ADVERTISEMENT

സമുദ്രമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിനു വഴിതുറന്ന് മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി) കൃത്രിമ വിത്തുൽപാദനം വിജയകരമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് അഞ്ചു വർഷത്തെ പരീക്ഷണത്തിനൊടുവിൽ  ഈ മീനിന്റെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഭക്ഷണമായി കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയർന്ന വിപണി മൂല്യമുള്ള മത്സ്യമാണ് മഞ്ഞപ്പാര. 

കൃഷിയിലൂടെ സമുദ്രമത്സ്യോൽപാദനം കൂട്ടാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മികച്ച വളർച്ചാനിരക്കും ആകർഷകമായ രുചിയുമാണ് ഈ മീനിന്. അതിനാൽ തന്നെ കടൽകൃഷിയിൽ വലിയ നേട്ടം കൊയ്യാനാകും. സിഎംഎഫ്ആർഐയുടെ വിശാഖപട്ടണം റീജനൽ സെന്ററിലെ സീനിയർ സയന്റിസ്റ്റ് ഡോ. റിതേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നേട്ടത്തിന് പിന്നിൽ. 

ഇവയുടെ പ്രജനന സാങ്കേതികവിദ്യ വിജയകരമായതോടെ, കടലിൽ കൂടുമത്സ്യകൃഷി പോലുള്ള രീതികളിൽ വ്യാപകമായി ഇവയെ കൃഷി ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കിലോയ്ക്ക് 400–500 രൂപയാണ്  ഇവയുടെ ശരാശരി വില.  

manjappara-fish-2
50 ദിവസം പ്രായമായ മഞ്ഞപ്പാരയുടെ ചെറിയ കുഞ്ഞുങ്ങൾ

ഭക്ഷണമായി കഴിക്കാൻ മാത്രമല്ല, അലങ്കാരമത്സ്യമായും മഞ്ഞപ്പാരയെ ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തര-വിദേശ വിപണികളിൽ ആവശ്യക്കാരേറെ. ഈ ഇനത്തിലെ ചെറിയ മീനുകളെയാണ് അലങ്കാരമത്സ്യമായി ഉപയോഗിക്കുന്നത്. ചെറുമീനുകൾക്ക് കൂടുതൽ സ്വർണ്ണനിറവും ആകർഷണീയതയുമുണ്ട്. വലിയ അക്വേറിയങ്ങളിലെല്ലാം ഇവയെ പ്രദർശിപ്പിക്കാറുണ്ട്. അലങ്കാര മത്സ്യ വിപണിയിൽ മീനൊന്നിന് 150–250 രൂപയാണ് വില.

പവിഴപ്പുറ്റുകളുമായി ചേർന്ന് സ്രാവ്, കലവ തുടങ്ങിയ മത്സ്യങ്ങളുടെ കൂട്ടത്തിലാണ് മഞ്ഞപ്പാര ജീവിക്കുന്നത്. സ്രാവുകളുടെ സഞ്ചാരപഥത്തിൽ വഴികാട്ടികളായി ഈ ഇനത്തിലെ ചെറിയമീനുകളെ കാണാറുണ്ട്. ഇന്ത്യയിൽ തമിഴ്‌നാട്, പുതുച്ചേരി, കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. എന്നാൽ മത്സ്യബന്ധനം വഴി ഇവയുടെ ലഭ്യത കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്. 2019ൽ 1106 ടൺ ഉണ്ടായിരുന്നത് 2023ൽ 375 ടണ്ണായി കുറഞ്ഞു. 

മാരികൾച്ചർ രംഗത്ത് ഒരു നാഴികക്കല്ലായി ഈ നേട്ടം അടയാളപ്പെടുത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ പറഞ്ഞു. കടലിൽ ലഭ്യത കുറയുന്ന സാഹചര്യത്തിൽ, ഇവയുടെ കൃത്രിമ പ്രജനനത്തിലെ വിജയത്തിന് അതീവ പ്രാധാന്യമുണ്ട്. കൃഷിയിലൂടെയും സീറാഞ്ചിങ്ങിലൂടെയും ഇവയുടെ ഉൽപാദനം കൂട്ടാൻ ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com