ADVERTISEMENT

മലനിരകളിൽ ഏലക്ക വിളവെടുപ്പ്‌ ഊർജിതമായതോടെ സെപ്‌റ്റംബറിലെ അവസാനലേലത്തിൽ ഒന്നര ലക്ഷം കിലോ ചരക്കെത്തിയെങ്കിലും ഇന്നത്തെ ലേലത്തിൽ വരവ്‌ 30,555 കിലോയിൽ ഒതുങ്ങി. കയറ്റുമതി സമൂഹവും ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരണത്തിന്‌ ഉത്സാഹിച്ചത്‌ ശരാശരി ഇനങ്ങളെ കിലോ 2285 രൂപയിലേക്കും മികച്ചയിനങ്ങളെ 2594 രൂപയിലേക്കും ഉയർത്തി. വരും ദിനങ്ങളിൽ ലഭ്യത ഉയരുമെന്നാണ്‌ കാർഷിക മേഖലയിൽനിന്നുള്ള വിവരം.   

ഉത്സവ ഡിമാൻഡിൽ കുതിച്ചുകയറിയ കൊപ്രവിലയിൽ ഇടിവ്‌. തമിഴ്‌നാട്ടിൽ വാങ്ങൽ താൽപര്യം ചുരുങ്ങിയതോടെ കൊപ്ര വിറ്റുമാറാൻ സ്‌റ്റോക്കിസ്‌റ്റുകൾ തിടുക്കം കാണിച്ചു. ഇന്നലെ 700 രൂപയുടെ ഇടിവ്‌ നേരിട്ട കാങ്കയത്ത്‌ ഇന്ന്‌ കൊപ്ര വില വീണ്ടും കുറഞ്ഞ്‌ ക്വിന്റലിന്‌ 12,900 രൂപയായി. ഇതിന്റെ ചുവടുപിടിച്ച്‌ കൊച്ചിയിൽ കൊപ്ര 13,000 രൂപയിലേക്ക്‌ താഴ്‌ന്നു. 

 കുരുമുളകു വിപണി രണ്ടാഴ്‌ച്ചത്തെ തളർച്ചയ്‌ക്കു ശേഷം സ്ഥിരത കൈവരിക്കുന്നു. ദീപാവലി മുന്നിൽ കണ്ടുള്ള ഉത്തരേന്ത്യൻ വാങ്ങൽ തളർച്ചയെ മറികടക്കാൻ ഉപകരിക്കുമെന്ന നിഗമനത്തിലാണ്‌ കാർഷിക മേഖല. അൺ ഗാർബിൾഡ്‌ കുരുമുളക്‌ കിലോ 645 രൂപയായി ഉയർന്നു. കൊച്ചിയിൽ 32 ടൺ ചരക്ക്‌ മാത്രമാണ്‌ വിൽപ്പനയ്‌ക്ക്‌ വന്നത്‌.

കാലാവസ്ഥ അനുകൂലമായതോടെ കർഷകർ റബർ ഉൽപാദനം പരമാവധി ഉയർത്താനുള്ള ശ്രമത്തിലാണ്‌. മെച്ചപ്പെട്ട വില അവസരമാക്കാൻ ചെറുകിട കർഷകർ തോട്ടങ്ങളിൽ പുലർച്ച തന്നെ ടാപ്പിങിന്‌ ഉത്സാഹിച്ചു. നാലാം ഗ്രേഡ്‌ കിലോ 224 രൂപ.  ഒരാഴ്‌ച്ച നീളുന്ന ദേശീയ അവധി മൂലം ചൈനീസ്‌ റബർ വിപണി പ്രവർത്തിച്ചില്ല. വൻകിട വ്യവസായികളുടെ അഭാവം രാജ്യാന്തര വിപണിയെ ബാധിക്കാം.

വെളിച്ചെണ്ണ (19,400)

കുരുമുളക്‌ ഗാർബിൾഡ്‌ (66,500)

ഒട്ടുപാൽ (14,400)

ലാറ്റക്‌സ്‌(13,300)

ജാതിക്ക തൊണ്ടില്ലാത്ത്‌ (450 - 500) 

ഗ്രാമ്പൂ (800-890)

പുഴുക്കലരി  ജയ (4200- 5000)

പഞ്ചസാര (4200)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com