ADVERTISEMENT

രാജ്യാന്തര റബർ വിപണിയിലെ വിലത്തകർച്ച മുഖ്യ ഉൽപാദകരാജ്യങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഒരാഴ്‌ച നീണ്ട അവധിക്കു ശേഷം ഇടപാടുകൾ പുനരാരംഭിച്ച ചൈനീസ്‌ മാർക്കറ്റിലെ വിൽപ്പന സമ്മർദ്ദം ഏഷ്യൻ വിപണികളെ മൊത്തത്തിൽ പിടിച്ചുലച്ചു. യൂറോപ്യൻ യൂണിയൻ വനനശീകരണ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച ആശങ്കകൾ ജപ്പാനിലെ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ അവധി വിലകളെ സ്വാധീനിച്ചു. ഇതിനിടെ മുൻനിര റബർ ഉപയോക്താവായ ചൈനയുടെ ഉത്തേജക നടപടികൾ ഊഹക്കച്ചവടക്കാരെ വിൽപ്പനക്കാരുമാക്കി. സിംഗപ്പൂരിൽ ഇന്ന്‌ റബർവില നാലര ശതമാനം ഇടിഞ്ഞു. ബാങ്കോക്കിൽ കിലോ 235 രൂപയിലേക്കു താഴ്‌ന്നു. വിദേശത്തെ പ്രതികൂല വാർത്തകളെത്തുടർന്ന്‌ ഇന്ത്യൻ വിപണിയിൽ നാലാം ഗ്രേഡ്‌ കിലോ 207 രൂപയിൽ കൈമാറി.  

ശൈത്യകാലത്തിനു തുടക്കം കുറിക്കുന്നതോടെ വിലക്കയറ്റം പ്രതീക്ഷിച്ചു ചുക്ക്‌ സംഭരിച്ച ഉൽപാദകരെ വിലയിടിവ്‌ ഞെട്ടിച്ചു. വിവിധയിനം ചുക്ക്‌ വില ഉറ്റയടിക്കു ക്വിന്റലിന്‌ 3000 മുതൽ 6000 രൂപ വരെ താഴ്‌ന്നു. മീഡിയം ചുക്ക്‌ 30,000 രൂപയായും ബെസ്റ്റ്‌ ചുക്ക്‌ 35,000 രൂപയായും കുറഞ്ഞത്‌ വലിയോരു വിഭാഗം സ്റ്റോക്കിസ്റ്റുകൾക്ക്‌ കനത്ത തിരിച്ചടിയാണ്‌. ഉത്തരേന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ചുക്ക്‌ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമെന്നു വാങ്ങലുകാരുടെ പക്ഷം. അതേസമയം ദീപാവലി കഴിയുന്നതോടെ ചുക്കിന്‌ ഉത്തരേന്ത്യയിൽനിന്നുള്ള ശൈത്യകാല ഓർഡറുകൾ പതിവു പോലെ എത്തിയാൽ പ്രതിസന്ധി മറികടക്കാനാവും.  

ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ്‌ ഉയർന്നു. വിളവെടുപ്പ്‌ പുരോഗമിക്കുന്നതിനൊപ്പം പുതിയ ചരക്കു സംസ്‌കരിച്ച്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കാനും ഉൽപാദകർ ഉത്സാഹിക്കുന്നുണ്ട്‌. ഉൽപാദന കേന്ദ്രങ്ങളിൽ പച്ച ഏലക്ക ശേഖരിക്കുന്നവരും നിലയുറപ്പിച്ചിട്ടുണ്ട്‌. ഇന്നത്തെ ലേലത്തിൽ 71,848 കിലോ ചരക്ക്‌ വിൽപ്പനക്കു വന്നതിൽ 66,481 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങൾ 2679 രൂപയിലും ശരാശരി ഇനങ്ങൾ 2217 രൂപയിലും കൈമാറി. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും രംഗത്ത്‌ സജീവമായിരുന്നു. 

സംസ്ഥാനത്ത്‌ കുരുമുളകുവില തുടർച്ചയായ അഞ്ചാം  ദിവസവും സ്റ്റെഡി. നാടൻ ചരക്ക്‌ ആവശ്യമുള്ള അന്തർസംസ്ഥാന വ്യാപാരികൾ വിലക്കയറ്റത്തെ പിടിച്ചുനിർത്തി ചരക്ക്‌ സംഭരിക്കുകയാണ്‌. ദീപാവലി മുന്നിൽക്കണ്ടുള്ള വാങ്ങലുകൾ പുരോഗമിക്കുന്നു. അൺ ഗാർബിൾഡ്‌ കുരുമുളക്‌ കിലോ 646 രൂപ.

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200

കുരുമുളക്‌

  • ഗാർബിൾഡ്‌: 66,600
  • അൺഗാർബിൾഡ്‌ : 64,600
  • പുതിയ കുരുമുളക്‌ :  63,600

ചുക്ക്

  • മീഡിയം: 30,000
  • ബെസ്റ്റ്: 35,000

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 550 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 20,000-20,500
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌:  20,700
  • ഒട്ടുപാൽ: 13,600
  • ലാറ്റക്‌സ്‌: 13,200
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com