ഡോ. കുരുവിള ജേക്കബിന് ബി.സി. ശേഖര്‍ പുരസ്കാരം
Mail This Article
റബര്‍ ഗവേഷണ, വികസന രംഗത്തെ മികച്ച സംഭാവനകൾക്കു രാജ്യാന്തര റബർ ഗവേഷണ വികസന ബോർഡ് ഏർപ്പെടുത്തിയ ബി. സി. ശേഖർ അവാർഡിന് ഡോ. കുരുവിള ജേക്കബ് അർഹനായി. ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ ജോയിന്റ് ഡയറക്ടറും, ദേശീയ റബര്‍ പരിശീലന കേന്ദ്ര ഡയറക്ടറും ആയിരുന്നു.
തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്ന് സ്വർണ്ണ മെഡലോടെ ഡോക്ടറേറ്റ് നേടിയ ഡോ. കുരുവിള റബർ രോഗ നിയന്ത്രണത്തിൽ ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയ വ്യക്തിയാണ്. 185 പ്രബന്ധങ്ങളും 11 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തെക്കൻ കർണാടകത്തിൽ പടർന്ന കൊറിനിസ്പോറ ഇല രോഗത്തെ ഫലപ്രദമായി തടയുന്നതിന് ഡോ. കുരുവിള നൽകിയ സംഭാവനകൾ ലോക ശ്രദ്ധ നേടി. 12 രാജ്യങ്ങളിൽ നിന്ന് നാൽപ്പതോളം ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. കോട്ടയം പേരൂർ ചാക്കശ്ശേരിൽ കുടുംബാംഗമായ ഡോ. കുരുവിള രാജ്യാന്തര റബർ ഗവേഷണ – വികസന ബോർഡിന്റെ ഫെല്ലോ ആണ്.