‘ഇതാ പിടിച്ചോ 20,000 ആനകൾ ഇനാം, അഴിച്ചുവിട്ട് പോറ്റിക്കോണം’: ജർമനിയിലെ പരിസ്ഥിതിസ്നേഹികളോട് ബോട്‌സ്വാന
Mail This Article
'നോ പറയരുത് പ്ലീസ്. 20,000 ആനകളെ ഞങ്ങളുടെ സംഭാവനയായി സ്വീകരിക്കണം!' – ബോട്‌സ്വാന പ്രസിഡന്റ് മോക്‌ഗ്വീറ്റ്സി മസീസിക്ക് ജർമൻകാരോടുള്ള ആനക്കലിയിൽ പറയേണ്ടി വന്നതാണ്.
ആഫ്രിക്കൻ രാജ്യത്ത് ആനവേട്ട നടത്തി ആനക്കൊമ്പും മറ്റും വിജയചിഹ്നമായി കൊണ്ടുവരുന്ന സാഹസികരായ ജർമൻകാർക്കു മൂക്കുകയറിടാൻ പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനത്തിലാണ് മസീസി ചൂടായത്.
ബോട്സ്വാനയിൽ ആനകളുടെ എണ്ണം കുറയ്ക്കാൻ പെടുന്ന പാട് അവിടത്തുകാർക്കേ അറിയൂ. യൂറോപ്പിൽനിന്ന് ആനവേട്ടയ്ക്ക് ആളു വരുന്നത് സാമ്പത്തികമായി ബോട്സ്വാനയ്ക്കു കോളാണ്. ഒപ്പം ആനസംഖ്യയ്ക്കും മൂക്കുകയറിടാം.
അങ്ങനെ വലിയ വലിയ സ്വപ്നങ്ങൾ ചിന്നം വിളിക്കുമ്പോഴാണ് ജർമനിയിലെ പരിസ്ഥിതിസ്നേഹികളായ ഗ്രീൻ പാർട്ടിക്കാരുടെ ആനപ്പാര. ആനകളുമായി സമാധാനപരമായ സഹവർത്തിത്വം സാധിക്കണം എന്നാണ് ഗ്രീൻ നേതാക്കളുടെ ആഹ്വാനം.
‘എന്നാലിതാ പിടിച്ചോ 20,000 ആനകൾ ഇനാം, അഴിച്ചുവിട്ട് പോറ്റിക്കോണം’ എന്ന് മസീസി ജർമൻ പത്രമായ ബിൽഡിനോട് പറഞ്ഞു.
1,30,000 ആനകളാണ് ബോട്‍സ്വാനയിൽ ഇപ്പോഴുള്ളത്. 8000 ആനകളെ പിടിച്ച് അയലത്തെ അംഗോളയ്ക്ക് കൊടുക്കാനിരിക്കുകയാണ്. 500 എണ്ണത്തെ മൊസാംബിക്കിലേക്കും കൊടുത്തുവിടും.