ADVERTISEMENT

കർഷകർക്ക് ഭേദപ്പെട്ട വരുമാനം നൽകുന്ന വിളയാണു ജാതി. വിളവെടുപ്പിനു പാകമായ ജാതിക്കായുടെ പുറംതോട് പൊട്ടി നിലത്തു വീഴുകയാണു പതിവ്. ചില സാഹചര്യങ്ങളിൽ പിളർന്ന ജാതിക്കായിൽനിന്നു ജാതിക്കുരു വേർപെട്ട് മരച്ചുവട്ടിൽ കിടക്കും. സാമാന്യം ഉയരത്തിൽ വളരുന്ന ജാതിമരത്തിൽനിന്നു തോട്ടി ഉപയോഗിച്ചോ മരത്തിൽ കയറിയോ കായ് പൊട്ടിക്കുന്നത് പ്രയാസമായതിനാൽ മിക്കവരും നിലത്തു വീണ ജാതിക്കാ പെറുക്കുകയാണു പതിവ്. ഒരു ജാതിച്ചുവട്ടിൽനിന്നു ദിവസേന 8 മുതൽ 12 വരെ കായ് പെറുക്കേണ്ടിവരും. ഇതു വൈകിയാൽ ജാതിപത്രിക്കു കേടുവരും. അതിനു നല്ല വില കിട്ടില്ല. ഇത് ഒഴിവാക്കാൻ ജാതിക്കാ അന്നന്നുതന്നെ ശേഖരിക്കേണ്ടതുണ്ട്. കൂടുതൽ മരങ്ങളുള്ള തോട്ടത്തിൽ ജാതിക്കാ കുനിഞ്ഞുനിന്നു പെറുക്കുന്നവര്‍ക്കു ശക്തമായ നടുവേദനയും മറ്റു ശാരീരികാസ്വസ്ഥതകളുമുണ്ടാവുക സ്വാഭാവികം. ഇതൊഴിവാക്കാന്‍ നിവർന്നു നിന്നുകൊണ്ട് അനായാസം ജാതിക്കാ ശേഖരിക്കുന്നതിന് ലഘു ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് മലപ്പുറത്തെ കാർഷിക എൻജിനീയറിങ് വിദ്യാർഥിനികളായ ആതിര ശ്രീധരൻ, ഒ.ഗോപിക, ജി.അവന്തിക, കാവ്യ അനിൽ, കെ.പി.ലക്ഷ്മി എന്നിവർ. 

jathikka-2

നിവർന്നുനിന്നുകൊണ്ട്, വീണു കിടക്കുന്ന പത്തിലേറെ ജാതിക്കാ ഒരേസമയം ശേഖരിക്കാവുന്ന സംവിധാനമാണിത്. ഒരു മരച്ചുവട്ടിൽ വീണു കിടക്കുന്ന കായ്കളെല്ലാം ഒരുമിച്ചു ശേഖരിക്കാനും തുടർന്നു മറ്റൊരു കുട്ടയിലേക്കോ ബക്കറ്റിലേക്കോ മാറ്റുന്നതിനും ഇതുപകരിക്കും. 

ജാതിക്കാ പെറുക്കുന്നതിനുള്ള പ്രയാസം പരിഗണിച്ച് സ്വന്തം തോട്ടം വാർഷികാടിസ്ഥാനത്തിൽ കച്ചവടക്കാർക്കും മറ്റും ഏൽപിച്ചു കൊടുക്കുന്ന തീതി പലയിടത്തുമുണ്ട്. എന്നാൽ, ഈ ഉപകരണത്തിന്റെ വരവോടെ ഉടമസ്ഥർക്കുതന്നെ വിളവ് ശേഖരിക്കാനും കൂടുതൽ സാമ്പത്തികനേട്ടമുണ്ടാക്കാനും സാധിക്കും. തീരെ ഭാരം കുറഞ്ഞ ഈ ഉപകരണം നിലത്തു വീണു കിടക്കുന്ന അടയ്ക്കാ ശേഖരിക്കാനും പ്രയോജനപ്പെടുത്താം.

വിവരങ്ങൾക്ക്: ഡോ. എഡ്വിൻ ബഞ്ചമിൻ, അസിസ്റ്റന്റ് പ്രഫസർ, ഫാം മെഷീനറി ഡിപ്പാർട്മെന്റ്, കേളപ്പജി കാർഷിക എൻജിനീയറിങ് കോളജ്, തവനൂർ, മലപ്പുറം  (ഫോൺ: 8907780447)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com