സബ്സിഡികൾ നിർത്തേണ്ടി വരുമോ? കാർഷിക–മത്സ്യബന്ധന മേഖലകളിൽ ആശങ്കയുണർത്തി ലോക വാണിജ്യ സംഘടനയുടെ യോഗം
Mail This Article
രാജ്യത്തിന്റെ ഭക്ഷ്യഭദ്രതയേയും സാധാരണക്കാരായ കോടിക്കണക്കിനു ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ വിശദമായ ചർച്ചകളും നിർണായകമായ തീരുമാനങ്ങളും ഉരുത്തിരിത്തേക്കാവുന്ന ലോക വ്യാപാര സംഘടനയുടെ സുപ്രധാനമായ യോഗം അബുദാബിയിൽ ഇന്നലെ ആരംഭിച്ചു. ലോക വ്യാപാര സംഘടന(WTO)യുടെ പതിമൂന്നാമത് വാണിജ്യമന്ത്രിതല യോഗം ഫെബ്രുവരി 26-29 തീയതികളിലാണ് നടക്കുന്നത്. കാർഷിക മത്സ്യബന്ധന മേഖലകളുകമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകം.164 രാജ്യങ്ങളിൽ നിന്നുള്ള വാണിജ്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് ഇന്ത്യയുടെ പ്രതിനിധി.
സബ്സിഡികൾ നിർത്തേണ്ടിവരുമോ?
കാർഷിക, ഫിഷറീസ് മേഖലകൾക്ക് നൽകി വരുന്ന സബ്സിഡികൾക്ക് നിയന്ത്രണമേർപ്പെടുത്തുകയോ അവ നിർത്തലാക്കുകയോ ചെയ്യണമെന്നാണ് വികസിത രാജ്യങ്ങളുടെ ആവശ്യം. സംഘടനയിലെ അംഗങ്ങൾക്കിടയിൽ മിക്ക വിഷയങ്ങളിലും കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനാൽ യോഗത്തിന്റെ അവസാന ഫലം കാത്തിരുന്നു കാണേണ്ടി വരും. വികസിത രാജ്യങ്ങളുടെ നിലപാടുകൾക്ക് ആധിപത്യം ലഭിക്കുന്ന സ്ഥിതിയുണ്ടായാൽ കാർഷിക വിളകൾക്ക് നൽകുന്ന താങ്ങുവില ഉൾപ്പെടെയുള്ള സബ്സിഡികളെ അത് ബാധിച്ചേക്കും. ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യയുൾപ്പടെയുള്ള വികസ്വര രാജ്യങ്ങൾ സ്ഥിരം നേരിടുന്ന കുരുക്കുകളുണ്ട്.ഒന്നാമത്തേത് നമുക്ക് താത്പര്യമുള്ള വിഷയങ്ങളിൽ കാര്യമായ പുരോഗതി ഇല്ലാതിരിക്കുകയും വലിയ രീതിയിൽ വാണിജ്യ കൃഷിയിലും കാർഷിക ബിസിനസിലും ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണത്. കാർഷിക മേഖലയിൽ ഇന്ത്യ നിലവിൽ നൽകിവരുന്ന ചുരുങ്ങിയ താങ്ങുവിലയും സംഭരണത്തിനുള്ള സബ്സിഡിയും രാജ്യാന്തര കരാറുകൾക്കെതിരായ പ്രവൃത്തിയായി വികസിത രാജ്യങ്ങൾ ആരോപിക്കുന്നു. ഇത് ലോക വ്യാപാരത്തെ തടസപ്പെടുത്തുന്നതാണെന്നു മാത്രമല്ല നിലവിലെ താങ്ങുവില അനുവദിച്ചിരിക്കുന്ന പരിധി കടന്നിരിക്കുകയാണെന്നും അവർ പറയുന്നു.
നെല്ലും ഗോതമ്പും ഉൾപ്പടെയുള്ള ഭക്ഷ്യധാന്യങ്ങൾ താങ്ങുവില നൽകി സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി സബ്സിഡി നൽകി വിതരണം ചെയ്യുന്നതിനെയാണ് അമേരിക്ക ഉൾപ്പെടെ എതിർക്കുന്നത്. ഫിഷറീസ് മേഖലയിലെ സബ്സിഡിയും ഇന്ത്യയ്ക്ക് വെല്ലുവിളിയായി തുടരുന്നു. ഈ മേഖലയിൽ നൽകുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കാൻ ഇന്ത്യയുടെ മേൽ സമ്മർദമുണ്ട്. എന്നാൽ സബ്സിഡി നൽകിയില്ലെങ്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പിടിച്ചു നിൽക്കാനാവില്ലെന്നതാണ് ഇന്ത്യയുടെ വാദം. അനധികൃതമായതും അനിയന്ത്രിതമായും രേഖപ്പെടുത്തതുമായ മത്സ്യബന്ധനത്തിന് സബ്സിഡി നൽകരുതെന്ന് 2022ലെ മന്ത്രിതല യോഗം തീരുമാനമെടുത്തിരുന്നു. ഇത് ഈ വർഷത്തെ യോഗത്തിൽ അംഗീകരിക്കേണ്ടതുണ്ട്. അതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. വികസിതരാജ്യങ്ങൾ നൽകിവരുന്ന ഉയർന്ന സബ്സിഡി ചൂണ്ടിക്കാട്ടി ഇന്ത്യ കരാറിൽ ഒപ്പുവച്ചിട്ടില്ല. മാത്രമല്ല എക്സ്ക്ലുസീസ് ഇക്കണോമിക് പ്രദേശങ്ങളിൽ നിന്നുള്ള മത്സ്യ ബന്ധനത്തിനും സബ്സിഡി വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ ചെറുകിട ഇടത്തരം ഫിഷറീസിനെ സബ്സിഡി നൽകി മാത്രമേ നിലനിർത്താനാവൂ എന്ന വാദമാകും ഇന്ത്യ ഉയർത്തുക.
ഭക്ഷ്യഭദ്രതയിൽ സമവായം അകലെ
ഇന്ത്യയുൾപ്പടെയുള്ള വികസ്വര രാജ്യങ്ങൾ കഴിഞ്ഞ ഒരു ദശാബ്ദം അക്ഷീണം പ്രയത്നിച്ചിട്ടു പോലും ഭക്ഷ്യ ഭദ്രത(food security)യെന്ന വിഷയത്തിൽ സ്ഥായിയായ ഒരു പരിഹാരം ലോക വാണിജ്യ സംഘടനാ ചർച്ചകളിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കാർഷിക കയറ്റുമതിയിൽ താൽപര്യമുള്ള അമേരിക്കയുൾപ്പടെയുള്ള ചില രാജ്യങ്ങളുടെ ( Cairns group) താൽപര്യങ്ങളാണ് ഇക്കാര്യത്തിൽ വഴിമുടക്കികളാകുന്നത്. ബാലി പീസ് ക്ലോസും (Bali Peace clause) അനന്തരം 2014-ൽ വാണിജ്യ സംഘടനയുടെ ജനറൽ കൗൺസിൽ എടുത്ത തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയുടെ കാർഷിക താങ്ങുവിലകൾക്ക് ചെറുതെങ്കിലും നിയമ പരിരക്ഷ ഇപ്പോഴുണ്ട്. പക്ഷേ അതുപോലും ഇല്ലാതാക്കാനാള്ള ശ്രമം അമേരിക്കയുടെയും മേൽപ്പറഞ്ഞ ഗ്രൂപ്പിന്റെയും ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നുണ്ട്. ഭാവിയിൽ ഇന്ത്യയുടെ പൊതുമേഖലാ ധാന്യ സംഭരണ പദ്ധതി നിലനിൽക്കാൻ ഭക്ഷ്യ ഭദ്രതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്ഥിരമായ പരിഹാരം ലോക വാണിജ്യ സംഘടനയിൽ കണ്ടെത്തിയേ മതിയാവൂ.