ADVERTISEMENT

‘ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം വിവരങ്ങളും വിവരക്കേടുകളും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മില്ലറ്റുകളുടെ വൈവിധ്യം, കൃഷി, പോഷക പ്രാധാന്യം, ഉപയോഗം എന്നിവ ശാസ്ത്രീയമായി മലയാളത്തിൽ പ്രതിപാദിക്കുന്ന ഒരു പുസ്തകം കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പ്രസിദ്ധീകരിക്കുന്നത്.  ലോകമെങ്ങും അറിയപ്പെടുന്നതും വിൽപന നടത്തുന്നതുമായ 18 ചെറുധാന്യങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പുസ്തകം’

millet-book

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാനും കാർഷിക സർവകലാശാല റിട്ടയേർഡ് പ്രഫസറുമായ ഡോ. സി.ജോർജ് തോമസ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചതാണിത്. അദ്ദേഹം തന്നെയാണ്  ‘ചെറുധാന്യങ്ങൾ: വൈവിധ്യം, കൃഷി, ഉപയോഗം’ എന്ന പുസ്തകത്തിന്റെ രചയിതാവും.  ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി പ്രഖ്യാപിച്ച അന്താരാഷ്ട്ര മില്ലറ്റ് വർഷം 2023 കടന്നു പോവുകയാണ്. ഹരിത വിപ്ലവത്തെ തുടർന്ന് വിസ്മൃതിയിലാണ്ടു പോയ ചെറു ധാന്യങ്ങളിലേക്ക് രാജ്യാന്തര ശ്രദ്ധ തിരിച്ചു കൊണ്ടുവരുന്നതിന് ഇന്ത്യ മുൻകയ്യെടുത്താണ് ഐക്യരാഷ്ട്ര സഭ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഫലമായി ചെറുധാന്യങ്ങളുടെ ഡിമാൻഡ് വിപണിയിൽ വർധിച്ചിരിക്കുന്നു. ഇതു മുതലെടുക്കാൻ കർഷകർക്ക് ഏറ്റവും ആദ്യം വേണ്ടത് മില്ലറ്റുകൾ സംബന്ധമായ സമഗ്ര അറിവാണ്. അതു നൽകുകയാണ് ഈ പുസ്തകം ചെയ്യുന്നത്.

മണിച്ചോളം (sorghum), കമ്പം (pearlmillet), റാഗി (finger millet), തിന (foxtail millet), ചാമ (little  millet), വരക് (kodo millet), കുതിരവാലി (barnyard millet), പനി വരക് (proso millet), കുലച്ചാമ (browntop millet), സികിയ (crabfinger millet), ജോബി (Job’s tears), വൈറ്റ് ഫോണിയോ (white fonio), ബ്ലാക്ക് ഫോണിയോ (black fonio), ടെഫ് (teff), കുട്ടു ഗോതമ്പ് (buck wheat), ചീരധാന്യം  (grain amaranth), ചിയ (chia), കീൻവാ (quinoa) എന്നിവയെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ കൃഷിചെയ്യാൻ യോജിച്ചവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്. ചെറു ധാന്യങ്ങൾ കൃഷി ചെയ്യുമ്പോഴും വിപണനം ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ട പ്രാഥമിക അറിവുകൾ ഏറെയുണ്ട്. ഉദാഹരണത്തിന്  ചെറുധാന്യങ്ങൾ ഉമി (husk) ഉള്ളവയും ഇല്ലാത്തവയുമുണ്ട്. റാഗി, കമ്പം, മണിച്ചോളം എന്നിവയ്ക്ക് ഉമിയില്ലാത്തതിനാൽ ഉമിനീക്കൽ എന്ന പരിപാടിയുടെ ആവശ്യമില്ല. തൊടിയിലെ കൃഷിയിൽ നിന്ന് ആകെ അരക്കിലോഗ്രാം ധാന്യമേ കിട്ടിയുള്ളൂവെങ്കിൽപോലും ഉണക്കി വൃത്തിയാക്കി ഒരു മിക്സിയിൽ നേരെ പൊടിച്ച് ഉപയോഗിക്കാം! അതേസമയം ചാമ, വരക്, തിന, പനിവരക്, കുതിരവാലി, കുലച്ചാമ മുതലായ ചെറുമില്ലറ്റുകൾക്ക് (minor millets) ഉമി ഉണ്ട്. ഈ  ഉമിയുടെ പാളി മാറ്റിയത്തിനു ശേഷം മാത്രമേ ഇത്തരം ധാന്യങ്ങൾ ഭക്ഷണമാക്കാൻ കഴിയൂ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇവ നെല്ല് കുത്തുന്നത് പോലെ തന്നെ കൈകൊണ്ട് കുത്തുകയായിരുന്നു പതിവ്. ഇക്കാലത്ത് ഇതിനൊക്കെ തയാറാകുന്നവർ ചുരുക്കമായിരിക്കും. ചെറുമില്ലറ്റുകൾ കൃഷി ചെയ്യുമ്പോൾ ഉമി നീക്കാനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇത്തരത്തിൽ നിരവധി പ്രായോഗിക അറിവുകൾ പുസ്തകം നൽകുന്നുണ്ട്.

ചെറുധാന്യങ്ങളുടെ വൈവിധ്യവും ഉപയോഗവും, ചെറു ധാന്യങ്ങളുടെ സാധ്യതകൾ, റാഗി, മണിച്ചോളം, കമ്പം, ചെറുമില്ലറ്റുകൾ, കപടധാന്യങ്ങൾ എന്നിങ്ങനെ തലക്കെട്ടുള്ള ഏഴു അധ്യായങ്ങളും അവയ്ക്കെല്ലാം ഒട്ടേറെ ഉപഭാഗങ്ങളും ഈ പുസ്തകത്തിലുണ്ട്. 120 പേജുള്ള മുഴുവർണ  പുസ്തകത്തിന്റെ മുഖവില 100 രൂപയാണ്. KSBBയുടെ കവടിയാറിലുള്ള  ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങാം. തപാലിൽ വേണ്ടവർ 0471-2724740, 8075056130 എന്നീ നമ്പറുകളിൽ വിളിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com