മീൻ പിടിക്കുന്നവരെ പിന്നിലാക്കി മീൻ വളർത്തി പിടിക്കുന്നവർ: ലോകത്തുള്ളത് രണ്ടു തരം ഫിഷറീസ്
Mail This Article
മീൻ പിടിക്കുന്നവരും മീൻ വളർത്തിപിടിക്കുന്നവരും തമ്മിൽ ഒരു മത്സരമുണ്ടെങ്കിൽ മാനവചരിത്രത്തിലാദ്യമായി മീൻ വളർത്തുന്നവർ മുൻപിലെത്തിയിരിക്കുന്നു. മീൻ പിടിക്കൽ അഥവാ ഫിഷറീസിനെ പൊതുവെ രണ്ടായി തിരിക്കാം. ക്യാപ്ച്ചർ ഫിഷറീസും കൾച്ചർ ഫിഷറീസും. വിത്തും വളവും തീറ്റയുമൊന്നും കൊടുക്കാതെ കടൽ മുതൽ കുളം വരെയുള്ള ജലസ്രോതസ്സുകളിൽ നിന്നും മീൻ പിടിച്ചാൽ അത് ക്യാപ്ചർ ഫിഷറീസാണ്. എന്നാൽ കൃഷി പോലെ വിത്തും തീറ്റയും നല്ല പരിപാലനവുമൊക്കെ നടത്തി മീനുകളെ വളർത്തി പിടിച്ചാൽ അതിനെ കൾചർ ഫിഷറീസ് അല്ലെങ്കിൽ അക്വാകൾചർ അല്ലെങ്കിൽ ജലക്കൃഷിയെന്നു വിളിക്കാം. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് 2022 വർഷത്തിൽ അക്വാകൾചർ, ക്യാപ്ചർ ഫിഷറീസിനെ കടത്തിവെട്ടിയിരിക്കുന്നു. അതായത് ലോകം ഇന്നുപയോഗിക്കുന്ന മത്സ്യസമ്പത്തിലധികവും മനുഷ്യർ കൃഷി ചെയ്തുണ്ടാക്കുന്നതാണ്.
Also read: താപനില 8 ഡിഗ്രി, തീറ്റയെടുക്കല്‍ നിര്‍ത്തി മത്സ്യങ്ങള്‍; വയനാട്ടിലെ മത്സ്യക്കൃഷിയുടെ അവസ്ഥ
ഫിഷറീസ് ആൻഡ് അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഭക്ഷ്യകാർഷിക സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് 2022ൽ ലോകത്തിലെ മൊത്തം മത്സ്യോൽപാദനം 185 ദശലക്ഷം ടണ്ണാണ്. ഇതിൽ മത്സ്യകൃഷിയിലൂടെ ലഭിച്ചത് 94.4 ദശലക്ഷം ടണ്ണായിരുന്നപ്പോൾ പരമ്പരാഗത മത്സബന്ധനത്തിൽ നിന്നുള്ളത് 91 ദശലക്ഷം ടണ്ണിലൊതുങ്ങി ( 2021ൽ 91.6 ദശലക്ഷം). പരമ്പരാഗത മാനവചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിദഗ്ധർ ഇതിനെ കണക്കാക്കുന്നു.
കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി പ്രകൃതി നൽകുന്ന മത്സ്യത്തിന്റെ അളവിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന വിഭവങ്ങൾക്ക് പരിധിയുണ്ടെന്നതു തന്നെയാണ് കാരണം. മീനിന്റെ കാര്യത്തിലും പിടിക്കാവുന്നതിന്റെ പരമാവധി നമ്മൾ പിടിക്കുന്നുണ്ട് എന്നു പറയാം. ഒമേഗ 3 ഉൾപ്പടെയുള്ള സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയ മത്സ്യത്തിനുള്ള ആവശ്യം ലോകമെമ്പാടും വർധിച്ചുവരികയാണ്. മത്സ്യകൃഷിയുടെ പരിസ്ഥിതികാഘാതവും താരതമ്യേന കുറവായാണ് കണക്കാക്കപ്പെടുന്നത്. പ്രകൃത്യാ ലഭിക്കുന്ന മത്സ്യസമ്പത്ത് ആവശ്യത്തിനു തികയാതെ വരുന്നതോടെ ലോകമെമ്പാടും മത്സ്യകൃഷിക്കു പ്രചാരം വർധിക്കുന്നുണ്ട്. 2021ൽ മത്സ്യകൃഷിയിൽ നിന്നുള്ള വിളവെടുപ്പ് 91.1 ദശലക്ഷം ടണ്ണായിരുന്നതാണ് 2022 ൽ 94.4 ദശലക്ഷം ടണ്ണിലെത്തിയിരിക്കുന്നത്. മത്സ്യകൃഷിയുടെ 90 ശതമാനത്തിലധികം ഏഷ്യയുടെ സംഭാവനയാണ്. ഉൽപാദനത്തിന്റെ 90 ശതമാനവും ഭക്ഷണാവശ്യത്തിനായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. പെറുവിയൻ നത്തോലി, സ്കിപ്പ് ജാക്ക് ട്യൂണ, അലാസ്കൻ പൊള്ളോക്ക് എന്നിവയാണ് ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന മത്സ്യങ്ങൾ. ശുദ്ധജല കാർപ്പുകൾ, കൊഞ്ച്, ചെമ്മീൻ, കക്ക, തിലാപ്പിയ എന്നിവയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു.