ADVERTISEMENT

ആഭ്യന്തര വാങ്ങലുകാരുടെ അഭാവത്തിൽ കുരുമുളക്‌ കുടുതൽ പരുങ്ങലിലേക്ക്‌. അന്തർ സംസ്ഥാന ഇടപാടുകാർ ചരക്ക്‌ സംഭരണത്തിൽ വരുത്തിയ നിയന്ത്രണം വിപണിയുടെ താളം തെറ്റിച്ചതോടെ മൂന്നു ദിവസം കൊണ്ട്‌ ക്വിന്റലിന്‌ 900 രൂപ ഇടിഞ്ഞു. അതേസമയം ഇടുക്കി, വയനാട്‌ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും നാടൻ മുളകുവരവ്‌ കൊച്ചിയിൽ കുറഞ്ഞ അളവിലാണ്‌. വിൽപ്പനക്കാരുടെ അഭാവത്തിനിടെ ഇറക്കുമതി ചരക്ക്‌ ദക്ഷിണേന്ത്യൻ മുളകുമായി കലർത്തി വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നവർ രംഗത്തുണ്ട്‌. ഇതിനിടയിൽ ഇറക്കുമതി സംബന്ധിച്ച്‌ ഊതിപ്പെരുപ്പിച്ച കണക്കുകൾ പുറത്തുവിട്ട്‌ ഉൽപാദകരെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങൾ അരങ്ങേറുന്നുണ്ട്‌. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില ക്വിന്റലിന്‌ 63,200 രൂപയായി താഴ്‌ന്നു. 

സംസ്ഥാനത്ത്‌ പകൽ താപനില കുറഞ്ഞത്‌ റബർ മരങ്ങളിൽനിന്നുള്ള യീൽഡ്‌ ഉയർത്തും. മഴ മൂലം തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ടാപ്പിങ്‌ മുടങ്ങിയത്‌ ഉൽപാദകർക്ക്‌ തിരിച്ചടിയായി. റെയിൽ ഗാർഡ്‌ ഇട്ട തോട്ടങ്ങളിൽ തുലാവർഷത്തിൽ വെട്ടുമായി മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ്‌ റബർ കർഷകർ. തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തുനിന്നും വിടവാങ്ങുകയാണ്‌, അടുത്ത ഏതാനും ദിവസങ്ങളിൽ തുലാവർഷത്തിനു തുടക്കം കുറിക്കുന്നതോടെ രാത്രി മഴയ്‌ക്ക്‌ സാധ്യത. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ റബർ കിലോ 197 രൂപയിൽ വ്യാപാരം നടന്നു. 

പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പനതോത്‌ ചുരുങ്ങി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ വെളിച്ചെണ്ണ വിലയിലെ വർധന വിൽപ്പനയെ ബാധിച്ചതായി വ്യാപാരികൾ. ഓണ ഡിമാൻഡിനിടയിലും കിലോ 200 രൂപയിൽ താഴ്‌ന്ന്‌ ഇടപാടുകൾ നടന്ന വെളിച്ചെണ്ണ ഇതിനകം 240ലേക്ക്‌ ഉയർന്നു. നവരാത്രി കഴിഞ്ഞ സാഹചര്യത്തിൽ ഇനി തിരക്കിട്ട്‌ കൊപ്ര വില  ഉയർത്തുന്നതിനോട്‌ മില്ലുകാർ യോജിക്കുന്നില്ല. അതേസമയം പച്ചത്തേങ്ങ ക്ഷാമം കൊപ്ര വില ഉയർന്ന തലത്തിൽ നീങ്ങാൻ അവസരം ഒരുക്കും. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ 19,400 രൂപയിൽ സ്റ്റെഡിയാണ്‌. 

ഹൈറേഞ്ചിൽ പുതിയ ഏലക്ക ലഭ്യത കണ്ട്‌ ലേല കേന്ദ്രങ്ങളിൽ വാങ്ങലുകാരുടെ സാന്നിധ്യം വർധിച്ചു. ഉത്സവ സീസണായതിനാൽ ആഭ്യന്തര ഇടപാടുകാൾ മത്സരിച്ച്‌ ചരക്ക്‌ സംഭരിച്ചു. നെടുങ്കണ്ടത്ത്‌ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 3236 രൂപയിലും ശരാശരി ഇനങ്ങൾ 2271 രൂപയിലും കൈമാറി. കയറ്റുമതി മേഖലയിൽ നിന്നും വലുപ്പം കൂടിയവയ്‌ക്ക്‌ ഡിമാൻഡ് ഉണ്ട്‌.

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200

കുരുമുളക്‌

  • ഗാർബിൾഡ്‌: 65,200
  • അൺഗാർബിൾഡ്‌ : 63,200
  • പുതിയ കുരുമുളക്‌ :  62,200

ചുക്ക്

  • മീഡിയം: 30,000
  • ബെസ്റ്റ്: 35,000

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 525 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 18,700-19,300
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌: 19,700
  • ഒട്ടുപാൽ: 12,800
  • ലാറ്റക്‌സ്‌: 12,600   
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com