കർഷകർക്ക് അസോള കൃഷിയിൽ പരിശീലനം നൽകി അമൃത കാർഷിക കോളജ് വിദ്യാർഥികൾ
Mail This Article
ഗ്രാമീണ കാർഷിക പ്രവർത്തിപരിചയ മേളയുടെ ഭാഗമായി കോയമ്പത്തൂർ കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തി അമൃത കാർഷിക കോളജ് അവസാന വർഷ വിദ്യാർഥികൾ. ഗുണങ്ങളേറെയുള്ള അസോളയുടെ കൃഷിരീതി ലളിതമാണെന്നും, പണ്ട് പാടശേഖരങ്ങളിൽ നൈട്രജൻ ലഭ്യത ഉറപ്പുവരുത്താൻ ഉപയോഗിച്ചിരുന്ന ഒരു പന്നൽ ചെടിയായിരുന്നു ഇതെന്നും കർഷകരെ ബോധ്യപ്പെടുത്താനും പ്രവർത്തിപരിചയ മേള സഹായിച്ചുവെന്ന് വിദ്യാർഥികൾ.
ജൈവവളമായും കന്നുകാലികൾക്കും, കോഴികൾക്കും, മത്സ്യങ്ങൾക്കും തീറ്റയായും അസോള ഉപയോഗിക്കാം. മാത്രമല്ല നൈട്രജന്റെ ലഭ്യത വർധിപ്പിക്കാൻ സസ്യങ്ങൾക്ക് വളമായും അസോള ഇടാറുണ്ട്. ശുദ്ധജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മാണ പ്രക്രിയയിലും ഉപയോഗിക്കുന്നു. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതുവഴി 20% വരെ തീറ്റച്ചെലവു കുറയ്ക്കാം. മാത്രമല്ല, പാലുൽപാദനം 15% മുതൽ 20% വരെ കൂടുമെന്നും കർഷകർക്ക് മനസിലാക്കി കൊടുത്തു.
കൃഷി തുടങ്ങി മൂന്നു ദിവസത്തിനുള്ളിൽ മൂന്നിരട്ടിയാകുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. അസോളയിൽ 25–30 ശതമാനം മാംസ്യം അടങ്ങിരിക്കുന്നു. ഒപ്പം 10–15 ശതമാനം കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയം കൊണ്ട് വളരെ പരിമിതമായ സ്ഥലത്ത് വളർത്തിയെടുക്കാൻ സാധിക്കുന്നതിനാൽ കർഷകർക്ക് നേട്ടമാണ്. മട്ടുപ്പാവിലോ, പാടശേഖരങ്ങളിലോ, കുളങ്ങളിലോ, ടാങ്കുകളിലോ വളർത്താം.
അസോളയുടെ മുകളിലായി കാണുന്ന അനബീന അസോള എന്ന ഭാഗമാണ് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നത്. ഡീപ് ലിറ്റർ സമ്പ്രദായത്തിൽ അടച്ചിട്ട് വളർത്തുന്ന മുട്ടക്കോഴികൾക്ക് പല പോഷക ഘടകങ്ങളുടെയും അഭാവം ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി കർഷകർ കോഴിത്തീറ്റയ്‌ക്കൊപ്പം അസോളയും നൽകാറുണ്ട്. ഇതുവഴി തീറ്റയുടെ ചെലവ് കുറയ്ക്കാനും കഴിയും. പോഷകസമ്പന്നമായ കോഴിമുട്ട ലഭിക്കാനും ഇത് നല്ലൊരു വഴിയാണ്. കന്നുകാലികൾക്ക് തീറ്റപ്പുല്ലിന്റെ ലഭ്യത കുറയുന്ന സമയത്ത് അസോള നല്ലൊരു പ്രതിവിധിയാണ്. കന്നുകാലികളിലെ പാൽ ഉൽപാദനം കൂട്ടാനും പാലിന്റെ ഗുണം വർധിപ്പിക്കാനും അസോളയ്ക്ക് സാധിക്കുമെന്നും വിദ്യാർഥികൾ കർഷകരെ അറിയിച്ചു. കോളജ് ഡീൻ ഡോ. സുധീഷ് മണലിന്റെയും അഗ്രിക്കൾചറൽ മൈക്രോബയോളജി അധ്യാപകൻ ഡോ. എം.ഇനിയ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലന പരിപാടി.