ADVERTISEMENT

കർഷകർക്കായി കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥമായ വിളപരിപാലന ശുപാർശകളുടെ ഏറ്റവും പുതിയ പതിപ്പായ ‘വിളകൾ 2024’ പുതിയ പതിപ്പ് പുറത്തിറങ്ങി. ഇക്കഴിഞ്ഞ ദിവസം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. 

കാർഷിക സർവകലാശാലയുടെ വിളപരിപാലന ശുപാർശകളുടെ 16–ാം പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. കാർഷിക സർവകലാശാലയിലെ ഏറ്റവും പുതിയ ഗവേഷണനേട്ടങ്ങളും വിളകളുടെ പരിപാലനത്തിലാവശ്യമായ കാലോചിതമായ മാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിളപരിപാലന നിർദ്ദേശങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതൊരാൾക്കും പ്രയോജനം നൽകുന്ന ഒരു റഫറൽ ഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. 

കാർഷിക ഗവേഷകരുടെ ഗവേഷണ ഫലമായി ഉരുത്തിരിഞ്ഞ പുത്തൻ കൃഷി രീതികളും വിള പരിപാലനത്തിനുള്ള നിർദ്ദേശങ്ങളും അടങ്ങുന്ന ശുപർശകളുടെ പതിനാറാമത് പരിഷ്കരിച്ച പതിപ്പാണ് കാർഷിക സർവകലാശാല പുറത്തിറക്കിയത്. സുസ്ഥിരമായ കാർഷിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കർഷകരുടെ ഉപജീവനമാർഗ്ഗം സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ട്  രൂപകൽപ്പന ചെയ്തിട്ടുള്ള നൂതന കൃഷിരീതികൾ കർഷകരിലേക്കും പൊതു ജനങ്ങളിലേക്കും എത്തിക്കുക എന്ന  ലക്ഷ്യം മുന്നിൽ കണ്ടു കേരള കാർഷിക സർവകലാശാല 1971 മുതൽ പുറത്തിറക്കുന്ന ഗ്രന്ഥമാണ് വിള പരിപാലന ശുപാർശകൾ. കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന വിളകളുടെ മികച്ച ഇനങ്ങളെ കുറിച്ചും അതിന്റെ കൃഷി രീതികളും വളപ്രയോഗവും കീട രോഗ നിയന്ത്രണോപാധികളും വിശദീകരിക്കുന്നതാണ്  ഈ പുസ്തകം. 49 പുതിയ ഇനങ്ങളും 150 പുതിയ ശുപാർശകളും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്. നിരന്തരമായ കാർഷിക ഗവേഷണത്തിലൂടെ ലഭ്യമായ അറിവുകളും വികസിപ്പിച്ച  സാങ്കേതിക വിദ്യകളും ഉൾകൊള്ളിച്ചു കൊണ്ട്  കാർഷിക രീതികൾ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് വിള പരിപാലന ശുപാർശകളുടെ  പതിനാറാം പതിപ്പായ  ‘വിളകൾ 2024’.

കൃഷി കൂടുതൽ പരിസ്ഥിതി സൗഹൃദമാവുക എന്നത് ലക്ഷ്യമിട്ട്  കീടനാശിനി പ്രയോഗത്തെ സംബന്ധിച്ച സിഐബിആർസി നിബന്ധനകൾ അനുസരിച്ചുള്ള ശുപാർശകൾ ആണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  കർഷകർ, ശാസ്ത്രജ്ഞർ, വിജ്ഞാനവ്യാപന പ്രവർത്തകർ, സർക്കാരിതര സ്ഥാപനങ്ങൾ തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക്  ഈ പ്രസിദ്ധീകരണം ഒരു ആധികാരിക ഗ്രന്ഥമാണ്.

കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് അധ്യക്ഷനായ ചടങ്ങിൽ കൃഷി വകുപ്പ് ഡയറക്ടർ  സീറാം സാംബശിവ റാവു, സംസ്‌ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് എസ്.എസ്.നാഗേഷ്, കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വകുപ്പ് മേധാവി ഡോ. ജേക്കബ് ജോൺ, ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ, ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ.എൻ.അനിത്, ദക്ഷിണ മേഖല വിജ്ഞാന വ്യാപന അസ്സോസിയേറ്റ് ഡയറക്‌ടർ ഡോ. ജി.എസ്.ശ്രീദയ തുടങ്ങിയവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com