ശരിയായ അറിവുകളില്ലാതെ ഫാം തുടങ്ങി അടച്ചുപൂട്ടിയവരേറെ, 'തുടങ്ങും മുൻപ് കർഷകർ ചെയ്യേണ്ടത്'
Mail This Article
എന്ത് കൃഷി ചെയ്യണം? എങ്ങനെ കൃഷി ചെയ്യണം? എങ്ങനെ അറിയും?
‘രണ്ട് തവണ തിളപ്പിച്ച് വെള്ളമൂറ്റി’ കട്ട് കളഞ്ഞ കപ്പ കൊണ്ട് വിശപ്പു മാറ്റിയ കാലം ഓർമയായി. പകരം രുചികരമായ, നിമിഷ നേരം കൊണ്ട് വേകുന്ന കപ്പ ‘ഫൈവ് സ്റ്റാർ’ വിഭവമായി. ‘നാരൂഴി’ പാലില്‍നിന്നും 40 ലീറ്റർ കറക്കുന്ന പശുക്കൾ നാട്ടുകാർക്കിപ്പോൾ കൗതുകമല്ലാതായി.
കാർഷിക മൃഗസംരക്ഷണ മേഖലയിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുന്നുണ്ട്. കൃഷിരീതികളിലും, പുത്തൻ കാർഷിക ഉപകരണങ്ങളിലും സാങ്കേതിക വിദ്യകളിലും, പുതിയ വിത്തിനങ്ങളിലും അവയുടെ പരിപാലന മുറകളിലും ലോകത്ത് എവിടെ എന്തു മാറ്റമുണ്ടായാലും അപ്പോൾ തന്നെ നമ്മുടെ കർഷകർക്കും പൊതു സമൂഹത്തിനും അറിവു നൽകാൻ ഇന്നു സംവിധാനങ്ങളുണ്ട്. ഇത്തരം പുത്തൻ അറിവുകൾ നമ്മുടെ പരമ്പരാഗത കർഷകരും, പുതുതായി കടന്നു വരുന്ന യുവ കർഷകരും പരീക്ഷിക്കുന്നതുകൊണ്ടാണ് പുതിയ ശാസ്ത്രനേട്ടങ്ങൾ കൃഷിയിടങ്ങളില്‍ പ്രാവർത്തികമാകുന്നത്. പുതിയ കണ്ടുപിടിത്തങ്ങളും, കൃഷിയറിയിപ്പുകളും പൊതു സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുകയെന്ന കാര്യം നിസ്സാരമല്ല. ഇതിനായി വെറ്ററിനറി പഠനത്തിന്റെയും, അഗ്രികൾച്ചർ പഠനത്തിന്റെയും ഭാഗമായി, പാഠ്യപദ്ധതിയിൽ ‘വിജ്ഞാന വ്യാപനം’ എന്ന വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേഷനും സൗകര്യമുണ്ട്. ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഓരോ വെറ്ററിനറി സർജനും കൃഷി ഓഫിസറും അവരവരുടെ മേഖലയിലുള്ള പുത്തൻ അറിവുകൾ കർഷകരിലെത്തിക്കണം. അതിനുവേണ്ടി ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് പാഠ്യപദ്ധതിയിൽ ‘വിജ്ഞാന വ്യാപനം’ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന സർക്കാർ കാർഷികമൃഗസംരക്ഷണ മേഖലയിലെ കർഷകരെ അംഗീകരിക്കുന്നതിനും അവരുടെ ആകർഷകമായ കൃഷിരീതികൾ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നതും അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഈ മേഖലയിലെ ജേർണലിസ്റ്റുകളെയും അംഗീകരിക്കുന്നുണ്ട്. ദൂരദർശനും ചില സ്വകാര്യചാനലുകളും കാർഷികമേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു. പത്രമാധ്യമങ്ങളും ഏറിയും കുറഞ്ഞും ഈ മേഖല കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ മലയാള മനോരമയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ കാർഷികരംഗം, കൃഷിക്കു വേണ്ടി കർഷകശ്രീ മാഗസിൻ, ഇതിന്റെ ഓൺലൈൻ പതിപ്പ് എന്നിവ മറ്റാർക്കും അവകാശപ്പെടാനില്ലാത്തതാണ്. കാർഷിക മേഖലയ്ക്കുവേണ്ടി വിപുലമായ പ്രചാരണ പരിപാടികളും കാർഷികബോധവൽക്കരണ സെമിനാറുകളും, പ്രദർശനവും ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കുള്ള ‘കർഷകശ്രീ’ അവാർഡും പത്രം നൽകുന്നുണ്ട്. കേരളത്തിലെ കർഷകർക്ക് ലഭിക്കുന്ന ഏറ്റവും ‘വലിയ അവാർഡ്’ തുകയാണ് കർഷകശ്രീ അവാർഡിലൂടെ മലയാള മനോരമ നൽകുന്നത്. മികച്ച കർഷകനെ കണ്ടെത്തുന്നതിന് വിപുലമായ കമ്മറ്റി മനോരമയ്ക്കുണ്ടെന്നാണ് അറിവ്. 17-ാം കർഷകശ്രീ പുരസ്കാര സമർപ്പണവും കാർഷികമേളയും, 8 സെമിനാറുകളും മലപ്പുറത്തു വച്ച് ഈ ദിവസങ്ങളിൽ നടന്നതായി കണ്ട വാർത്തയിൽനിന്നാണ് ഈ കുറിപ്പ്.
കാർഷിക മേഖലയുടെ വളർച്ചയ്ക്ക് നവമാധ്യമങ്ങളുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. വിവരസാങ്കേതികവിദ്യയുടെ ഈ കാലത്ത് അതിന്റെ സാധ്യതകൾ ധാരാളം പേർ പ്രയോജനപ്പെടുത്തുന്നുണ്ട്. പുതുതായി ഫാം തുടങ്ങുന്ന യുവ കർഷകർ നവ മാധ്യമങ്ങളെ വിവര ശേഖരണത്തിനായി ആശ്രയിക്കുന്നുണ്ട്. എന്നാൽ, എല്ലാ വിവരങ്ങളും ശരിയായുള്ളതല്ല. നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എല്ലാ വിവരങ്ങളും ശരിയാവണമെന്നില്ല.
അകിടുവീക്കം പോലുള്ള ഗുരുതരമായ അസുഖങ്ങൾ വന്നാൽ നാടൻ മരുന്നുകള്‍ മാത്രമേ നൽകാവൂ, ഇൻജക്ഷൻ നൽകിയാൽ പാൽ കുറയും, വെറ്ററിനറി ഡോക്ടർമാർക്ക് പ്രായോഗിക പരിജ്ഞാനമില്ല, ബുക്കിലുള്ളത് മാത്രമേ അവർക്കറിയാവൂ, അവർ പറയുന്ന ചികിത്സകളിൽ കഴമ്പില്ല തുടങ്ങിയ നെഗറ്റീവ് സെൻസേഷൻ അവതരണങ്ങൾ പലപ്പോഴും കർഷകർക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ട്.
നവമാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങളും, വിഡിയോകളും ശാസ്ത്രീയമായി ശരിയാണെന്ന് ഉറപ്പുവരുത്താനോ, തെറ്റായ വാർത്തകൾക്കെതിരെ നടപടിയെടുക്കാനോ കഴിയുന്നില്ല. ഇത് ഈ മേഖലയുടെ ഒരു പരിമിതിയാണ്. അതിനാൽ തന്നെ ലഭിക്കുന്ന അറിവുകളുടെ ആധികാരികത ഓരോരുത്തരും ഉറപ്പിക്കേണ്ടതുണ്ട്. മൃഗസംരക്ഷണ മേഖലയിൽ കർഷകർക്ക് പരിശീലനം നല്‍കുന്നതിനും അറിവു പകരുന്നതിനുമായി ‘ലൈവ് സ്റ്റോക്’ മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അവയുടെ വിലാസം ചുവടെ
- കുടപ്പനക്കുന്ന്, തിരുവനന്തപുരം
- കൊട്ടിയം, കൊല്ലം
- ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി, ആലപ്പുഴ
- മാഞ്ഞാടി, തിരുവല്ല, പത്തനംതിട്ട
- തലയോലപ്പറമ്പ്, കോട്ടയം
- വാഗമൺ, ഇടുക്കി
- ആലുവ, എറണാകുളം
- മലമ്പുഴ, പാലക്കാട്
- ആതവനാട്, മലപ്പുറം
- മുണ്ടയാട്, കണ്ണൂർ
- സുൽത്താൻ ബത്തേരി, വയനാട്