കൃഷിയിൽനിന്നും കൊയ്യാം നേട്ടങ്ങൾ: കർഷകർക്ക് പുതിയ അറിവുകൾ പകർന്ന് വിദ്യാർഥികൾ
Mail This Article
അധികം മുതൽമുടക്കില്ലാതെ കൂണിൽനിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാമെന്ന് കർഷകരെ പഠിപ്പിച്ച് അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർഥികൾ. ഏറെ ഡിമാൻഡ് ഉള്ള ചിപ്പിക്കൂണിന്റെ കൃഷിയിലും കൂൺബെഡ് നിർമാണത്തിലുമാണ് തമിഴ്നാട്ടിലെ വടസിത്തൂരിലെ കർഷകർക്ക് പരിശീലനം നൽകിയത്. കൂടാതെ തെങ്ങിൻതോപ്പുകൾ ഏറെയുള്ള ഈ പഞ്ചായത്തിൽ ഉൽപാദനം ഉയർത്താൻ കോക്കനട്ട് ടോണിക്ക് എങ്ങനെ ഉപയോഗിക്കാമെന്നും, പച്ചക്കറികളിൽ സാധാരണയായി കണ്ടുവരുന്ന വൈറസ് രോഗങ്ങൾക്കായിട്ടുള്ള പ്രതിരോധ മാർഗ്ഗങ്ങളും, കുഞ്ഞൻ പന്നലായ അസോള എങ്ങനെ വളർത്തിയെടുക്കാമെന്നും, മണ്ണിൽ കാണപ്പെടുന്ന സൂക്ഷ്മ ജീവികളായ നിമാ വിരകളെ എങ്ങനെ നിയന്ത്രിക്കാമെന്നും ഈ പരിശീലന പരിപാടിയിലൂടെ വിദ്യാർഥികൾ കർഷകരെ ബോധവാന്മാരാക്കി.
മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാൻ വേണ്ടി സസ്യ മൂലകങ്ങളാൽ സമ്പന്നമായ അസോള ഉപയോഗിക്കുന്ന രീതി കർഷകരെ പരിചയപ്പെടുത്തി. ജൈവവളമായും വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റയായും ജൈവ ഇന്ധനമായും അസോള ഉപയോഗിക്കാം. ശുദ്ധജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയം കൊണ്ട് വളരെ പരിമിതമായ സ്ഥലത്ത് വളർത്തിയെടുക്കാൻ സാധിക്കുന്ന അസോള കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും. വടസിത്തൂർ പഞ്ചായത്തിലെ ഗൗരിശങ്കർ എന്ന കർഷകന്റെ കൃഷിയിടത്തിൽ 32 അടി നീളവും 16 അടി വീതിയുമുള്ള അസോള ബെഡ് വിദ്യാർഥികൾത്തന്നെ നിർമിക്കുകയും ചെയ്തു.
വഴുതന, തക്കാളി, മുളക് എന്നീ പച്ചക്കറിവിളകൾ നേരിടുന്ന പ്രധാന രോഗമാണ് ബാക്ടീരിയൽ വാട്ടം. തക്കാളിയിലെ ബാക്റ്റീരിയൽ വാട്ടത്തെ പ്രതിരോധിക്കാൻ ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താമെന്നും ഗ്രാഫ്റ്റിങ് എങ്ങനെ ചെയ്യാമെന്നും ദേവറെഡ്‌ഡിപാളയം ഗ്രാമത്തിലെ കർഷകർക്ക് പരിശീലനം നൽകി.
ഇതുകൂടാതെ വടസിത്തൂരിലേയും സമീപ ഗ്രാമ പ്രദേശങ്ങളിലെയുo കന്നുകാലികൾക്കായി ദേവരഡിപ്പാളയത്തിൽ വാക്‌സിനേഷൻ ക്യാംപ് സംഘടിപ്പിച്ചു. ക്ഷീരകർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്ന എസ്എംഎഫ്‌ജി ഗ്രാം ശക്തി എന്ന സംഘടനയാണ് ക്യാംപിന് സഹായിച്ചത്. കന്നുകാലികളിൽ സാധാരണയായി കണ്ടുവരുന്ന അകിടുവീക്കം, കുളമ്പുരോഗം, അടപ്പൻ, ചർമമുഴ രോഗം, ബ്രൂസെല്ലോസിസ് എന്നിവയെ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പാണ് നൽകിയത്. വടസിത്തൂർ വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ. പ്രകാശൻ വാക്സിനേഷന് നേതൃത്വം നൽകി.
കോളജ് ഡീൻ ഡോ. സുധീഷ് മണലിൽ, റാവെ കോർഡിനേറ്റർ ഡോ. പി.ശിവരാജ്, ക്ലാസ്സ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഇ.സത്യപ്രിയ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ. ആർ.പ്രിയ, ഡോ. എസ്.പാർഥസാരഥി, ഡോ. വി.ആർ.മഗേശൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികളായ കീർത്തന, നവ്യ, സായ് ശ്രേയ, ഐശ്വര്യ, ആദിത്യൻ, കാവ്യ, ആർദ്ര, സായ് ശോഭന, സോനിഷ്, നിദിൻ, ദേവിക, സിവാനി, പൃഥ്വിരാജ്, ഗോപിക, സുധീന്ദ്ര എന്നിവർ പരിശീലന പരിപാടി സംഘടിപ്പിച്ചത്.