ADVERTISEMENT

വയനാട്ടിലെ മുണ്ടക്കൈയിലെയും ചുരൽമലയിലെയും ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) കേരള വെറ്ററിനറി ഡോക്ടർമാരിൽനിന്നും സമാഹരിച്ച തുക  മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്കു കൈമാറി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 1 മുതൽ 7 വരെ ഒരാഴ്ച മാത്രം നീണ്ട ക്യാംപെയ്നിലൂടെ 15,07,703 രൂപയാണ് ഐവിഎ ആകെ സമാഹരിച്ചത്. ഈ തുകയിൽ നിന്നും 63,092 രൂപ നേരിട്ടുള്ള പ്രവർത്തനങ്ങൾക്കായി സംഘടന വിനിയോഗിച്ചു. 

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അവശ്യസാധനങ്ങളും ലഭ്യമാക്കൽ, ദുരന്തത്തിൽനിന്നും രക്ഷപ്പെടുത്തിയ വളർത്തുമൃഗങ്ങൾക്ക് അടിയന്തര ചികിത്സ, ആരോഗ്യ ക്യാമ്പുകൾ, മരുന്നുകളും തീറ്റയും ലഭ്യമാക്കൽ തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങളാണ് ഐവിഎ കേരളയുടെ നേതൃത്വത്തിൽ ദുരന്തമേഖലയിൽ നടന്നത്.

ബാക്കി നീക്കിയിരിപ്പുള്ള 14,44,611 രൂപയാണ് വയനാട്ടിൽ സർക്കാർ നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി കൈമാറിയത്.

സർക്കാർ നടപ്പിലാക്കുന്ന പുനരധിവാസപദ്ധതികളിൽ മൃഗസംരക്ഷണമേഖലയിലെ പദ്ധതികൾക്കു കൂടുതൽ പരിഗണന നൽകണമെന്നും, മൃഗസംരക്ഷണ മേഖലയിലെ പുനരുജ്ജീവനപ്രവർത്തനങ്ങൾക്കും കർഷകസഹായ പാക്കേജിനും ഈ തുക വിനിയോഗിക്കണമെന്നുമുള്ള അഭ്യർഥനയും ഐവിഎ കേരള സർക്കാരിന് സമർപ്പിച്ചു. 

തിരുവനന്തപുരത്തു നിയമസഭാമന്ദിരത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഐവിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.ഉഷാറാണി ചെക്ക് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.ജയരാജ്, ട്രഷറർ ഡോ. എം.മുഹമ്മദ് ആസിഫ്, തിരുവനന്തപുരം ഐവിഎ യൂണിറ്റ് പ്രസിഡന്റ് ഡോ. ബീനാ ബീവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com