ADVERTISEMENT

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികൾ. കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കും പുതിയ വിളയിനങ്ങൾ പുറത്തിറക്കാനും പ്രകൃതിക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. കൂടാതെ പയർവർഗ വിളകളുടെ ഉൽപാദനം വർധിപ്പിക്കുക, പച്ചക്കറി ഉൽപാദനം ഉയർത്തി വിതരണ ശൃഖല മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.

ഉൽപാദനക്ഷമത കൂടിയതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതുമായ വിളകൾ വികസിപ്പിച്ചെടുക്കുന്നതിനായുള്ള ഗവേഷണത്തിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലയിലെ ഗവേഷകർക്ക് ഒരുപോലെ ഈ ദൗത്യത്തിൽ പങ്കാളികളാകാൻ കഴിയും.

അത്യുൽപാദനശേഷിയുള്ളതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതുമായ 32 ധാന്യവിളകൾ ഉൾപ്പെടെ 109 പുതിയ വിളകൾ കർഷകർക്കായി വൈകാതെ പുറത്തിറക്കും. 

അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് പ്രകൃതിക്കൃഷിയിലേക്ക് ഒരു കോടി കർഷകരെ ആകർഷിക്കും. ഇവർക്ക് സർട്ടിഫിക്കേഷൻ,  ബ്രാൻഡിങ് പിന്തുണയുണ്ടായിരിക്കും. താൽപര്യമുള്ള പഞ്ചായത്തുകൾ വഴിയായിരിക്കും പ്രധാനമായും പദ്ധതി നടപ്പാക്കുക.

പയർവർഗ വിളകൾ, എണ്ണക്കുരു എന്നിവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം സംഭരണം, മാർക്കറ്റിങ് എന്നിവ വിപുലപ്പെടുത്തും. അതുപോലെ പച്ചക്കറി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ പച്ചക്കറിയുൽപാദനത്തിനായി ക്ലസ്റ്ററുകൾ രൂപീകരിക്കും. സംഭരണം, മാർക്കറ്റിങ് എന്നിവയ്ക്കായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്‌പിഒ), കോ–ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ് എന്നിവയ്ക്ക് സഹായം നൽകും.

കൊഞ്ചിന്റെ ന്യൂക്ലിയസ് ബ്രീഡിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനായി സാമ്പത്തിക സഹായം. നബാർഡ് വഴിയായിരിക്കും ഇതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com