നായനിരോധന ഉത്തരവിനു കർണ്ണാടകയിൽ സ്റ്റേ; ഇറക്കുമതി നിരോധനവുമായി കസ്റ്റംസ്
Mail This Article
അപകടകാരികളായ 23 നായ ബ്രീഡുകളെ നിരോധിച്ചുകൊണ്ട് മാർച്ച് 12-ന് കേന്ദ്ര സർക്കാർ ഇറക്കിയ സർക്കുലർ മാർച്ച് 19ന് കർണ്ണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഈ സ്റ്റേ കർണാടക സംസ്ഥാനത്തിനു മാത്രമാണ് ബാധകമെന്നും കോടതി ഉത്തരവിട്ടു. 23 നായ ബ്രീഡുകളെ നിരോധിക്കുന്ന ഉത്തരവിറക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ മതിയായ ചർച്ചകൾ നടത്തിയിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇടക്കാല ഉത്തരവിൽ ജസ്റ്റീസ് എൻ.നാഗപ്രസന്ന ആവശ്യപ്പെട്ടിട്ടുണ്ട്. നായ്ക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കേണ്ടത് ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയതിനു ശേഷമായിരിക്കണമെന്ന് ഡൽഹി ഹൈക്കോടതി 2023 ഡിസംബർ 6ന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. കെന്നൽ ക്ലബ് ഓഫ് ഇന്ത്യ പോലെയുള്ള സംഘടനകളുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടിയോ എന്നു പരിശോധിക്കാനാണ് കർണാടക ഹൈക്കോടതിയുടെ ഉദ്ദേശ്യം.
കസ്റ്റംസിന്റെ ഇറക്കുമതി നിരോധനം
കേന്ദ്ര സർക്കാരിന്റെ നായനിരോധന സർക്കുലറിന് പിന്നാലെ ദ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ( CBIC) 24 നായ ബ്രീഡുകളുടെ ഇറക്കുമതി, പ്രജനനം, വിൽപന എന്നിവ നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് നിയമിച്ച വിദഗ്ധസമിതി മേൽപ്പറഞ്ഞ ഇനങ്ങളുടെ ഇറക്കുമതി നിർത്തണമെന്ന നിർദ്ദേശവും സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് വകുപ്പ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി.