ADVERTISEMENT

പശുക്കുട്ടികൾക്കു ശരിയായ അളവിൽ പോഷകാഹാരം കൊടുക്കുന്നത് അവയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായിക്കുന്നു. പോഷകാഹാരക്കുറവ് ഭാവിയിലെ ഉൽപാദനക്കുറവിന് കാരണമാകും. അതുകൊണ്ടുതന്നെ പശുക്കുട്ടികൾക്ക് പോഷഹാകാരക്കുറവു മൂലമുള്ള പ്രശ്നങ്ങൾ ക്ഷീരകർഷകർ മനസിലാക്കേണ്ടതുണ്ട്. 

പരമപ്രധാനം കൊളസ്ട്രം

  • ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കന്നുകുട്ടിക്ക് പരമാവധി കൊളസ്ട്രം (കന്നിപ്പാൽ) നൽകിയിരിക്കണം.
  • ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 3-4 തവണയായി നൽകാം.
  • കന്നിപ്പാൽ ലഭിക്കുന്നതിലൂടെ കന്നുകുട്ടികൾക്ക് രോഗ പ്രതിരോധശേഷി ലഭിക്കുന്നു. 
  • കൊളസ്ട്രത്തിൽ 4-5 മടങ്ങ് പ്രോട്ടീൻ, 10 ​​മടങ്ങ് വിറ്റാമിൻ എ, ധാരാളം മിനറൽസ് എന്നിവ അടങ്ങിയിരിക്കുന്നു.

പാലിനു ബദൽ

ഒരു പശുക്കുട്ടിക്ക് ഒരു ദിവസം ശരാശരി 4 ലീറ്റർ പാലെങ്കിലും നൽകിയാൽ മാത്രമേ അവയ്ക്ക് ശരിയായ വളർച്ച ലഭിക്കൂ. ജനിച്ചുവീഴുന്ന ശരീര തൂക്കത്തിന്റെ പത്തു ശതമാനമായിരിക്കണം അത്. സ്ഥിരമായി പാൽ നൽകി വളർത്തുന്നത് ലാഭകരമല്ലാത്തിനാൽ പല കർഷകരും കന്നുകുട്ടികളെ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ, പാലിനേക്കാൾ കുറഞ്ഞ വിലയിൽ കന്നുകുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന ബദൽ പാലുകൾ ഇന്ന് വിപണിയിൽ ഉണ്ട്. കൊഴുപ്പ് നീക്കം ചെയ്ത പാൽപ്പൊടി, സോയാബീൻ, നിലക്കടല, ഭക്ഷ്യ എണ്ണകൾ, ധാന്യങ്ങൾ, വിറ്റാമിനുകൾ, ധാതു മിശ്രിതം, പ്രിസർവേറ്റീവുകൾ മുതലായവ ഉപയോഗിച്ച് തയാറാക്കുന്ന മിൽക്ക് റീപ്ലേസറുകൾ ഇന്ന് കർഷകരെ കുറഞ്ഞ ചെലവിൽ കന്നുകുട്ടികളെ വളർത്തിയെടുക്കാൻ സഹായിക്കുന്നു.

ചൂടുവെള്ളം ഉപയോഗിച്ചാണ് മിൽക്ക് റീപ്ലേസർ തയാറാക്കുന്നത്. കുട്ടിക്കുന്ന നൽകുന്ന ഈ പാൽ മിശ്രിതത്തിന് 37 ഡിഗ്രി സെൽഷസിനു മുകളിൽ ചൂട് ഉയരാൻ പാടില്ല. ഒരാഴ്ച പ്രായം പിന്നിടുമ്പോൾ നിലവാരമുള്ള കാഫ് സ്റ്റാർട്ടർ ചെറിയ തോതിൽ നൽകിത്തുടങ്ങാം. ഒപ്പം അൽപം വൈക്കോലോ എളുപ്പം ദഹിക്കുന്ന പുല്ലോ അരിഞ്ഞു നൽകാം. ക്രമേണ അളവ് ഉയർത്തുകയും വേണം. ആറു മാസത്തിനു ശേഷം കാഫ് സ്റ്റാർട്ടറിനു പകരം കിടാരി തീറ്റ നൽകിത്തുടങ്ങാം.

ആരോഗ്യമുള്ള പശുക്കുട്ടികൾക്ക്

  • പ്രസവിച്ച ഉടനെ കുട്ടിയുടെ മൂക്കും വായയും വൃത്തിയാക്കുക.
  • കുട്ടിക്ക് സുഖമായി ശ്വസിക്കാൻവേണ്ടി നെഞ്ചിൽ മൃദുവായി മസാജ് ചെയ്യുക. ശരീരം മുഴുവൻ ശരിയായി വൃത്തിയാക്കുക.
  • രണ്ടു വിരലുകൾ നാവിൽ വയ്ക്കുക, ഇതു കുട്ടിയെ പാൽ കുടിക്കാൻ പ്രേരിപ്പിക്കും.
  • പൊക്കിൾകൊടി നൂൽകൊണ്ട് കെട്ടിയശേഷം ബാക്കി ഭാഗം മുറിച്ചു കളയണം. അണുബാധ ഒഴിവാക്കാൻ വേണ്ടി ടിഞ്ചർ അയഡിൻ പുരട്ടുക.
  • ജനിച്ച് പരമാവധി നേരത്തെ പശുക്കുട്ടിക്കു കൊളസ്ട്രം കൊടുക്കുക.
  • കൃത്യമായ ഇടവേളകളിൽ വിരമരുന്നു നൽകണം.
  • ഒരാഴ്ച പ്രായം പിന്നിടുമ്പോൾ മുതൽ പശുക്കിടാക്കൾക്ക് കാഫ് സ്റ്റാർട്ടർ നൽകിത്തുടങ്ങാം

വിലാസം

പി.നജ്വ, കോളജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി,കോലാഹലമേട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com