ട്. കാർഷിക സംസ്കരണത്തിന് കേരളത്തിൽ അവസരം ഒരുങ്ങിയാൽ ഈ മേഖല മേഖല വളരും. കൃഷിയിൽ യന്ത്രവൽകരണം വേണം ഒപ്പം കൃഷി ശാസ്ത്രീയമായാൽ ഉൽപാദനവും മെച്ചപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരൂർ വെറ്റിലയുടെ ഭൗമസൂചികാ പദവിയും മലപ്പുറത്തെ മൃഗസംരക്ഷണ–കാർഷിക മേഖലയുടെ വളർച്ചയും ചടങ്ങിൽ അധ്യക്ഷത വഹിച്ച മലയാള മനോരമ പി ആൻഡ് എ ചീഫ് ജനറൽ മാനേജർ എഡ്വിൻ വിനോദ് സൂചിപ്പിച്ചു. വീടിനോടു ചേർന്ന് പോഷകത്തോട്ടങ്ങളും ഉദ്യാനവും തയാറാക്കുന്ന വീട്ടമ്മമാരുടെ നാടാണ് മലപ്പുറം. അതുകൊണ്ടുതന്നെയാണ് കർഷകശ്രീ കാർഷിക മേള ഇവിടെ സംഘടിപ്പിച്ചത്. കേരളത്തിലെ മികച്ച കർഷകപ്രതിഭയ്ക്ക് മലയാള മനോരമ കർഷകശ്രീ പുരസ്കാരം നൽകിത്തുടങ്ങിയത് 1992ലാണ്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം.മാത്യുവാണ് കർഷകശ്രീ എന്ന ആശയം മുൻപോട്ടുവച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ആർ.സുരേഷ്, മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫിസർ പി.യു. അബ്ദുൽ അസീസ് എന്നിവർ ആശംസ അറിയിച്ചു. കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ടി.കെ.സുനിൽ കുമാർ സ്വാഗതവും, മലയാള മനോരമ കോഴിക്കോട് പി ആൻഡ് എ വിഭാഗം സീനിയർ മാനേജർ എൻ.രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
എട്ടു സെമിനാറുകളും നൂറോളം സ്റ്റാളുകളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. സെമിനാറിൽ റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങളും ലഭിക്കും. രാവിലെ പത്തു മുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം.