കളനാശിനി ഇനി കളയെ മാത്രം നശിപ്പിക്കും, വിളകൾക്കു സംരക്ഷണം: കാർഷിക സർവകലാശാലയുടെ ഉപകരണത്തിനു പേറ്റന്റ്
Mail This Article
വിളകളിൽ കളനാശിനിയടിക്കുമ്പോൾ കളനാശിനികള്‍ വിളകളില്‍ വീഴുകയും തുടർന്ന് അവ കരിഞ്ഞുണങ്ങി പോവുകയും ചെയ്യുന്ന പ്രശ്നം സാധാരണമായി കർഷകർ അനുഭവിക്കുന്നതാണ്. ഈ പ്രശ്നം പരമാവധി കുറയ്ക്കാന്‍ സഹായകമായ ‘ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്ലിക്കേറ്റർ’ എന്ന നൂതന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചിരിക്കുന്നു. യന്ത്രം പ്രവർത്തിക്കുമ്പോൾ, യന്ത്രത്തിലെ വിള സംരക്ഷണ ഹുഡ്, വിള സസ്യങ്ങളെ കളനാശിനി സ്പ്രേത്തുള്ളികളിൽ നിന്നു സംരക്ഷിക്കുന്നു. അതേസമയം കളച്ചെടികൾ സ്പ്രേ ഹുഡിനുള്ളിൽ അകപ്പെടുകയും നോസിലിൽ നിന്നുള്ള കളനാശിനി സ്പ്രേ അവയില്‍ മാത്രം പതിക്കുകയും ചെയ്യുന്നു. വെള്ളായണി കാർഷിക കോളജിലെ വിളപരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഷീജ കെ. രാജ്, ഡോ. ഡി.ജേക്കബ്, ഡോ. ശാലിനി പിള്ളൈ, ഗവേഷണ വിദ്യാർഥികളായ ധനു ഉണ്ണികൃഷ്ണൻ, അനിറ്റ് റോസ ഇന്നസെന്റ്, കൃഷ്ണശ്രീ രാധാകൃഷ്ണൻ, ശീതൽ റോസ് ചാക്കോ അടങ്ങിയ സംഘത്തിന്റെ ഗവേഷണശ്രമങ്ങളാണ് യന്ത്രത്തിന്റെ ആവിഷ്കരണത്തിലേക്കു നയിച്ചത്.