ADVERTISEMENT

ഡെയറി ഫാമിങ് മേഖലയിലും പാലുൽപന്ന മേഖലയിലും മറഞ്ഞിരിക്കുന്ന ഒരു അമൂല്യനിധിയാണ് വേ (Whey). ചീസ് നിർമാണത്തിലെ ഉപോൽപന്നമായ വേ ഇന്ന് പശുക്കളുടെ പോഷകാഹാരത്തിന്റെ ഒരു ഭാഗമാണ്. പാലുൽപാദനം വർധിപ്പിക്കാനും പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്ന ഒരു രഹസ്യായുധം എന്നും ‘വേ’യെ വിളിക്കാം. മാംസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വേയിൽ അടങ്ങിയിട്ടുണ്ട്.

എന്താണ് വേ

ചീസ് നിർമാണ പ്രക്രിയയിൽ പാൽ തൈരാക്കി അരിച്ചെടുത്ത ശേഷം ബാക്കിയാകുന്ന ദ്രാവകമാണ് വേ. ഇതിൽ പ്രധാനമായും വെള്ളം, ലാക്ടോസ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. തുടക്കത്തിൽ മാലിന്യമായി കണക്കാക്കപ്പെട്ടിരുന്ന വേ ഇപ്പോൾ ഒട്ടേറെ ഗുണങ്ങളുള്ള ഒരു അമൂല്യ വിഭവമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

എന്തുകൊണ്ടാണ് പശുക്കൾക്ക് വേ നൽകുന്നത്? 

ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങൾ ഉള്ളതുകൊണ്ടുതന്നെ പാലുൽപാദനമുള്ള പശുക്കളുടെ ആരോഗ്യത്തിനും ഉൽപാദനക്ഷമതയ്ക്കും ഉത്തമ പോഷക സ്രോതസാണ്. 

രണ്ടു തരം വേ

സ്വീറ്റ് വേ, ആസിഡ് വേ എന്നിങ്ങനെ രണ്ടു തരം വേകളുണ്ട്. അസിഡിഫിക്കേഷൻ അല്ലെങ്കിൽ ഫെർമെന്റെഷൻ (പുളിപ്പിക്കൽ) വഴി ചീസ് ഉൽപാദന സമയത്ത് ആസിഡ് വേ ഉൽപാദിപ്പിക്കപ്പെടുന്നു. ഈ ആസിഡ് വേ പലപ്പോഴും കോട്ടേജ് ചീസ് അല്ലെങ്കിൽ ഗ്രീക്ക് യോഗർട്ട് നിർമാണ പ്രക്രിയയിൽ ഒരു ഉപോൽപ്പന്നമായി ഉൽപാദിപ്പിക്കപ്പെടുന്നു. റെനെറ്റ് ഉറകൂടൽ വഴി ചീസ് ഉൽപ്പാദിപ്പിക്കുമ്പോൾ സ്വീറ്റ് വേ ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് സാധാരണയായി പശുക്കൾക്കും മറ്റും ഒരു ഫീഡ് സപ്ലിമെന്റായി ഉപയോഗിക്കുന്നു. പ്രധാനമായും ചെഡ്ഡാർ ചീസ് അല്ലെങ്കിൽ സ്വിസ് ചീസ് എന്നിവയിൽ നിന്നുള്ള സ്വീറ്റ് വേ റുമിനന്റുകൾക്ക് ആസിഡ് വേയേക്കാൾ നല്ലതാണ്. ഊർജത്തിന്റെയും മാംസ്യത്തിന്റെയും അളവ് കണക്കാക്കിയാൽ ഒരു കിലോ വേയുടെ പോഷക മൂല്യം 71 കിലോ ബാർലി ധാന്യത്തിന് സമമാണ്. 

സ്വീറ്റ് വേ ദ്രാവകരൂപത്തിൽത്തന്നെയാണ് പശുക്കൾക്ക് നൽകാറുള്ളത്. പാലുൽപാദനമുള്ള ഒരു പശുവിന് ദിവസവും 12-20 ലീറ്റർ എന്ന തോതിൽ സ്വീറ്റ് വേ വെള്ളമായി നൽകാം. അതിലൂടെ പാലുൽപാദനം ഗണ്യമായി വർധിപ്പിക്കാൻ കഴിയും. കന്നുകാലികൾക്കുള്ള ദ്രാവക വേ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • ഘട്ടം ഘട്ടമായി വേണം വേയുടെ അളവ് ഉയർത്താൻ (ആരംഭത്തിൽ 20% വേ, 80% വെള്ളം. മൂന്നു ദിവസം കൂടുമ്പോൾ 20% വീതം വർധിപ്പിക്കാം)
  • വേയിലെ അംമ്ലക്ഷാരനില 5.5–6 ആയിരിക്കണം. 4ന് താഴെയാകാൻ പാടില്ല. 

വിലാസം

പി.ശ്രുതിലയ രാജ്കോളജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി, കോലാഹലമേട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com