അയൽവാസി അടുക്കളഭാഗം പുതുക്കിയപ്പോൾ എന്റെ പുരയിടത്തിലേക്കു മലിനജലം: എന്തു ചെയ്യണം?
Mail This Article
? എന്റെ വീടിനടുത്തായി എന്റെ പുരയിടത്തോടു ചേർന്നാണ് അയൽവീട്. ഈയിടെ അവർ അടുക്കളഭാഗം പുതുക്കി വിശാലമാക്കിയപ്പോൾ എന്റെ മതിലിനോടു തൊട്ടാണ് മലിനജലം പുറത്തേക്കു വരുന്നത്. കനം കുറഞ്ഞ മതിൽഭിത്തിയുടെ ഒരു ഭാഗം വെള്ളം വീണുവീണ് അടർന്നുപോയി. അരമതിലായതിനാൽ ദുർഗന്ധവും അനുഭവപ്പെടുന്നു, അയൽവസ്തുവിന്റെ അതിരിൽനിന്നു നിശ്ചിതദൂരം മാറ്റിയേ നിർമാണപ്രവൃത്തികൾ നടത്താവൂ എന്ന നിയമമുള്ളതായി കേൾക്കുന്നു. വിശദീകരിക്കുമോ.
മാത്യു തോമസ്, ആറ്റിങ്ങൽ
കെട്ടിടനിർമാണം സംബന്ധിച്ച് 2011ൽ പഞ്ചായത്തടിസ്ഥാനത്തിലും 1999ൽ മുനിസിപ്പാലിറ്റിയുടെ അധികാരപരിധിക്കുള്ളിലും പ്രത്യേകം ചട്ടങ്ങൾ നടപ്പിൽവരുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പുറകുവശത്തും മുൻവശത്തും എത്രമാത്രം സ്ഥലം ഒഴിച്ചിടണമെന്ന് ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ രണ്ടു വശങ്ങളിലും സ്ഥലം ഒഴിച്ചിടണം. ചട്ടങ്ങൾക്കു വിരുദ്ധമായ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. നിങ്ങൾ അവിടെ പരാതിപ്പെടുക. പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാം. മതിൽ ഇടിഞ്ഞുപോയതിന് നഷ്ടപരിഹാരവും ആവശ്യപ്പെടാം.