ADVERTISEMENT

പഠിച്ചിറങ്ങുന്ന മുഴുവൻ കുട്ടികൾക്കും പൗൾട്രി സയൻസ് മേഖലയിൽ ജോലി ഉറപ്പു വരുത്തുന്ന സ്ഥാപനമായി മാറി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ തിരുവിഴാംകുന്ന് ഏവിയൻ സയൻസ് കോളേജ്. മൂന്നു വർഷത്തെ ബിരുദപഠനം പൂർത്തിയാക്കിയ 40 വിദ്യാർഥികളിൽ പ്ലേസ്മെന്റിന് അപേക്ഷിച്ച 35 പേർക്കും രാജ്യത്തെ വിവിധ കമ്പനികളിൽ ജോലി നേടാനായതായി സ്പെഷൽ ഓഫിസർ ഡോ. എസ്.ഹരികൃഷ്ണൻ അറിയിച്ചു. അഞ്ചു പേർ ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുത്തു. 

ഇത്തവണ കോഴ്സ് കഴിഞ്ഞ് പ്ലേസ്മെന്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും എസ്കെഎം, ശാന്തി, സുഗുണ, വെങ്കടേശ്വര തുടങ്ങിയ കമ്പനികളിലാണ് ക്യാംപസ് പ്ലേസ്‌മെന്റ് ലഭിച്ചത്. കൂടാതെ ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് എംബിഎ, എംഎസ്‌സി പൗൾട്രി സയൻസ്/അനിമൽ സയൻസ്/വൈൽഡ് ലൈഫ് സ്റ്റഡീസ് എന്നിവ ഇന്ത്യയ്ക്ക് അകത്തും പുറത്തും ലഭ്യമാണ്. കോഴ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് ഉപരി പഠനത്തിനായി വെറ്ററിനറി സയൻസിനു ചേരാനുള്ള അവസരവുമുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി പൗൾട്രി സയൻസ് മേഖലയുമായി ബന്ധപ്പെട്ട ജോലികളോടൊപ്പം, വെറ്ററിനറി സർവകലാശാലയുടെയും പൗൾട്രി കോർപറേഷനിലെയും ഫാം അസിസ്റ്റന്റ് തസ്തിക, കേരള ചിക്കൻ പ്രൊജക്റ്റ്‌ എന്നിവിടങ്ങളിലും നിലവിൽ ഈ ബിരുദധാരികൾ ജോലി നോക്കുന്നുണ്ട്.

സിലബസിന്റെ 60 ശതമാനം പൗൾട്രി സയൻസ് വിഷയങ്ങളും 40 ശതമാനം ബിസിനസ് മാനേജ്മെന്റ് വിഷയങ്ങളുമാണ്. പൗൾട്രി മേഖലയിൽ പ്രവർത്തിക്കാനുള്ള നൈപുണ്യവും, അതേസമയം ഒരു സംരംഭകനായി മാറാനുള്ള കഴിവും ഒരു പോലെ വിദ്യാർഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് ഈ രണ്ടു വിഷയങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമാണ് വെറ്ററിനറി സർവകലാശാലയുടെ ഏവിയൻ സയൻസ് കോളേജ്. 

കോഴിക്കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്ന വിദ്യാർഥികൾ
കോഴിക്കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്ന വിദ്യാർഥികൾ

പ്ലസ് ടു ബയോളജി/ വിഎച്ച്എസ്‌സി പരീക്ഷകളിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് പ്രസ്തുത കോഴ്സിലേക്ക് അപേക്ഷിക്കാം. ജൂൺ പകുതിയോടെ സർവകലാശാലയുടെ വെബ്സൈറ്റ് ആയ www.kvasu.ac.in വഴി ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 45 സീറ്റിലേക്കുള്ള പ്രവേശനം സർവകലാശാല നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ്. 6 സെമെസ്റ്റർ ദൈർഘ്യമുള്ള കോഴ്സ് വർക്കിനോടൊപ്പം ഫാം ട്രെയിനിങ്,  സംരംഭകത്വ വികസനം ലക്ഷ്യമാക്കിയുള്ള ട്രെയിനിങ്, ദക്ഷിണേന്ത്യൻ പഠന യാത്ര, മൂന്നു മാസത്തെ ഇന്റേൺഷിപ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഇന്റേൺഷിപ് പ്ലേസ്‌മെന്റ് നടപടികളും കോളജ് ആരംഭിച്ചിട്ടുണ്ട്.  

400 ഏക്കറോളം വരുന്ന തിരുവിഴാംകുന്ന് കന്നുകാലി ഗവേഷകേന്ദ്രം ക്യാംപസിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. 2014ൽ ആരംഭിച്ച കോളജ് 10 വർഷം പിന്നിടുമ്പോൾ ഇന്ത്യയ്ക്കു അകത്തും പുറത്തുമായി പൗൾട്രി വ്യവസായമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുന്നൂറോളം ബിരുദധാരികളെ സൃഷ്ടിച്ചുകഴിഞ്ഞു. മൂന്നു വർഷം ദൈർഘ്യമുള്ള ബിഎസ്‌സി പിപിബിഎം (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സ് ആണ് സർവകലാശാല നേരിട്ട് നടത്തി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com