ADVERTISEMENT

കൊടും വേനലിന്റെ ചൂട് തണുത്തുതുടങ്ങിയെങ്കിലും വിപണിയിലെ ഇറച്ചിവില ചുട്ടുപൊള്ളുന്നു. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും പോത്തിനും പന്നിക്കും വില ഒപ്പത്തിനൊപ്പം ആയെങ്കിലും പല സ്ഥലങ്ങളിലും ബീഫ് വില 420 പിന്നിട്ടുകഴിഞ്ഞു. പോർക്ക് ആവട്ടെ 400ൽ എത്തിനിൽക്കുന്നു. വിപണിയിൽ പന്നി ലഭ്യത കുറഞ്ഞതാണ് വിൽപനവിലയിലും പ്രതിഫലിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. പന്നിയിറച്ചിവില 400 രൂപയിലെത്തുമെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് ‘മനോരമ ഓൺലൈൻ കർഷകശ്രീ’ സൂചിപ്പിച്ചിരുന്നു.

beef-pork-price

പൊതുവെ വിപണിയിൽ ബീഫിനും പോർക്കിനും 100 രൂപയുടെ അന്തരമുണ്ടായിരുന്ന പ്രവണതയ്ക്ക് കഴിഞ്ഞ ഡിസംബറോടെയാണ് മാറ്റമുണ്ടായത്. കിലോയ്ക്ക് 280 രൂപയായിരുന്ന പോർക്ക് കഴിഞ്ഞ ക്രിസ്മസിനുശേഷം വില ഉയരുന്ന ട്രെൻഡിലായിരുന്നു. അതാണ് ഇപ്പോൾ 400 രൂപയിൽ എത്തിനിൽക്കുന്നത്. 120 രൂപയുടെ വര്‍ധന! 420 രൂപയ്ക്കും പോർക്ക് വിൽപന നടക്കുന്നുണ്ട്. ലൈവ് വിലയാവട്ടെ, ഇപ്പോൾ 200–220 രൂപയില്‍ എത്തിനിൽക്കുന്നു.

കേരളത്തിലും തമിഴ്നാട്ടിലും ഇറച്ചിപ്പന്നികളുടെ ലഭ്യത കുറഞ്ഞതാണ് വിപണിയിലെ വിലവർധനയ്ക്കു കാരണം. അതുപോലെതന്നെ പോത്തിന്റെ ലഭ്യതയും കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ബീഫിനും പോർക്കിനും വില ഉടനെ കുറയാൻ സാധ്യതയില്ല. അതേസമയം, ഇറച്ചിക്കോഴിവില 175–180 രൂപയിലാണ്. ഉയർന്ന ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുപോയതാണ് വില വിലവർധനയുടെ ഒരു കാരണം. മാത്രമല്ല, ഉഷ്ണം മൂലം കോഴിക്കു​ഞ്ഞുങ്ങൾ തീറ്റയെടുക്കാൻ മടിച്ചത് വളർച്ചയെയും ബാധിച്ചു. മേയ് 15 മുതൽ മഴ പെയ്യുന്നതിനാൽ അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞത് കുഞ്ഞുങ്ങളുടെ തീറ്റയെടുപ്പ് ഉയർത്തി. അതുകൊണ്ടുതന്നെ വളർച്ച കുറഞ്ഞു നിന്നിരുന്ന കോഴിക്കുഞ്ഞുങ്ങൾ ഇപ്പോൾ വിപണിയേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. സ്കൂൾ തുറക്കുന്ന സമയം വിൽപന പൊതുവേ കുറവുള്ള സീസണാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ കോഴിവില കുറയാൻ സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com